'സങ്കുചിത കാഴ്ചപാടുകള്‍ സോഷ്യല്‍ മീഡിയയെ നയിക്കുന്നു, ഭിന്നിപ്പിന്  വഴിയൊരുക്കുന്നു'; പഠാന്‍ വിവാദത്തിനിടെ ഷാരൂഖ് ഖാന്‍

'സങ്കുചിത കാഴ്ചപാടുകള്‍ സോഷ്യല്‍ മീഡിയയെ നയിക്കുന്നു, ഭിന്നിപ്പിന് വഴിയൊരുക്കുന്നു'; പഠാന്‍ വിവാദത്തിനിടെ ഷാരൂഖ് ഖാന്‍

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി 'ബോയ്‌കോട്ട് പഠാന്‍' ഹാഷ്ടാഗ് കാംപെയിൻ
Updated on
2 min read

റിലീസിന് ഒരുങ്ങുന്ന ബോളിവുഡ് ചിത്രം 'പഠാന്‍' എതിരെ ബഹിഷ്‌കരണാഹ്വാനം വ്യാപകമാകുമ്പോള്‍ ആദ്യ പ്രതികരണവുമായി ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവെല്ലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ ആയിരുന്നു വിവാദങ്ങള്‍ക്ക് ഷാരൂഖ് ഖാന്‍ പരോക്ഷമായി മറുപടി പറഞ്ഞ്. സോഷ്യല്‍ മീഡിയയില്‍ നിഷേധാത്മകതയ്ക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്ന സമയമാണ്. അത്തരം ആഖ്യാനങ്ങള്‍ ഭിന്നിപ്പും, വിനാശകാരിയുമാകുന്നു. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

'ഇന്നത്തെ കാലത്ത് സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. പലപ്പോളും സങ്കുചിതമായ കാഴ്ചപാടുകളാണ് സോഷ്യല്‍ മീഡിയയെ മുന്നോട്ട് നയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിഷേധാത്മകത വളരെ ഉയര്‍ന്നു നില്‍ക്കുകയും അതിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നും എവിടെയോ വായിച്ചിട്ടുണ്ട്. അത്തരം ആഖ്യാനങ്ങള്‍ ഭിന്നിപ്പും, വിനാശകാരിയുമാകുന്നു. സോഷ്യല്‍ മീഡിയ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ അതിനും ഉപരിയായി സിനിമയ്ക്ക് അതിലും പ്രധാനമായ ഒരു ചുമതല ഇപ്പോള്‍ ചെയ്യാനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു'. എന്നായിരുന്നു ഷാരുഖിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പഠാനിലെ 'ബേഷരം രംഗ്' എന്ന ഗാനത്തിൽ ദീപിക പദുകോൺ ധരിച്ചിരിക്കുന്ന വസ്ത്രത്തെ ചൊല്ലിയാണ് വിവാദം. രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ഗാനം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിരുന്നു. ദീപിക ഗ്ലാമറസ് ലുക്കിൽ എത്തുന്ന ഗാനത്തിൽ ഒരു ഭാഗത്ത് കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെതിരെയാണ് സംഘപരിവാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഒപ്പം ഗാനത്തിലെ 'ബേഷരം രംഗ്' എന്ന വരികൾക്ക് എതിരെയും വലിയ വിമർശനമാണ് ഉണ്ടാകുന്നത്. ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സമൂഹമാധ്യമ പ്രൊഫൈലുകളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇതിനു പുറമെ, ഇൻഡോറിൽ ഒരു വിഭാഗം ആളുകൾ ഷാരൂഖ് ഖാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാർ സമൂഹമാധ്യമ പ്രൊഫൈലുകളിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്

ഇൻഡോറിലെ മാൾവ മിൽ ക്രോസ്‌റോഡിലാണ് സൂപ്പർ താരത്തിനും അദ്ദേഹത്തിന്റെ സിനിമയ്ക്കുമെതിരെ പ്രതിഷേധം നടന്നത്. വീര്‍ ശിവജി എന്ന സംഘടന അം​ഗങ്ങളാണ് കോലം കത്തിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. കോലം കത്തിക്കുന്ന വീഡിയോകളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് ഒരു ട്വിറ്റർ ഉപയോക്താവ് ഇതേ വീഡിയോ പോസ്റ്റ് ചെയ്തു. 'ബോയ്‌കോട്ട് പഠാൻ' എന്ന ഹാഷ്ടാഗ് കാംപെയിൻ ട്വിറ്ററിൽ വലിയ ജനശ്രദ്ധ നേടുകയാണ്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് പ്രതിഷേധകരുടെ ആവശ്യം.

ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് പ്രതിഷേധകരുടെ ആവശ്യം

ചിത്രത്തിനെതിരെ വിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയിരുന്നു. 'ബേഷാരം രംഗ്' എന്ന ഗാനത്തിന്റെ വരികൾ, പാട്ടിൽ ധരിച്ചിരിക്കുന്ന കാവി, പച്ച വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം. അല്ലെങ്കിൽ ചിത്രത്തിന്റെ പ്രദർശനം മധ്യപ്രദേശില്‍ നടത്തണമോ എന്ന കാര്യം സർക്കാരിന് ആലോചിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ, ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ആരാധകർക്കിടയിൽ ശ്രദ്ധേയമാക്കുന്നുണ്ട്. ജനുവരി 25 നാണ് ചിത്രം റിലീസ് ചെയുന്നത്.

logo
The Fourth
www.thefourthnews.in