ഭരതൻ നിലവിളിച്ചു; പ്ലീസ് ഹെൽപ്പ് മി...
ഒരു ഫോണ്‍ വിളിയിലൂടെയാണ് മോഹൻ ശർമ്മയുടെ ജീവിതത്തിലേക്ക് ഭരതൻ കടന്നു വന്നത്. ബാലു മഹേന്ദ്രയുടെതായിരുന്നു കോള്‍. "ഒരു തിരക്കഥയുണ്ട്. കൊള്ളാമെന്നു തോന്നുന്നു. എന്‍റെ സുഹൃത്ത് ആര്‍ട്ട് ഡയറക്ടര്‍ ഭരതന്‍ എഴുതിയതാണ്. മോഹനെ വെച്ചു പടം ചെയ്യണമെന്നാണ് കക്ഷിയുടെ ആഗ്രഹം.''
യുവതലമുറയുടെ ഹരമായി മോഹന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലം. ചട്ടക്കാരി, രാഗം, നെല്ല്, ജീവിക്കാൻ മറന്നുപോയ സ്ത്രീ തുടങ്ങി ഒരുപറ്റം ശ്രദ്ധേയ ചിത്രങ്ങൾ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ സ്വന്തമായ ഇഷ്ടാനിഷ്ടങ്ങളും ശാഠ്യങ്ങളും ഒക്കെയുണ്ട് മോഹന്. സ്ക്രിപ്റ്റ് കാണാതെ പറയാനാവില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
പിറ്റേന്ന് കാലത്ത് ഒരു കെട്ടു കടലാസുമായി ഭരതന്‍ ചെന്നൈയിലെ മോഹന്റെ വീട്ടിനു മുന്നില്‍ ഹാജര്‍. മെലിഞ്ഞ പ്രകൃതം, വിനയാന്വിതന്‍, മിതഭാഷി. പക്ഷെ ആ കണ്ണുകളിലെ കൂസലില്ലായ്മ ശ്രദ്ധിക്കാതെ പോയില്ല മോഹന്‍. "സമയം കിട്ടിയപ്പോള്‍ ഞാന്‍ തിരക്കഥ വായിച്ച് നോക്കി. തരക്കേടില്ല. ഏറ്റവും രസകരമായി തോന്നിയത് മാര്‍ജിനില്‍ വരച്ചു വെച്ചിരുന്ന രേഖാചിത്രങ്ങളാണ്. അവയ്ക്കെല്ലാം എന്‍റെ മുഖം.'' മോഹന്‍ ഓര്‍ക്കുന്നു.
"അടുത്ത ദിവസം കാലത്ത് ഭരതന്‍ വീണ്ടും വന്നു. തലേന്നത്തെ ഷൂട്ടിംഗ് തീരാന്‍ വൈകിയത് കൊണ്ടു അപ്പോഴും ഉറക്കത്തിലാണ് ഞാന്‍. അമ്മ വന്ന് വിളിച്ചുണര്‍ത്തി ആരോ പുറത്തു കാണാന്‍ കാത്തുനില്‍ക്കുന്നു എന്ന് അറിയിച്ചപ്പോള്‍ സ്വാഭാവികമായും ദേഷ്യം തോന്നി. ഒട്ടും മയമില്ലാത്ത മുഖഭാവവുമായാണ് ഞാന്‍ പൂമുഖത്തേക്ക് ചെന്നത്. അവിടെ അങ്ങേയറ്റം ഭവ്യതയോടെ ഭരതന്‍ നില്‍ക്കുന്നു. എന്‍റെ ഭാവപ്പകര്‍ച്ച കണ്ടാവണം, ഭരതന്റെ മുഖം മങ്ങി. സങ്കോചത്തോടെ അദ്ദേഹം ചോദിച്ചു: "സാറിനു കഥ ഇഷ്ടമായില്ല, അല്ലേ? സാരമില്ല. നമുക്ക് സംവിധാനം സേതുമാധവന്‍ സാറിനെയോ വിന്‍സന്റ് മാസ്റ്ററെയോ ഏല്‍പ്പിക്കാം. സാര്‍ അഭിനയിച്ചാല്‍ മതി.''
ഭരതന്റെ നില്പും പ്രതികരണവും കണ്ടു ചിരിയാണ് വന്നത് മോഹന്. "വേണ്ട, ഈ പടം നിങ്ങള്‍ തന്നെ സംവിധാനം ചെയ്യണം. എങ്കിലേ ഞാന്‍ അഭിനയിക്കൂ.'' -- മോഹന്‍ പറഞ്ഞു. നിമിഷങ്ങളോളം എന്തു പറയണം എന്നറിയാതെ നിശബ്ദനായി നിന്ന ഭരതന്റെ ചിത്രം ഇന്നുമുണ്ട് മോഹന്റെ ഓര്‍മയില്‍. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഒരു ജൈത്രയാത്രയുടെ ആരംഭ ബിന്ദുവിലായിരുന്നു താനെന്ന് അന്ന് ഭരതന്‍ ഓര്‍ത്തിരിക്കുമോ?
ആ നിമിഷത്തിൽ നിന്നാണ് "പ്രയാണം" എന്ന സിനിമയുടെ തുടക്കം. ഭരതനെ മലയാളസിനിമയിൽ അടയാളപ്പെടുത്തിയ ചിത്രം. ആ സിനിമയുമായി ബന്ധപ്പെട്ട് മറ്റൊരു കൗതുകം നിറഞ്ഞ ഓർമ്മ കൂടിയുണ്ട് മോഹന്. രണ്ടു മഹദ്ജീവിതങ്ങളെ മരണത്തിന്റെ വക്കില്‍ നിന്ന് കരകയറ്റിയ കഥ.
1975 ലാണ്, ഭാരതപ്പുഴയുടെ തീരത്ത് "പ്രയാണ''ത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. മോഹനും ലക്ഷ്മിയും അഭിനയിച്ച ഗാനരംഗം ക്യാമറയില്‍ പകര്‍ത്തുകയാണ് ബാലു മഹേന്ദ്ര. "വൈകിട്ട് കുറച്ച് നേരത്തെ ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ എനിക്കും ഭരതനും ബാലുവിനും ഒരു മോഹം -- ഒന്ന് നീന്തിക്കുളിച്ചാലോ? പിന്നെ സംശയിച്ചില്ല. എല്ലാവരും കൂടി വെള്ളത്തില്‍ ചെന്നു ചാടി. ഭാരതപ്പുഴയില്‍ നല്ല ഒഴുക്കുള്ള കാലമാണ്.''
സന്ധ്യ കനത്തതോടെ മോഹൻ കുളി നിര്‍ത്തി കരയ്ക്ക് കയറി. "ഇരുട്ട് വീണിരുന്നതിനാല്‍ മറ്റു രണ്ടു പേരെയും കാണാന്‍ വയ്യ. അവര്‍ എവിടെയെങ്കിലും കയറി നിന്ന് തോര്‍ത്തുന്നുണ്ടാവും എന്ന ആശ്വാസത്തിലായിരുന്നു ഞാന്‍. പൊടുന്നനെ പുഴയില്‍ നിന്ന് ഭരതന്റെ നിലവിളി ഉയരുന്നു -- മോഹന്‍, പ്ലീസ് ഹെല്‍പ്പ് മീ''. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ ആകെ ഇരുട്ടാണ്.. . ഒന്നും കാണാനില്ല. എന്തു ചെയ്യണമെന്നു അറിയാതെ തരിച്ചുനില്‍ക്കെ അതാ മറ്റൊരു അലര്‍ച്ച-- ഇത്തവണ ബാലുവിന്റെ. രണ്ടുപേരും വിദൂരതയില്‍ എങ്ങോ മുങ്ങിത്താണു കൊണ്ടിരിക്കുകയാവാം എന്ന ചിന്ത പോലും എന്നെ നടുക്കി''.
"മറ്റൊന്നും ചിന്തിച്ചില്ല പിന്നെ. കയ്യിലെ തോര്‍ത്തു വലിച്ചെറിഞ്ഞു ഞാന്‍ പുഴയിൽ ചാടി ശബ്ദം കേട്ട ദിക്കിലേക്ക് നീന്തിത്തുടങ്ങി. കോളേജ് പഠനകാലത്തെ കഠിനമായ നീന്തല്‍ പരിശീലനം എന്‍റെ സഹായത്തിനെത്തിയ നിമിഷങ്ങള്‍..'' കാല്‍ മണിക്കൂറോളം നീന്തിയ ശേഷമേ മുങ്ങിത്താണു കൊണ്ടിരുന്ന കൂട്ടുകാരെ കണ്ടെത്താനായുള്ളൂ മോഹന്. മരണവെപ്രാളത്തിലായിരുന്നു ഇരുവരും. "കണ്ടതും അവര്‍ എന്‍റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു. ക്ഷമയോടെ, ഓരോരുത്തരെയായി ഞാന്‍ കരയിലെത്തിച്ചു. നനഞ്ഞ മണലില്‍ ഞങ്ങള്‍ കിതപ്പോടെ മലര്‍ന്നു കിടന്നു. ബാലു വാവിട്ടു കരഞ്ഞു. ഭരതന് ശബ്ദം പോലും നഷ്ടപ്പെട്ടിരുന്നു . ലോക്കേഷനിലെ രണ്ടു കാറുകളില്‍ ഒന്നില്‍ ഭരതനേയും ബാലുവിനെയും അപ്പോള്‍ തന്നെ ഞാന്‍ ഷൊര്‍ണൂരിലേക്ക് കയറ്റി വിട്ടു.''
തീര്‍ന്നില്ല. വസ്ത്രം മാറി കാറിനടുത്തെക്ക് നടക്കവേ എന്തോ മോഹന്റെ കാലില്‍ തട്ടി. ഞെട്ടി താഴെ നോക്കിയപ്പോള്‍, ഒരു മനുഷ്യരൂപം മണലില്‍ ചുരുണ്ടുകൂടി കിടക്കുന്നു- പടത്തിന്റെ സഹസംവിധായകന്‍ യതീന്ദ്ര ദാസ്. ഇതെന്തു കഥ എന്നോര്‍ത്തു അന്തം വിട്ടു നില്‍ക്കെ ദാസ് വിക്കിവിക്കി പറഞ്ഞു- എന്നെ പാമ്പ് കടിച്ചു. ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് ആത്മസംയമനം വീണ്ടെടുത്ത മോഹന്‍ കയ്യിലെ തോര്‍ത്ത് കൊണ്ടു യതീന്ദ്ര ദാസിന്റെ കാലിന്മേല്‍ പാമ്പ് കടിയേറ്റതിന് മുകളിലായി വരിഞ്ഞുകെട്ടുന്നു . പിന്നെ, മയക്കത്തിലേക്ക് വഴുതി വീണുകൊണ്ടിരുന്ന ദാസിനെ എടുത്തുയര്‍ത്തി ചുമലിലിട്ടു കാറിനടുത്തേക്ക്. ദാസിനെ പിന്‍സീറ്റില്‍ കിടത്തിയ ശേഷം മുന്‍സീറ്റില്‍ കയറിയിരുന്ന മോഹന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കി: കഴിയുന്നത്ര വേഗത്തില്‍ കാറോടിക്കുക. ഷോര്‍ണൂരില്‍ ഏതെങ്കിലും ആശുപത്രിക്ക് മുന്നില്‍ എത്തിയ ശേഷമേ നിര്‍ത്താവൂ. ഇരുളിനെ വകഞ്ഞു മാറ്റി അംബാസഡര്‍ കുതിച്ചു തുടങ്ങുന്നു. പക്ഷെ പ്രതീക്ഷിച്ച പോലെ സുഗമമായിരുന്നില്ല യാത്ര. റോഡിന്റെ സ്ഥിതി പരമദയനീയം. ഇടയ്ക്കെവിടെയോ വച്ച് കാര്‍ നിന്നു. "സാര്‍ ഇനി മുന്നോട്ട് പോകാന്‍ പറ്റില്ല. ഇറങ്ങി നടക്കേണ്ടി വരും.'' ഡ്രൈവര്‍ പറഞ്ഞു.
സ്വയം ശപിച്ചുകൊണ്ട് മോഹന്‍ കാറിനു പുറത്തിറങ്ങുന്നു. "അന്ന് നല്ല ആരോഗ്യമുള്ള കാലമാണ്. നിരന്തരമായ വ്യായാമം കൊണ്ടു ഉറച്ച ശരീരവുമുണ്ട്. തെല്ലും സംശയിക്കാതെ, മയങ്ങിക്കിടന്ന യതീന്ദ്രദാസിനെ എടുത്ത് ചുമലിലിട്ടു നേരെ നടന്നു ഞാന്‍. ചുറ്റും കുറ്റാകൂരിരുട്ട്. വിജനമായ വഴി. അര മണിക്കൂറോളം നടക്കേണ്ടി വന്നു നഗര പരിധിയില്‍ എത്താന്‍. ഷൊര്‍ണൂരിലെ ഒരു ആശുപത്രിക്ക് മുന്നിലാണ് ആ നടത്തം അവസാനിച്ചത്.. ദാസിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു മടങ്ങുമ്പോള്‍ ഡോക്ടര്‍ പറഞ്ഞു: അല്പം കൂടി വൈകിയിരുന്നെങ്കില്‍ കൈവിട്ടുപോയേനെ. അറിയാതെ കൈകൂപ്പി ഈശ്വരനെ സ്തുതിച്ചു പോയ നിമിഷം ..''
അപശകുനങ്ങള്‍ പിന്നെയും വേട്ടയാടിയെങ്കിലും "പ്രയാണം'' മലയാള സിനിമാ ചരിത്രത്തില്‍ ഒരു ശുഭശകുനമായി മാറിയത് പില്‍ക്കാല ചരിത്രം; മോഹന്‍ മരണത്തില്‍ നിന്നു രക്ഷപ്പെടുത്തിയ ഭരതനും ബാലുവും ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ പ്രതിഭകളായി വളര്‍ന്നതും. പ്രയാണത്തിലെ വയലാര്‍ എഴുതി എം ബി ശ്രീനിവാസന്‍ ഈണമിട്ട ആ നിത്യസുന്ദര ഗാനത്തിന്റെ പല്ലവി മൂളുന്നു മോഹന്‍: "മൗനങ്ങള്‍ പാടുകയായിരുന്നു, കോടി ജന്മങ്ങളായി നമ്മള്‍ പരസ്പരം തേടുകയായിരുന്നു... "