ബോളിവുഡ് താരം മലൈക അറോറയുടെ പിതാവിന്റെ ആത്മഹത്യ: വിശദമായ അന്വേഷണത്തിന് മുംബൈ പോലീസ്
ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ കുല്‍ദീപ് മേത്തയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് മുംബൈ പോലീസ്. മലൈകയ്ക്കു പുറമെ, മറ്റൊരു മകൾ അമൃത അറോറ, മുന്‍ ഭാര്യ ജോയ്സ് പോളികാര്‍പ്പ് എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളില്‍നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കും.
മുംബൈയിലെ ബാന്ദ്രയിലെ തന്റെ വസതിയായ ആയിഷ മാനറിന്റെ ടെറസില്‍നിന്ന് ചാടി അനില്‍ കുല്‍ദീപ് മേത്ത സെപ്റ്റംബര്‍ പതിനൊന്നിനാണ് ആത്മഹത്യ ചെയ്തത്. സെപ്റ്റംബര്‍ പന്ത്രണ്ടിന് മൃതദേഹം സംസ്‌കരിച്ചു. നിരവധി ബോളിവുഡ് താരങ്ങളാണ് മലൈകയുടെ പിതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
മേത്ത ഇത്തരമൊരു കടുംകൈ ചെയ്യേണ്ടകാര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതുപോലെ അദ്ദേഹത്തിന് വിഷാദരോഗമുണ്ടായിരുന്നോയെന്ന് വ്യക്തമാകാന്‍ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
സംഭവം നടക്കുമ്പോള്‍ ബാന്ദ്രയിലെ ആയിഷ മാനറിലെ ഫ്ളാറ്റില്‍ മേത്തയുടെ മുന്‍ഭാര്യ ജോയ്സും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ സ്വീകരണമുറിയില്‍ അനിലിന്റെ ചെരിപ്പ് കണ്ടാണ് അദ്ദേഹത്തെ തിരയുന്നത്. ബാല്‍ക്കണിയില്‍നിന്നു താഴേക്ക് നോക്കിയപ്പോഴാണ് സെക്യൂരിറ്റി ഗാര്‍ഡ് സഹായത്തിനായി നിലവിളിക്കുന്നത് കണ്ടത്. അപ്പോഴാണ് മേത്ത താഴെ വീണതെന്ന് മനസിയാതെന്നാണ് ജോയ്സ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
അനില്‍ കുല്‍ദീപ് മേത്ത ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ്, തന്റെ പെണ്‍മക്കളെ ഫോണ്‍ വിളിച്ചിരുന്നു. ''എനിക്ക് അസുഖവും ക്ഷീണവുമാണ്,'' അദ്ദേഹം അവരോട് പറഞ്ഞതായാണ് മൊഴി.
''ഞങ്ങളുടെ പ്രിയ പിതാവ് അനില്‍ മേത്തയുടെ വേര്‍പാട് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. ഈ നഷ്ടത്തില്‍ അഗാധമായ ആഘാതത്തിലാണ്, ഈ പ്രയാസകരമായ സമയത്ത് ഞങ്ങള്‍ മാധ്യമങ്ങളില്‍നിന്നും അഭ്യുദയകാംക്ഷികളില്‍നിന്നും സ്വകാര്യത അഭ്യര്‍ത്ഥിക്കുന്നു,'' പിതാവിന്റെ മരണത്തിനു മണിക്കൂറുകള്‍ക്കുശേഷം, മലൈക ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.