ലോകകപ്പ് ഉദ്‌ഘാടനത്തിന് മാറ്റ് കൂട്ടാന്‍ ബിടിഎസ് താരം ജങ്കൂക്കും
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടനത്തിന് മാറ്റ് കൂട്ടാന്‍ ബിടിഎസ് താരം ജങ്കൂക്കും. ഏറെ ഊഹാപോഹങ്ങൾക്കൊടുവിൽ ബിടിഎസിന്റെ ഏജൻസിയായ ബിഗ് ഹിറ്റ് മ്യൂസിക്കാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ജങ്കൂക് ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെ സംഗീത പരിപാടിയുടെ ഭാഗമാണെന്നും, ഗാനം അവതരിപ്പിക്കുമെന്നുമാണ് കമ്പനി പ്രസ്താവനയില്‍ അറിയിച്ചത്. നിലവില്‍ ആദ്യ സോളോ ഗാനം പുറത്തിറക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് താരം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്, ഖത്തറിൽ നിന്നുള്ള ജങ്കൂക്കിന്റെ വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഫിഫയുടെ ലോകകപ്പ് സംഗീതശില്‍പ്പത്തിന്റെ ഭാഗമായുള്ള വീഡിയോയ്ക്ക് വേണ്ടിയാണ് താരം ഖത്തറില്‍ എത്തിയതെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതിന് പിന്നാലെയാണ്, വാര്‍ത്ത സ്ഥിരീകരിച്ച് ബിടിഎസിന്റെ കമ്പനി തന്നെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, സഹതാരങ്ങളായ ജിൻ, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി എന്നിവർ ഔദ്യോഗിക ഗാനത്തിലോ, ഉദ്ഘാടന ചടങ്ങിലോ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
2022 ഖത്തര്‍ ലോകകപ്പും ഹ്യൂണ്ടായ് മോട്ടോഴ്‌സും സഹകരിച്ച് നടത്തുന്ന ആഗോള സുസ്ഥിര സംരംഭമായ 'ദ ഗോൾ ഓഫ് ദ സെഞ്ച്വറിയുടെ' ഔദ്യോഗിക പ്രമോട്ടർ കൂടിയാണ് ജങ്കൂക്ക്.
അമേരിക്കൻ ഗായകനും ഗാന രചയിതാവുമായ ചാർളി പുത്തിനോടൊപ്പമുള്ള 'ലെഫ്റ്റ് ആൻഡ് റൈറ്റ്' ആണ് ജങ്കൂക്കിന്റേതായി അവസാനം പുറത്തിറങ്ങിയ ഗാനം. ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ ഗാനം നേടിയത്.
ഖത്തര്‍ ലോകകപ്പിനായി വ്യത്യസ്ത ഗാനങ്ങൾ ഫിഫ പുറത്തിറക്കിയിട്ടുണ്ട്. ഹയ്യ ഹയ്യ, ദ വേൾഡ് ഈസ് യുവേഴ്‌സ് ടു ടേക്ക് , ലൈറ്റ് ദി സ്‌കൈ തുടങ്ങിയവയാണ് ഈ ഗാനങ്ങൾ. ജങ്കൂക്കിനെ കൂടാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകരും ഉദ്ഘാടന ചടങ്ങില്‍ സംഗീത പരിപാടിയുടെ ഭാഗമായേക്കും. ഷക്കീറ, ദുവാ ലിപ, ജെ ബാൽവിൻ, ബ്ലാക്ക് ഐഡ് പീസ് എന്നിവർ ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനങ്ങളിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിപ്ലോ, കിസ് ഡാനിയേൽ, കാൽവിൻ ഹാരിസ്, നോറ ഫത്തേഹി, ട്രിനിഡാഡ് കാർഡോണ എന്നിവരെയും ഉദ്ഘാടന ചടങ്ങിൽ പ്രതീക്ഷിക്കുന്നു.
നവംബർ 20 ഞായറാഴ്ച ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍. തുടര്‍ന്ന് ആദ്യ മത്സരത്തില്‍ ആതിഥേയ രാജ്യമായ ഖത്തര്‍ ഇക്വഡോറിനെ നേരിടും.