നൂറ് കോടി ഡോളര്‍ തിളക്കത്തിൽ ബാർബി
പ്രദർശനത്തിനെത്തി മൂന്നാംവാരം നൂറ് കോടി ഡോളര്‍ ക്ലബ്ബിലെത്തി ബാർബി. 2023ൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബാര്‍ബി. ഒരു വനിതാ സംവിധായകയുടെ ചിത്രം നൂറ് കോടി ഡോളർ ക്ലബ്ബിലെത്തുക എന്ന ചരിത്രനേട്ടം ബാർബിയിലൂടെ ഗ്രെറ്റ ഗെർവിഗ് സ്വന്തമാക്കി.
പ്രദര്‍ശനത്തിന്റെ മൂന്നാംവാരത്തിൽ മാത്രം ബാര്‍ബി യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്ന് 5.3 കോടി ഡോളറും, അന്താരാഷ്ട്ര തലത്തില്‍ 7.4 കോടി ഡോളറും നേടിയതായി നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രോസ് അറിയിച്ചു. അമേരിക്കയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 45.94 കോടി ഡോളർ സ്വന്തമാക്കി. ലോകമെമ്പാടും നിന്നുള്ള കളക്ഷൻ 103 കോടി ഡോളർ പിന്നിട്ടു.
വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറി ഇന്‍കോര്‍പ്പറേഷന്‍ നിര്‍മിച്ച ചിത്രത്തിൽ ബാര്‍ബിയായി എത്തുന്നത് മാര്‍ഗോട്ട് റോബിയാണ്. കെന്‍ എന്ന കഥാപാത്രത്തെയാണ് റയാന്‍ ഗോസ്‌ലിങ് അവതരിപ്പിക്കുന്നത്. ബാര്‍ബി പാവകളെ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ടോയ് നിര്‍മ്മാതാക്കളായ മാറ്റല്‍ ഇന്‍കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെയാണ് ചിത്രം നിര്‍മിച്ചത്.
കോംകാസ്റ്റ് കോര്‍പ്‌സ് യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സ് നിര്‍മിച്ച 'ദ സൂപ്പര്‍ മാരിയോ ബ്രോസ് ഡോട്ട് മൂവി'യാണ് ഈ വര്‍ഷം അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ ചിത്രം. ഏപ്രിലില്‍ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമായി 135 കോടി ഡോളറാണ് സ്വന്തമാക്കിയത്.
ജൂലൈ 21ന് തീയേറ്ററില്‍ എത്തിയ സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ബാര്‍ബിക്ക് തുടര്‍ഭാഗങ്ങള്‍ ഉണ്ടാകുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഇതേക്കു റിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.