രാജമൗലി ചിത്രം ഛത്രപതിയുടെ ഹിന്ദി റീമേക്ക് ഉടൻ തീയറ്ററുകളിലേക്ക്
രാജമൗലി പ്രഭാസ് കൂട്ടുക്കെട്ടില്‍ 2005 ല്‍ പുറത്തിറങ്ങിയ ചിത്രം ഛത്രപതിയുടെ ഹിന്ദി റീമേക്ക് ഉടന്‍ തീയറ്ററിലേക്ക് . ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് നിര്‍മാതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. തെലുങ്കു സൂപ്പര്‍ താരം ബെല്ലാംകോണ്ട ശ്രീനിവാസയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വി.വി വിനായകിൻ്റെ സംവിധാനത്തിലാണ് ഛത്രപതിയുടെ റീമേക്ക് ഒരുങ്ങുന്നത് . കടലിൻ്റെയും കപ്പലിൻ്റെയും പശ്ചാത്തലത്തിൽ ശ്രീനിവാസ് പുറം തിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പുതിയ പോസ്റ്റര്‍. മെയ് 12ന് ഛത്രപതി തീയറ്ററുകളിലെത്തും എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
അല്ലുഡ സീനുവിന് ശേഷം വിനായകനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഛത്രപതി. ധവല്‍ ജയന്തിലാല്‍ ഗഡയും അക്ഷയ് ജയന്തിലാല്‍ ഗഡയും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് .
പ്രഭാസ് അവിസ്മരണീയമാക്കിയ കഥാപാത്രത്തെ അവതരിപ്പിക്കാനായി വലിയ തയ്യാറെടുപ്പുകളാണ് ശ്രീനിവാസ നടത്തിയത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പുകളും ശ്രീനിവാസ നടത്തിയിട്ടുണ്ട്. ഹിന്ദി ഭാഷ പഠിക്കാനുള്ള പരിശീലനവും ചിത്രത്തിനു വേണ്ടി താരം നടത്തിയിരുന്നു.
2005 ഛത്രപതി സിനിമ എഴുതിയ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആണ് റീമേക്കിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത് . സംവിധായകന്‍ രാജമൗലിയുടെ പിതാവ് കൂടിയാണ് ഇദ്ദേഹം.