'താൻ കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; ഇന്നസെന്റിനൊപ്പമുള്ള രസകരമായ ഓർമ പങ്കുവച്ച്  ബാലചന്ദ്രൻ ചുള്ളിക്കാട്

'താൻ കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; ഇന്നസെന്റിനൊപ്പമുള്ള രസകരമായ ഓർമ പങ്കുവച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

"പിന്നേയ്, ഒരപേക്ഷീണ്ട്, ദയനീയ ശബ്ദത്തിൽ ഇന്നസെന്റ് പറഞ്ഞു'
Updated on
1 min read

മലയാളികളുടെ പ്രിയ നടൻ ഇന്നസെന്റിന്റെ വിയോഗമുണ്ടാക്കിയ വിടവ് എങ്ങനെ മറികടക്കുമെന്നറിയാത്ത വിഷമത്തിലാണ് മലയാള സിനിമാലോകം. അദ്ദേഹം പറഞ്ഞ കഥകളും പങ്കുവച്ച രസകരമായ ഓർമകളും ഇന്നസെന്റിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളുമൊക്കെ ഓർത്തെടുത്ത് ആശ്വസിക്കുകയാണ് പലരും . അങ്ങനെ തിരഞ്ഞെടുപ്പിനിടെ ഇന്നസെന്റിന് ഒപ്പമുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് കവി ബാലചന്ദ്രൻ ചുള്ളിക്കാട്

ലോക്സഭ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നസെന്റ് ഫോൺ ചെയ്തു. പ്രചാരണ പരിപാടിയിൽ പ്രസംഗിക്കാൻ എത്തണമെന്നും കവിത ചൊല്ലരുതെന്നും ഇന്നസെന്റ് പറഞ്ഞു. ബാലചന്ദ്രൻ ചുള്ളികാട് കവിത ചൊല്ലിയാൽ താൻ തോൽക്കുമെന്നാണ് ഇന്നസെന്റ് പറഞ്ഞ. പ്രചാരണത്തിന് പോയി പ്രസംഗിച്ചു , പക്ഷെ കവിത ചൊല്ലിയില്ല , ഇന്നസെന്റ് ജയിച്ചു . ബാലചന്ദ്രൻ ചുള്ളിക്കാട് ഓർത്തെടുത്തു

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ

ഇന്നസെന്റ് -ഒരോർമ്മ

തിരഞ്ഞെടുപ്പുകാലത്ത് ഇന്നസെന്റ് വിളിച്ചു:

"കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ ബാലാ"

"പിന്നില്ലേ. സന്തോഷം.

വിജയാശംസകൾ".

ഞാൻ പറഞ്ഞു.

" അതു പോര. താൻ വന്നു മണ്ഡലംമുഴുവൻ പ്രസംഗിക്കണം.

ആ ഇടിവെട്ട് ശബ്ദത്തിൽ എന്നെ പൊക്കി അടിക്കണം."

"ഏറ്റു ചേട്ടാ"

ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

"പിന്നേയ്, ഒരപേക്ഷീണ്ട്."

ദയനീയശബ്ദത്തിൽ ഇന്നസെന്റ് പറഞ്ഞു.

"എന്താ"

ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

ഇന്നസെന്റ് പറഞ്ഞു:

" താൻ പ്രസംഗിച്ചാൽ മതി. കവിതചൊല്ലരുത് ട്ടാ.കവിതചൊല്ലിയാൽ ഞാൻ തോൽക്കും."

ഞാൻ പൊട്ടിച്ചിരിച്ചു :

"അയ്യോ, അതെനിക്കറിയാം ചേട്ടാ. കവിത ചൊല്ലില്ല." ഞാൻ ഉറപ്പു കൊടുത്തു.

തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞ് ഒരു ദിവസം ഇന്നസെന്റിന്റെ വിളി വന്നു. തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പങ്കെടുത്തതിനു നന്ദി പ്രകടിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു.

"അതേയ്, ഞാൻ അവിടത്തെ കളക്ടറേറ്റിലേക്ക് വരുന്നുണ്ട്. താനവിടെ കാണ്വോ?"

"കാണും." ഞാൻ പറഞ്ഞു. സിവിൽസ്റ്റേഷനിലെ ട്രഷറിയിലാണ് അന്നെനിക്ക് ജോലി. ഫോൺ വെയ്ക്കുംമുമ്പ് ഇന്നസെൻറ് പറഞ്ഞു:

"തനിക്ക് എന്നോട് ഇത്രേം സ്നേഹമുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല."

"അതെന്താ"

ഞാൻ ചോദിച്ചു.

" തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ.ഹ.ഹ."

ഞങ്ങളുടെ ചിരി അവസാനിക്കുന്നില്ല.

logo
The Fourth
www.thefourthnews.in