ഭദ്രന്‍ ചിത്രത്തില്‍ താടി എടുക്കാൻ മോഹന്‍ലാല്‍ ; സ്ഫടികം റീമാസ്റ്ററിങ്ങിന് പിന്നാലെ ബിഗ് ബജറ്റ് ചിത്രവും

ഭദ്രന്‍ ചിത്രത്തില്‍ താടി എടുക്കാൻ മോഹന്‍ലാല്‍ ; സ്ഫടികം റീമാസ്റ്ററിങ്ങിന് പിന്നാലെ ബിഗ് ബജറ്റ് ചിത്രവും

ചിലപ്പോള്‍ താടിയെടുക്കാൻ പുള്ളിക്ക് ഒരു മടിയുണ്ടാകാം . പക്ഷെ അത് ബ്രേക്ക് ചെയ്യേണ്ടത് സംവിധായകരാണ്
Updated on
3 min read

മോഹന്‍ലാല്‍ -ഭഭ്രന്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തിറങ്ങിയ സ്ഫടികം ഒരിക്കല്‍ കൂടി തീയേറ്ററുകളിലേക്ക്, ചാക്കോ മാഷിനെയും ആടുതോമയെയും 4 കെ വിന്യാസത്തില്‍ റിമാസ്റ്ററിങ് ചെയ്താണ് തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്. ജനുവരിയില്‍ തീയേറ്ററിലും പിന്നീട് ഒടിടിയിലും റിലീസ് ചെയ്യാനാണ് ആലോചന . ഒരു കോടി രൂപ മുതല്‍ മുടക്കിലാണ് റീ മാസ്റ്ററിങ്. ഒപ്പം പതിനേഴ് വര്‍ഷത്തിന് ശേഷം സംവിധായകന്‍ ഭഭ്രന്‍ മറ്റൊരു മോഹന്‍ലാല്‍ ചിത്രവുമായി മടങ്ങി വരവിന് കൂടി ഒരുങ്ങുകയാണ്. സമീപകാലത്ത് മോഹന്‍ലാല്‍ എന്ന നടന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന താടിയുള്ള ലുക്കില്‍ നിന്നുള്ള മാറ്റം കൂടിയാകും പുതിയ ചിത്രമെന്ന് സംവിധായകന്‍ പറയുന്നു. സ്ഫടികത്തിന്റെ റീമാസ്റ്ററിങ് വിശേഷങ്ങളും ഒപ്പം പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ഭഭ്രന്‍ .

എന്തുകൊണ്ട് സ്ഫടികം ?

പല തലങ്ങളുള്ള, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് സ്ഫടികം . എത്രകണ്ടാലും മതിവരില്ലെന്ന് പല വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നതും സ്ഫടികത്തെ പറ്റിയാണ്. അതുകൊണ്ട് തന്നെ ആ ചിത്രം പുതിയ തലമുറയെ തീയേറ്ററില്‍ എക്‌സീപീരിയന്‍സ് ചെയ്യിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് സ്ഫടികം റീമാസ്റ്ററിങ് ചെയ്താലോ എന്ന ആലോചന തുടങ്ങുന്നത്. കാരണം ശബ്ദകോലാഹലങ്ങളുടെ ഇടയില്‍ ജീവിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്നവരാണ് പുതിയ തലമുറ . ശബ്ദത്തിന്റെ ഒത്തിരി സാധ്യതകളുള്ള ഒരു സിനിമയാണ്. ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം പലതരം വികാര വിക്ഷോഭങ്ങൾ കൊണ്ടൊക്കെ വല്ലാതെ ലൗഡ് ആയിട്ടുള്ള ഒരു ചിത്രമാണ്. ആടുതോമയും ചാക്കോ മാഷും മലയാളി പ്രേക്ഷകന് മുന്നില്‍ ഒരിക്കല്‍ കൂടി കാലഘട്ടത്തിന്‌റെ മാറ്റങ്ങളോടെ എത്തണമെന്ന് ആഗ്രഹിച്ചു . കൂടാതെ സിനിയുള്ളിടത്തോളം കാലം ഈ ചിത്രമുണ്ടാകണമെന്ന് ഒരു ആഗ്രഹം കൂടിയുണ്ട് ഇതിന് പിന്നില്‍. ഇത്രയും നാള്‍ നെഗറ്റീവായി സൂക്ഷിച്ചിരുന്ന ചിത്രം പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റീമാസ്റ്ററിങ് ചെയ്യുമ്പോള്‍, സംരക്ഷിക്കുക എന്നതും ഒരു കാരണമാണ്.

ആടുതോമയുടെ ആദ്യ ഡയലോഗ് 'പൂക്കോയി പുലയാടി മോനെ' എന്നാണ് . അതെടുക്കുന്ന സമയത്ത് ലാല്‍ എന്നോട് ചോദിച്ചു അണ്ണാ ഇതുവേണോ

എക്കാലവും പ്രസക്തമായ ഒരു പ്രേമേയമാണ് സ്ഫടികം കൈകാര്യം ചെയ്തിരിക്കുന്നത് . പേരന്റിങ് പ്രമേയമാക്കിയ ലോകത്തിലെ തന്നെ ആദ്യത്തെ ചിത്രമെന്ന് വേണമെങ്കില്‍ നമ്മുക്ക് സ്ഫടികത്തെ പറയാം. എന്റെ തന്നെ ജീവിതത്തിന്റെ ചില സ്വാധീനങ്ങള്‍ കൂടി ആ ചിത്രത്തിലുണ്ടായിട്ടുണ്ട്. പ്രീഡിഗ്രി പോലും പാസാകാത്ത ആളാണ് ഞാന്‍. ചാക്കോ മാഷ് മകന്‍ പഠിക്കുന്നതില്‍ മികവ് കാണിക്കണമെന്ന് വാശി പിടിക്കുമ്പോള്‍ അവന്റെ മറ്റു പല കഴിവുകളും കാണാതെ , അല്ലെങ്കില്‍ അറിയാതെ പോകുന്നുണ്ട്. അതുതന്നെയാണല്ലോ ഇപ്പോഴും പല മാതാപിതാക്കളും പുലര്‍ത്തുന്ന മനോഭാവം .

ഞാന്‍ ഒരിക്കലും ഒരു സോ കോള്‍ഡ് മാസ് സിനിമയുടെ ആളല്ല

മാസും ക്ലാസും ഒരുപോലെയുള്ള സ്ഫടികം ഭഭ്രനെന്ന സംവിധായകന്റെ സിഗ്നേച്ചറാണ്

സ്ഫടികത്തിലെ മാസ് എലമെന്റ് ഒന്നുപോലും ഞാന്‍ മനപൂര്‍വമായി ചേര്‍ത്തിട്ടില്ല .അതങ്ങനെ റിഫ്‌ളക്ട് ചെയ്ത് പോയതാണ്. സ്ഫടികത്തിന്‌റെ ഓപ്പണിംഗ് സീനിലെ മുണ്ടു പറിച്ചടിയുടെ , തോമസ് ചാക്കോയില്‍ നിന്നും ആടുതോമയിലേക്കുള്ള യാത്രയാണ് ആ ചിത്രം പറയുന്നത്. ഞാന്‍ ഒരിക്കലും ഒരു സോ കോള്‍ഡ് മാസ് സിനിമയുടെ ആളെ അല്ല. തീര്‍ച്ചയായിട്ടും മാസ് വേണം . സ്ഫടികത്തില്‍ ആടുതോമയുടെ ആദ്യ ഡയലോഗ് 'പൂക്കോയി പുലയാടി മോനെ' എന്നാണ് . അതെടുക്കുന്ന സമയത്ത് ലാല്‍ എന്നോട് ചോദിച്ചു അണ്ണാ ഇതുവേണോ , ലാല്‍ ഇത്തിരി ചമ്മലൊക്കെയുള്ള ആളാണ്. തുടയില്‍ അടിക്കുന്ന സീനിലും ഇതുപോലെ തന്നെ ലാല്‍ ചോദിക്കുമായിരുന്നു. സ്ഫടികം ഒരിക്കല്‍ തീയേറ്ററിലെത്തുമ്പോള്‍ അത് ലാലിന്റെ റീ ഡിസൈനിങ് കൂടിയായിരിക്കും.

എന്തൊരു രസമാണ് ലാലിന്റെ അഭിനയം കണ്ടിരിക്കാന്‍. അയാളുടെ ആ ഒതുക്കത്തിലുള്ള ആ പ്രകടനം എത്ര കണ്ടാലും മതിവരില്ല . ആടുതോമയാകാന്‍ മറ്റൊരു നടനും സാധിക്കുകയുമില്ല

മോഹന്‍ലാലിന്റെ താടി ഇല്ലാത്ത ലുക്ക് കാണാനുള്ള അവസരം അല്ലേ ?

സ്ഫടികം റീമാസ്റ്ററിങ് ചെയ്യുന്നു എന്ന എന്റെ എഫ്ബി പോസ്റ്റ് കണ്ട് പലരും പറഞ്ഞ കമന്റ് ആണിത്. സത്യത്തില്‍ ഞാന്‍ എന്റെ ഒരു ചിത്രവും ഫൈനല്‍ ഔട്ട് കാണുന്ന പതിവുള്ള ആളല്ല. സ്ഫടികവും നേരത്തെ കണ്ടിരുന്നില്ല . കാണാത്തതിന് കാരണം പല ഷോട്ടുകളും അങ്ങനെ പോരായിരുന്നു എങ്ങനെയായിരുന്നില്ലല്ലോ വേണ്ടത് എന്നൊക്കെ തോന്നും എന്നുള്ളത് കൊണ്ടാണ്. പക്ഷെ ഇപ്പോള്‍ സ്ഫടികം കണ്ടപ്പോള്‍ സത്യത്തില്‍ അദ്ഭുതം തോന്നിപ്പോയി. എന്തൊരു രസമാണ് ലാലിന്റെ അഭിനയം കണ്ടിരിക്കാന്‍. അയാളുടെ ആ ഒതുക്കത്തിലുള്ള ആ പ്രകടനം എത്ര കണ്ടാലും മതിവരില്ല . ആടുതോമയാകാന്‍ മറ്റൊരു നടനും സാധിക്കുകയുമില്ല

ഇപ്പോള്‍ എന്താണ് മോഹന്‍ലാലിന് സംഭവിക്കുന്നത് ?

അദ്ദേഹത്തിന്‌റെ നൈസര്‍ഗികമായ കഴിവിനൊന്നും ഒന്നും സംഭവിച്ചിട്ടില്ല . ജന്മസിദ്ധമായ കഴിവുകൊണ്ട് വളരെ ഈസിയായി അഭിനയിക്കുന്ന മഹാ പ്രതിഭയാണ് അദ്ദേഹം. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ choice is wrong . സിനിമയില്‍ content ആണ് ഹീറോ . പക്ഷെ ഇന്ന് അദ്ദേഹം തിരഞ്ഞെടുക്കുന്ന content ന് ആ ക്വാളിറ്റിയില്ല. അല്ലെങ്കില്‍ അദ്ദേഹത്തെ ആ രീതിയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന സിനിമകളിലേക്ക് അദ്ദേഹം എത്തുന്നില്ല

നിലവിലെ രൂപത്തിലായിരിക്കില്ല എന്തായാലും മോഹന്‍ലാല്‍ ഉണ്ടാവുക. താടിയെടുക്കും. കുറ്റിത്താടിയിലായിരിക്കും ലാല്‍ എത്തുക

താടിയുള്ള ലുക്ക് പോലും മാറ്റാന്‍ അദ്ദേഹം തയാറാകുന്നില്ല

അത് ഒരുപക്ഷെ സംവിധായകര്‍ ആവശ്യപ്പെടാത്തത് കൊണ്ടാകാം . ചിലപ്പോള്‍ പുള്ളിക്ക് ഒരു സ്റ്റിഗ്മയുണ്ടായിരിക്കാം . പക്ഷെ അത് ബ്രേക്ക് ചെയ്യേണ്ടത് സംവിധായകരാണ് . നല്ല കണ്‍ടെന്റ് ഉണ്ടെങ്കില്‍ , അത് താടിയില്ലാതെ വേണം ചെയ്യാന്‍ എന്ന് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്താല്‍ തീര്‍ച്ചയായും അദ്ദേഹം താടിയെടുക്കുമെന്നാണ് ഞാന്‍ കരുതുന്നത്. നല്ല കഥയും തിരക്കഥയുമുണ്ടെങ്കില്‍ അദ്ദേഹം താടിയല്ല , തല വരെ എടുക്കും. അതാണ് ലാല്‍ . അല്ലാതെ മറ്റെന്തെങ്കിലും അജണ്ട ഇതിന് പിന്നിലുണ്ടെന്ന് ഞാന്‍ കരുതുന്നില്ല . ഇപ്പോഴത്തെ ലുക്ക് വളരെ ആര്‍ട്ടിഫിഷല്‍ ആണെന്നുള്ളതില്‍ ആര്‍ക്കുമില്ല തര്‍ക്കം .

17 വര്‍ഷമായി ഒരു സിനിമ ചെയ്തിട്ട് , ഇത്രയും വലിയ ഇടവേള

അതിന് അങ്ങനെ പ്രത്യേകിച്ച് ഒരു കാരണമില്ല. നമ്മള്‍ ആഗ്രഹിക്കുന്ന സിനിമയാണല്ലോ ചെയ്യേണ്ടത്. എന്റെ ഓരോ സിനിമയും ഞാന്‍ ആസ്വദിച്ചാണ് ചെയ്യുന്നത്. എനിക്ക് ചെയ്യണമെന്ന് തോന്നുന്ന സിനിമ ഇനിയും ചെയ്യും . അങ്ങനെയുള്ള മൂന്ന് നാല് സിനിമകളുടെ ആലോചനയിലാണ്. ഒരു സിനിമ മോഹന്‍ലാലും ഒന്നിച്ചാണ് . ബിഗ് ബജറ്റ് സിനിമയാണ്.

മോഹന്‍ലാലിന്റെ ലുക്ക് തീരുമാനിച്ചിട്ടുണ്ടോ ? താടിയുണ്ടാകുമോ ?

നിലവിലെ രൂപത്തിലായിരിക്കില്ല എന്തായാലും മോഹന്‍ലാല്‍ ഉണ്ടാവുക. താടിയെടുക്കും. കുറ്റിത്താടിയിലായിരിക്കും ലാല്‍ എത്തുക. നിലവിലെ മോഹന്‍ലാലിനെ കണ്ട് കണ്ട് പ്രേക്ഷകര്‍ക്ക് മടുത്തില്ലേ. നാലുവര്‍ഷം മുന്‍പ് ചര്‍ച്ച തുടങ്ങിയ സിനിമയാണ് . ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും അത് .

ഇനിയൊരു സിനിമ റീ മാസ്റ്ററിങ് ചെയ്യാന്‍ സാധ്യതയുണ്ടോ ?

ഒരിക്കലുമില്ല . അയ്യര്‍ ദി ഗ്രേറ്റ് ചെയ്യുമോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട് . പക്ഷെ അങ്ങനെയുണ്ടാകില്ല. മോഹന്‍ലാല്‍ - മമ്മൂട്ടി എന്നൊന്നും നോക്കിയല്ല റീമാസ്റ്ററിങ് ചെയ്യാന്‍ ആലോചിച്ചത് . അതുകൊണ്ട് തന്നെ ഇനിയൊരു സിനിമയെ കുറിച്ച് അത്തരമൊരു ആലോചനയില്ല. മാത്രമല്ല സ്ഫടികം റീ മാസ്റ്ററിങ് ചെയ്യല്‍ തന്നെ വലിയ വെല്ലുവിളിയായിരുന്നു. ഡയലോഗിന്‌റെ പശ്ചാത്തല സംഗീതമൊക്കെ വീണ്ടും ആ രീതിയില്‍ റീ മാസ്റ്ററിങ് ചെയ്യുക എന്നതൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഏതായാലും എല്ലാം ഭംഗിയായി ചെയ്യാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്

logo
The Fourth
www.thefourthnews.in