'അതിരുകളില്ലാത്ത സ്വാതന്ത്ര്യം തേടിയാണ് ബ്ലാക്ക് മാജിക്കിന് പിറകെ പോകുന്നത്'; 'ആദം ജോണ്‍'
സംവിധായകന്‍ ജിനു വി എബ്രഹാം

'അതിരുകളില്ലാത്ത സ്വാതന്ത്ര്യം തേടിയാണ് ബ്ലാക്ക് മാജിക്കിന് പിറകെ പോകുന്നത്'; 'ആദം ജോണ്‍' സംവിധായകന്‍ ജിനു വി എബ്രഹാം

പൃഥ്വിരാജിന്റെ 'ആദം ജോണ്‍' എന്ന സിനിമയ്ക്കുവേണ്ടി നടത്തിയ ഗവേഷണങ്ങളെക്കുറിച്ചും ചിത്രത്തിന്‌റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു വി എബ്രഹാം സംസാരിക്കുന്നു
Updated on
2 min read

അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കാണോ? മരിച്ച ദേവിയുടെ ബന്ധു കൂടിയായ സൂര്യകൃഷ്ണമൂര്‍ത്തിയാണ് അത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയത്. പിന്നാലെ 2017-ല്‍ പുറത്തിറങ്ങിയ ഒരു മലയാള സിനിമ കൂടി ചര്‍ച്ചയില്‍ ഇടം പിടിക്കുന്നു. ബ്ലാക്ക് മാജിക്ക് പ്രമേയമാക്കിയ പൃഥ്വിരാജിന്റെ 'ആദം ജോണ്‍' എന്ന സിനിമയിലേക്കെത്തിയതിനെക്കുറിച്ചും സിനിമയ്ക്കുവേണ്ടി നടത്തിയ ഗവേഷണങ്ങളെക്കുറിച്ചും ചിത്രത്തിന്‌റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു വി എബ്രഹാം സംസാരിക്കുന്നു.

ബ്ലാക്ക് മാജിക്ക് എന്ന പ്രമേയത്തിലേക്ക്

'ലണ്ടന്‍ ബ്രിഡ്ജ്' എന്ന റൊമാന്‌റിക് ചിത്രം മനസില്‍ കണ്ടാണ് 2012-ല്‍ ഞാന്‍ യുകെയിലേക്ക് പോകുന്നത്. ലണ്ടനില്‍നിന്ന് സ്‌കോട്ട്ലന്‍ഡിലുള്ള സുഹൃത്ത് ഷൈനിന്‌റെ അടുത്തേക്ക് പോയി. ഒരു നവംബറിലാണ്, ആ സമയത്ത് സ്‌കോട്‌ലന്‍ഡില്‍ രാവിലെ ഒൻപത്- ഒൻപതര ആകണം സൂര്യനുദിക്കാന്‍, മാത്രമല്ല മൂന്ന് മൂന്നരയ്ക്കുള്ളില്‍ സൂര്യപ്രകാശം പോകുകയും ചെയ്യും. അപ്പോള്‍ തന്നെ ഇതൊരു പ്രണയചിത്രത്തിന് പറ്റിയ വൈബ് അല്ലെന്ന് തോന്നി. പക്ഷേ മറ്റൊരു സാധ്യതയുണ്ടെന്ന ചിന്ത വരികയും ചെയ്തു.

നാലഞ്ച് ദിവസം സ്‌കോട്ട്ലന്‍ഡിലുണ്ടായിരുന്നു. അങ്ങനെയൊരു ദിവസം സ്‌കോട്ട്ലന്‍ഡിന്‌റെ ഹൈറേഞ്ചിലേക്ക് പോകുമ്പോള്‍ മഴയും മഞ്ഞുമൊക്കെയുള്ള സമയമാണ്, ഒരാള്‍ എന്നെ ബൈക്കില്‍ പിന്തുടരുന്ന പോലെ തോന്നി. അതെന്‌റെ തോന്നല്‍ മാത്രമാണ്. എങ്കിലും അയാള്‍ ആരെയോ തേടുന്നുവെന്നൊരു വിഷ്വലാണ് അപ്പോള്‍ എന്‌റെ മനസിലുണ്ടാകുന്നത്. കുറച്ചുസമയത്തിനുശേഷം അത് അയാളുടെ മകളെയാണ് തേടുന്നതെങ്കിലോയെന്ന് ചിന്തിച്ചു... പിന്നീട് ആ ചിന്ത വിട്ടു.

അതിനിടയില്‍ ഞാനും സുഹൃത്തും കൂടി പുറത്തുപോയി. അവിടെ ഒരു സ്ത്രീ കറുത്ത വസ്ത്രം ധരിച്ച് വളരെ വേഗത്തില്‍ നടന്നുപോകുന്നത് കണ്ടു. അപ്പോള്‍ എന്‌റെ സുഹൃത്താണ് പറയുന്നത് അവര്‍ ബ്ലാക്ക് മാസ് പിന്തുടരുന്നവരാണ്. അവര്‍ക്ക് അവിടെ അടുത്തൊരു പള്ളിയുണ്ട്. അങ്ങോട്ടാണ് അവര്‍ വേഗത്തില്‍ പോകുന്നതെന്ന്. അവര്‍ ആരുടെയും മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. സാധിക്കുന്നതിലും വേഗത്തിലാണ് നടക്കുന്നതും.

സത്യത്തില്‍ അവിടെ നിന്നാണ് 'ആദം ജോണ്‍' എന്ന ചിത്രത്തിന്‌റെ ത്രഡ് കിട്ടുന്നത്. ലണ്ടന്‍ ബ്രിഡ്ജിന്‌റെ സമയത്ത് തന്നെ പൃഥ്വിരാജിനോട് പറഞ്ഞു. ആദ്യം ജിനു എഴുതെന്ന് പൃഥ്വി പറഞ്ഞു. പിന്നീട് രണ്ടു മൂന്ന് വര്‍ഷം എടുത്താണ് എഴുതിത്തീര്‍ത്തത്.

സാത്താനിക് ബൈബിളും ഡെവിള്‍ വര്‍ഷിപ്പും

മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെടാത്ത ഒരു പ്ലോട്ടായതിനാല്‍ തന്നെ ഹോളിവുഡ് സിനിമകളും സാത്താനിക് ബൈബിളുമൊക്കെയായിരുന്നു റഫറന്‍സ്. അമേരിക്കയില്‍ 1968 ല്‍ പുറത്തിറങ്ങിയ റോസ് മേരീസ് ബേബി എന്ന ചിത്രമായിരുന്നു പ്രധാന റഫറന്‍സെന്ന് വേണമെങ്കില്‍ പറയാം.

സാത്താനിക് ബൈബിളൊക്കെ റഫര്‍ ചെയ്തപ്പോള്‍ മനസിലാക്കിയ ഒരു കാര്യം, അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ഈ വിഭാഗം അവരിലേക്ക് എത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്നതാണ്. ഇവിടെയുള്ളതെല്ലാം നമുക്ക് ആസ്വദിക്കാം എന്ന കാഴ്ചപ്പാടിലാണ് അവര്‍ എല്ലാത്തിനെയും സമീപിക്കുക. ലൈംഗികതയില്‍ പോലും ആ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നതിലാണ് അവരുടെ ആനന്ദം. പഴം കഴിക്കുന്നത് പോലും വിലക്കിയ ദൈവമല്ലേ നിങ്ങള്‍ക്കുള്ളതെന്നാണ് അവര്‍ ചോദിക്കുക. ഇതുതന്നെയാകും ഈ വിഭാഗത്തിലേക്ക് ആള്‍ക്കാര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണമെന്നാണ് എനിക്ക് തോന്നുന്നത്. റഫര്‍ ചെയ്ത് കണ്ടെത്തിയ കാര്യങ്ങളൊന്നും ചിത്രീകരിച്ച് സിനിമയാക്കാനാകില്ല, അത്രയും വൈകൃതങ്ങളാണവ. ആദം ജോണ്‍ ഈ പ്രമേയത്തെക്കുറിച്ച് പൊയറ്റിക്ക് ത്രില്ലര്‍ മോഡിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ലൊക്കേഷന്‍ ഹണ്ടിലെ ദുരൂഹത

ആ സംഭവത്തിന് ബ്ലാക്ക് മാജിക്കുമായോ അത്തരം നെഗറ്റീവ് എനര്‍ജിയുമായോ എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നില്ല. എങ്കിലും ലൊക്കേഷന്‍ ഹണ്ടിനിടെയുണ്ടായ ഒരു സംഭവമുണ്ട്. ഞങ്ങള്‍ നാലുപേര്‍, നിര്‍മാതാക്കളായ രണ്ടുപേരും ഞാനും സ്‌കോട്‌ലന്‍ഡിലുള്ള എന്‌റെ സുഹൃത്തും ചിത്രത്തിന്‌റെ ലൈന്‍ പ്രൊഡ്യൂസറുമായ ഷൈനും കൂടി ഒരു വീട് നോക്കി ഇറങ്ങിയതാണ്. വലിയ കരിങ്കല്‍ ഭിത്തിയും മതില്‍ക്കെട്ടുമൊക്കെയുള്ള ഒരു വീടാണ് എന്‌റെ മനസില്‍. അങ്ങനെ കണ്ട ഒരു വീടിന്‌റെ ഗേറ്റ് കടന്ന് ഞങ്ങള്‍ ഉള്ളില്‍ പ്രവേശിച്ചു. അകത്തേക്ക് കയറുമ്പോള്‍ വലിയൊരു മരം വഴിക്ക് കുറുകെ വീണ് കിടക്കുന്നുണ്ട്. പക്ഷേ അതിന്‌റെ അടിഭാഗത്ത് കൂടി കാര്‍ കടന്നുപോകും. അങ്ങനെ ഞങ്ങള്‍ വീടിന് മുന്നിലെത്തി. കോളിങ് ബെല്ല് അടിച്ചു. ആരെയും കാണുന്നില്ല .

തുറന്നുകിടക്കുന്ന ജനലിലൂടെ അകത്തേക്ക് നോക്കുമ്പോള്‍ വെള്ളത്തുണിക്കൊണ്ട് തൊട്ടില്‍ പോലെ ഒരു സംഭവം കാണാം. ഞങ്ങള്‍ പുറകിലെ വാതിലിന്‌റെ അടുത്ത് ചെന്നു. ഞങ്ങള്‍ എന്തിന് വന്നതാണെന്നും ബുദ്ധിമുട്ടില്ലെങ്കില്‍ തിരികെ വിളിക്കൂ എന്നൊരു നോട്ടീസ് പതിപ്പിക്കാനാണ് വാതിലിന്‌റെ അടുത്ത് എത്തിയത്. പക്ഷേ അവിടെ, 'വാതില്‍ അടച്ചിട്ടില്ല, മുട്ടേണ്ട കാര്യമില്ല, ധൈര്യമുണ്ടെങ്കില്‍ അകത്തേക്ക് വരൂ,' എന്നൊരു കുറിപ്പ് കണ്ടു. ഇതോടെ പേടിച്ച ഞങ്ങള്‍ തിരികെ ഓടി.

പക്ഷേ അത്രേയും നേരം ആ വീട് ഞങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. തിരികെ കാറില്‍ ഓടിക്കയറി മതിലിന് പുറത്തിറങ്ങുന്നതു വരെ മൊബൈലില്‍ ചിത്രീകരിച്ചു. എന്നാല്‍ മതിലിന് പുറത്തെത്തിയ ഞങ്ങള്‍ കാറിലിരുന്ന് വീടിന്‌റെ വിഷ്വല്‍ ഫോണില്‍ നോക്കിയ ഞങ്ങള്‍ ഞെട്ടി, ഒന്നും പതിഞ്ഞിരുന്നില്ല. ആ വീണുകിടക്കുന്ന മരത്തിന് ഇപ്പുറമുള്ള ദൃശ്യങ്ങള്‍ മാത്രമേ വ്യക്തമായി പതിഞ്ഞിരുന്നുള്ളു.

പേടിപ്പിച്ച ബ്ലാക്ക് മാസ് ഷൂട്ട്

സിനിമാ ചിത്രീകരണത്തിനിടയിലോ അതിനുശേഷമോ എന്തെങ്കിലും തിരിച്ചടിയോ മോശം അനുഭവമോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ സ്‌കോട്‌ലന്‍ഡില്‍ അവസാന ഭാഗത്തെ ഒരു സീന്‍ ചിത്രീകരിക്കുന്ന സമയം. നമ്മള്‍ ഇവിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെന്ന് വിളിക്കുന്നവരെ അവിടെ എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളെന്നാണ് വിളിക്കുന്നത്. അങ്ങനെ കുറച്ചുപേരെ സെറ്റ് ചെയ്തിരുന്നു. അവര്‍ക്ക് ഈ കറുത്ത വസ്ത്രമൊക്കെ നല്‍കിയിരുന്നു.

ബ്ലാക്ക് മാസിനുള്ള പ്രാര്‍ഥനയും നേരത്തെ നല്‍കി. സീന്‍ ചിത്രീകരിക്കാനായി ഞാന്‍ ഹാളിലേക്കു കടന്നപ്പോള്‍ ഇവര്‍ എല്ലാവരും കൂടി ഉച്ചത്തില്‍ ഈ പ്രാര്‍ഥന ചൊല്ലുകയാണ്. ഒരു നിമിഷം പേടിച്ച് പോയി എന്നതൊരു വസ്തുതയാണ്. അതല്ലാതെ എന്തെങ്കിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. സത്യത്തില്‍ സ്‌കോട്‌ലന്‍ഡില്‍ കണ്ട ആ സ്ത്രീ ഒഴികെ സാത്താന്‍ സേവ നടത്തുന്ന ഒരാളെ പോലും ഞാന്‍ നേരില്‍ കണ്ടിട്ടില്ലെന്നതാണ് വസ്തുത.

logo
The Fourth
www.thefourthnews.in