മികച്ച സംവിധായകനുളള ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡ് ബേസില്‍ ജോസഫിന്
ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ തിളങ്ങി ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി. മികച്ച സംവിധായകനുളള പുരസ്‌കാരത്തിനാണ് ചിത്രം അര്‍ഹമായിരിക്കുന്നത്. ഏഷ്യ പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുളള സിനിമകളില്‍ നിന്നാണ് മിന്നല്‍ മുരളി തിരഞ്ഞെടുക്കപ്പെട്ടത്.
മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം കൂടിയാണിത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ബേസില്‍ പറഞ്ഞു. തന്നെ വിശ്വസിച്ച് കൂടെ നിന്നതിന്, ചിത്രത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും ബേസില്‍ നന്ദി അറിയിച്ചു. സിംഗപ്പൂരില്‍ നടന്ന ചടങ്ങിലാണ് ബേസില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ഗോദ എന്ന സിനിമയ്ക്ക് ശേഷം ടൊവീനോ, ബേസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 2021 ഡിസംബറിലാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. റിലീസിന് ശേഷം ആദ്യ വാരം 11 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ ചിത്രം ഇടം പിടിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചിത്രം വലിയ ചര്‍ച്ചയായിരുന്നു.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സൈമ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ചിത്രത്തിനെ തേടി എത്തിയിരുന്നു.