കുക്കി സ്ത്രീകളോടുളള ക്രൂരത ഞെട്ടലുണ്ടാക്കി; കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് അക്ഷയ് കുമാർ
മണിപ്പൂരിലെ കുക്കി സ്ത്രീകളോടുളള ക്രൂരത ഞെട്ടലുണ്ടാക്കിയെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അതിക്രമങ്ങളുടെ വീഡിയോ കണ്ടു, ഹീനമായ പ്രവർത്തികൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു
അക്ഷയ് കുമാര്‍ നായകനാവുന്ന ഓ മൈ ഗോഡ് 2 എന്ന ചിത്രത്തിന്റെ റിലീസിങ് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിഎഫ്ബിസി) വിസമ്മതിച്ചതിന് പിന്നാലെയാണ് മണിപ്പൂർ വിഷയത്തിൽ താരത്തിന്റെ പ്രതികരണം.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ഭയപ്പെടുത്തുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും നടി കിയാര അദ്വാനി ആവശ്യപ്പെട്ടു
മണിപ്പൂരിൽ രണ്ട് മാസത്തോളമായി വംശീയ കലാപം ആളിക്കത്തുകയാണ്. കലാപത്തെ അമർച്ച ചെയ്യാനോ അതേക്കുറിച്ച് സംസാരിക്കാനോ ഇതുവരെയും തയാറാകാത്ത പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. സംഭവത്തിൽ രാജ്യത്തെ പ്രതിപക്ഷ നേതാക്കളടക്കം വിമർശനവുമായി മുന്നോട്ടു വന്നിരുന്നു. അതിനിടെയാണ് വിഷയത്തിൽ പ്രതികരിച്ച് അക്ഷകുമാറും കിയാര അദ്വാനിയുംരംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ആദിപുരുഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ഒഎംജി 2വിലെ സംഭാഷണങ്ങളും രംഗങ്ങളും വിശദമായ പുനഃപരിശോധിക്കാനായി റിവിഷൻ കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ആഗസ്റ്റ് 11ന് ചിത്രം തീയേറ്ററുകളിലെത്തും
അക്ഷയ് കുമാര്‍, പങ്കജ് തൃപാഠി, യാമി ഗൗതം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2012 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണിത്. അമിത് റായിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗമൊരുക്കിയത് ഉമേഷ് ശുക്ല ആയിരുന്നു. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവന്റെ രൂപത്തിലാണ് താരം എത്തുക.