അവശേഷിക്കുന്നവരാൽ അസ്വസ്ഥമായ മെട്രോ ന​ഗരം, 'ബാക്കി വന്നവരി'ലേക്ക് ഒരിക്കൽ കൂടി

അവശേഷിക്കുന്നവരാൽ അസ്വസ്ഥമായ മെട്രോ ന​ഗരം, 'ബാക്കി വന്നവരി'ലേക്ക് ഒരിക്കൽ കൂടി

പ്രധാന കഥാപാത്രത്തെ കാത്തിരിക്കുന്ന തുടർ പ്രതിസന്ധികളിലേക്ക് സൂചന നൽകാൻ സംവിധായകൻ ഉപയോ​ഗിച്ചിരിക്കുന്ന ഡച്ച് ആംഗിളിലുളള ദൃശ്യഭാഷ അഥവാ 'ഡച്ച് ടില്‍റ്റ്' കാഴ്ചക്കാരൻ്റെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു ക്ലാസിക് സിനിമാറ്റിക് ടെക്നിക്കാണ്.
Updated on
2 min read

27ാമത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്നാണ് അമൽ പ്രസി സംവിധാനം ചെയ്ത് സൽമാനുൽ പ്രധാന വേഷത്തിൽ അഭിനയിച്ച 'ബാക്കി വന്നവര്‍'. മഹാരാജാസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം പറയുന്നത് അടിസ്ഥാനപരമായി തൊഴിലാളി പ്രശ്‌നങ്ങളാണ്. ചലച്ചിത്രമേളയിൽ നല്ല അഭിപ്രായങ്ങൾ നേടിയ ചിത്രം ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. സമൂഹത്തിലെ മാറ്റിനിർത്തപ്പെട്ട ഒരു വലിയ വിഭാ​ഗം നേരിടുന്ന കാതലായ പ്രശ്നത്തെ പ്രതിബാധിക്കുന്ന ചിത്രത്തെ ഒരിക്കൽകൂടി കാണാം, വിലയിരുത്താം.

കൊച്ചി ന​ഗരത്തിലെ ഒരു ഫുഡ് ഡെലിവറി ബോയി അവന്റെ ദൈനംദിനജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന സാമ്പത്തിക-മാനസിക സംഘര്‍ഷങ്ങളെ പ്രമേയമാക്കുന്നതാണ് ഒന്നരമണിക്കൂർ ദൈർഘ്യം വരുന്ന സിനിമ. അനുനിമിഷം നേരിടേണ്ടി വരുന്ന കനപ്പെട്ട പ്രതിസന്ധികളിൽ നിർവികാരനായി നിൽക്കേണ്ടി വരുന്ന ചെറുപ്പക്കാരൻ‌ കൊച്ചി ന​ഗരത്തിലെ അനേകം ബാക്കിയായവരിൽ ഒരാൾ മാത്രമെന്ന യാഥാർഥ്യത്തിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെ 'ബാക്കി വന്നവര്‍ അഥവാ ദി ലെഫ്റ്റ് ഓവേര്‍സ്' എന്ന തലക്കെട്ട് ചിത്രത്തിന് കാതലായ മാനം നൽകുന്നു. പലപ്പോഴും ജീവിതത്തിലും സിനിമകളിലും അപ്രധാന കഥാപാത്രങ്ങളായി അരികുപറ്റി വന്നു പോകുന്ന ചില മനുഷ്യരുണ്ട്. ഇതുവരെ ശ്രദ്ധിക്കപ്പെടാതെപോയ അവരിലൂടെ ലോകത്തെ കാണുകയാണ് ചിത്രം. ചെയ്യുന്ന തൊഴിലിനെ അളന്നുനോക്കുമ്പോൾ ആരാലും ബഹുമാനം അർഹിക്കുന്നില്ലെന്ന് സമൂഹം വിധിയെഴുതിയ ബാക്കിയായവരിൽ ചിലർ. പക്ഷേ, മനുഷ്യർ തുല്യരെന്ന് വാദിക്കുന്ന ജനാധിപത്യ കാലത്ത്, ഒപ്പം നിൽക്കുന്ന മനുഷ്യനെ ഉപാധികളില്ലാതെ യജമാനനെന്നവണ്ണം ബഹുമാനിക്കാനും അഭിസംബോധന ചെയ്യുവാനും ഇവർ നിർബന്ധിതരാകുന്നു. എതിർപ്പും ദേഷ്യവും കൊണ്ട് വീർപ്പുമുട്ടുമ്പോഴും അവർ പ്രതികരണശേഷി ഇല്ലാത്ത പ്രതിമകളായി നിൽക്കേണ്ടി വരുന്നു. എന്നും ബാക്കിയാവുന്ന ഇത്തരം വീർപ്പുമുട്ടലുകളിൽ ഒരിക്കലെങ്കിലും പൊട്ടിത്തെറിക്കാനാവുന്നതും വിഷമം പുറംതള്ളാനാവുന്നതും ബാക്കിവന്നവരിൽ ചിലരായ സുഹൃത്തുക്കൾക്കിടയിലെത്തുമ്പോൾ മാത്രം. അവർക്കിടയിൽ പരസ്പരം അഭിപ്രായങ്ങൾ ഉയരുന്നു, വാക്കുതർക്കങ്ങളും കലഹങ്ങളും തെറിവിളികളും അലർച്ചകളും സംഭവിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ബാക്കിയായവർക്കൊപ്പമുളള ജീവിതത്തിലെ ബാക്കിവരുന്ന ഇങ്ങനെ കുറച്ചു സമയം മാത്രമാണ് അവരെ പ്രതികരണശേഷിയുളള മനുഷ്യരായി അതിജീവിപ്പിക്കുന്നത്. എത്രതന്നെ അരികുവത്കരിക്കപ്പെട്ടാലും മുന്നോട്ട് നീങ്ങാനുളള കരുത്താവുന്നത്. ഇത്രയുമാണ് സിനിമയിലൂടെ പ്രേക്ഷകനിലേക്കെത്തുന്ന ആശയം.

ഇന്റർവ്യൂ ബോർഡിന് മുന്നിൽ നിന്ന് അപമാനിതനായി ഇറങ്ങിപ്പോകുന്ന, ഇടപഴകുന്ന ചുറ്റുപാടുകളാൽ പോലും നിരസിക്കപ്പെടുന്ന അയാളുടെ ഉൾവിചാരങ്ങൾ എന്താകുമെന്നും എങ്ങനെ മുന്നോട്ട് നീങ്ങുമെന്നും കാണുന്നവരിൽ പോലും സമ്മർദ്ദം ജനിപ്പിക്കും വിധമാണ് സിനിമയുടെ ആഖ്യാനശൈലി. പരിമിതമായ ക്യാൻവാസിലും ഏറെ പോരായ്മകളിലും നിന്നുകൊണ്ടാണ് 'ബാക്കിവന്നവർ' ചിത്രീകരിച്ചിരിക്കുന്നത്. ശബ്ദവിന്യാസത്തിലെയും സംഭാഷണങ്ങളിലെ വ്യക്തതക്കുറവിലെയും ഈ പോരായ്മകൾ പലപ്പോഴും പ്രകടവുമാണ്. അപ്പോഴും കഥ പറച്ചിലിനെ കേടുപാടില്ലാതെ മുന്നോട്ടു നയിക്കുന്നത് മികച്ച പശ്ചാത്തലസം​ഗീതവും കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ്. ചിത്രത്തിന്റെ അവതരണവും അതിലേക്ക് നയിക്കുന്ന ദൃശ്യാഖ്യാന ശൈലിയും ശ്രദ്ധേയമാണ്.

സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്ന ന്യൂനപക്ഷങ്ങളോട് ന​ഗരം എങ്ങനെ ഇടപഴകുന്നു എന്നതും ബാക്കിവന്നവർ ബാക്കിയാക്കുന്ന കാഴ്ചയാണ്. അവിടെ ന്യൂനപക്ഷത്തിന് ലഭിക്കാതെ പോകുന്ന ചില സൗകര്യങ്ങളുണ്ട്, ഉയർച്ച കൊതിച്ച് വിദ്യാഭ്യാസത്തിലൂടെയെങ്കിലും ഈ ആവർത്തിക്കുന്ന തുടർച്ചകൾക്കൊരു വ്യതിചലനം ഉണ്ടാകുമോ എന്ന് അന്വേഷിക്കുമ്പോൾ അവിടെയും സാമ്പത്തിക പ്രശ്നങ്ങള്‍ വിലങ്ങുതടി അവുന്നത് കാണാം. സുഹൃത്തുക്കളെ പലരെയും പേരെടുത്ത് വിളിക്കുമ്പോഴും പ്രധാന കഥാപാത്രത്തിന് പേരില്ലെന്നത് അവന് അനേകായിരം പകരക്കാർ അവനു ചുറ്റും തന്നെ ഉണ്ട് എന്നതുകൊണ്ടാവാം. വലിയ മാനസിക സംഘർഷങ്ങളിൽ പെട്ടുനിൽക്കുന്ന ഒരു പ്രത്യേക ഘട്ടത്തിൽ തന്നെയാണ് പ്രധാന കഥാപാത്രത്തിന്റെ സന്തതസഹചാരിയായ ബൈക്ക് അർധരാത്രി നടുറോഡിൽ പണിമുടക്കുന്നത്. ആ പ്രതിസന്ധി ഘട്ടത്തിൽ സഹായികളില്ലാതെ തന്നെ മുന്നോട്ട് പോകാൻ അയാൾ നിർബന്ധിതനാകുന്നു, മുന്നിൽ അയാളെ കാത്തിരിക്കുന്ന തുടർ പ്രതിസന്ധികളിലേക്കും സൂചന നൽകാൻ സംവിധായകൻ ഉയപോ​ഗിച്ചിരിക്കുന്ന ഡച്ച് ആംഗിളിലുളള ദൃശ്യഭാഷ അഥവാ 'ഡച്ച് ടില്‍റ്റ്' കാഴ്ചക്കാരൻ്റെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു ക്ലാസിക് സിനിമാറ്റിക് ടെക്നിക്കാണ്.

സംഭാഷണ ഉള്ളടക്കവുമായി ബന്ധപ്പെട്ട വികാരങ്ങൾ, തീമുകൾ അല്ലെങ്കിൽ ആശയങ്ങൾ അറിയിക്കുന്നതിന് ഫ്രെയിമിലെ സ്റ്റാറ്റിക് ഒബ്‌ജക്റ്റുകൾ ഉപയോഗിച്ചുകൊണ്ടുളള 'വിഷ്വൽ മെറ്റഫോർ' അല്ലെങ്കിൽ 'വിഷ്വൽ സിംബലിസം' സങ്കേതവും ആഖ്യാനത്തിലെ പ്രത്യേകതയാണ്. ദൃശ്യങ്ങൾ ചലനാത്മകമല്ലെങ്കിൽപ്പോലും ഇത്തരം ക്യാമറ കണ്ണുകൾക്ക് ശക്തമായ വൈകാരിക ഭാവം ജനിപ്പിക്കാൻ കഴിയുന്നുണ്ട്. പരിമിതികളിലെ ഇത്തരം മികവാർന്ന പ്രമേയാവതരണം തന്നെയാണ് 'ബാക്കി വന്നവർ' എന്ന ചിത്രത്തെ താങ്ങിനിർത്തുന്നത്.

logo
The Fourth
www.thefourthnews.in