13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക്; ഡിഎൻഎ വേൾഡ് ടൂറുമായി ബാക്ക്‌സ്ട്രീറ്റ് ബോയ്സ്
തൊണ്ണൂറുകളിലെ പാശ്ചാത്യ സംഗീതപ്രേമികളുടെ ഊർജമായിരുന്ന ബാക്ക്‌സ്ട്രീറ്റ് ബോയ്സ് 13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ബാൻഡ് സംഘടിപ്പിക്കുന്ന ഡിഎൻഎ വേൾഡ് ടൂറിന്റെ ഭാഗമായി മെയ് 4, 5 തീയതികളിലാണ് സംഘം ഇന്ത്യയിൽ എത്തുക. മുംബൈയിലെ ജിയോ വേൾഡ് ഗാർഡനിലും ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലുമാണ് 'ബാക്ക്‌സ്ട്രീറ്റ് ബോയ്സ്: ഡിഎൻഎ വേൾഡ് ടൂർ' നടക്കുക. അമേരിക്കൻ ഇവന്റ്റ് മാനേജ്‌മെന്റ്റ് ഗ്രൂപ്പായ ലൈവ് നേഷനും പ്രമുഖ സിനിമാ ബുക്കിങ് ബ്രാൻഡായ ബുക്ക് മൈ ഷോയും ചേർന്നാണ് സംഘത്തെ ഇന്ത്യയിലെത്തിക്കുന്നത്. വിവരം ബുക്ക് മൈ ഷോ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. പരിപാടിയുടെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ മാത്രമാണ് ലഭ്യമാകുക.
എജെ മക്ലീൻ, ഹോവി ഡൊറോ, കെവിൻ റിച്ചാർഡ്സൺ, നിക്ക് കാർട്ടർ, ബ്രയാൻ ലിട്രെൽ എന്നിവർ ചേർന്ന് 1993ൽ രൂപീകരിച്ച ബാക്ക്‌സ്ട്രീറ്റ് ബോയ്സ് 2010ലാണ് അവസാനമായി ഇന്ത്യയിൽ എത്തിയത്. 2019ൽ ആരംഭിച്ച ഡിഎൻഎ വേൾഡ് ടൂർ ഇത്തവണ മെയ് 1 ന് ഈജിപ്തിൽ ആരംഭിക്കും. തുടർന്ന് ഇന്ത്യ, യുഎഇ, ബഹ്റൈൻ, സൗദി അറേബ്യ, ഇസ്രായേൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെത്തും. ഐ വാണ്ട് ഇറ്റ് ദാറ്റ് വേ, എവ്‌രിബഡി (ബാക്ക് സ്ട്രീറ്റ്സ് ബാക്ക്), ഏസ് ലോങ് ഏസ് യു ലവ് മി തുടങ്ങിയ ഹിറ്റുകളും ഡോണ്ട് ഗോ ബ്രേക്കിങ് മൈ ഹാർട്ട്, ചാൻസസ്, നോ പ്ലേസ് എന്നിവയുൾപ്പെടെ അവരുടെ ഏറ്റവും പുതിയ ആൽബമായ ഡിഎൻഎയിലെ ഹിറ്റ് ഗാനങ്ങളും ടൂറിന്റെ ഭാഗമായി അവതരിപ്പിക്കും.
ആരാധകർക്ക് പര്യടനത്തിന്റെ മുന്നൊരുക്കങ്ങൾ കാണിക്കുന്നതിനായി ബാൻഡ് കഴിഞ്ഞ വർഷം അവരുടെ പുതിയ ഡോക്യുമെന്ററി പരമ്പരയായ "മേക്കിങ് ഓഫ് ദി ഡിഎൻഎ ടൂർ" ന്റെ ആദ്യ എപ്പിസോഡ് പുറത്തിറക്കിയിരുന്നു.