ബിടിഎസ് താരം ജിന്നിന്‍റെ ആദ്യ സിംഗിള്‍സ്; 'ദി ആസ്ട്രോണറ്റ്' ഒക്ടോബർ 28ന്

ബിടിഎസ് താരം ജിന്നിന്‍റെ ആദ്യ സിംഗിള്‍സ്; 'ദി ആസ്ട്രോണറ്റ്' ഒക്ടോബർ 28ന്

ബിടിഎസ് അംഗങ്ങള്‍ സൈനികസേവനത്തിന് പ്രവേശിക്കുന്നെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് സിംഗിള്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്
Updated on
1 min read

പ്രമുഖ കെ-പോപ് ബാന്‍ഡ് ആയ ബിടിഎസ് താരം ജിന്നിന്റെ ആദ്യ സിംഗിള്‍‌സ് ഒക്ടോബർ 28ന് റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കി ബിടിഎസ് അംഗങ്ങള്‍ സൈനികസേവനത്തിന് പ്രവേശിക്കുന്നെന്ന വാർത്തകള്‍ക്ക് പിന്നാലെയാണ് ജിന്നിന്റെ സോളോ ഗാനം 'ദി ആസ്ട്രോണറ്റ്' എത്തുന്നത്.

ആരാധകരോടുള്ള തീവ്രസ്നേഹം കൊണ്ട് ഒരുക്കിയിരിക്കുന്ന ഗാനമായതിനാല്‍, ആരാധകർക്കുള്ള സമ്മാനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്ന് റിലീസ് തീയതിയും ലോഗോയും പുറത്തുവിട്ട് ബിടിഎസ് മാനേജ്മെന്റ് കമ്പനിയായ ബിഗ് ഹിറ്റ് മ്യൂസിക് അറിയിച്ചു. തങ്ങളുടെ സോഷ്യല്‍ മീഡിയ ആപ്പായ വീവേഴ്സിലൂടെയാണ് ആരാധകർക്കുള്ള സന്തോഷവാർത്ത പുറത്തുവിട്ടത്. ഒക്ടോബര്‍ 19 മുതല്‍ സോളൊ ഗാനം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ദക്ഷിണ കൊറിയയിലെ നിയമപ്രകാരമുള്ള സൈനിക സേവനത്തില്‍ ആദ്യം ചേരുന്നത് ജിന്‍ ആയിരിക്കും. ഡിസംബറിൽ 30 വയസ് തികയുന്ന ജിൻ ഉൾപ്പെടെയുള്ളവർക്ക് ബിടിഎസ് ബാൻഡിന്റെ രാജ്യാന്തര പ്രശസ്തി കണക്കിലെടുത്ത് സൈനിക സേവനത്തിൽ നിന്ന് ഇളവ് നൽകണമെന്ന് ആവശ്യമുയർ‌ന്നെങ്കിലും പാർലമെന്റ് അംഗീകരിച്ചില്ല. രാജ്യത്തെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാര്‍ക്കും രണ്ടുവർഷം സൈനികസേവനം നിർബന്ധിതമാണ്. ബിടിഎസ് താരങ്ങള്‍ക്ക് നല്‍കിയ ഇളവ് പ്രകാരം 30 വയസിനുള്ളില്‍ സേവനത്തിന് എത്തണം.

വേള്‍ഡ് എക്സ്പോ 2030 ബുസാന്‍ കണ്‍സേര്‍ട്ടിലെ ബാന്‍ഡിന്‍റെ പ്രകടനത്തിനിടയിലാണ് ജിന്‍ തന്‍റെ ആദ്യ സോളൊ ഗാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. ബിടിഎസ് അംഗമായ ജെ-ഹോപ്പാണ് ആദ്യമായി സോളൊ ഗാനം പുറത്തിറക്കിയത്. ജൂണില്‍ സിംഗിള്‍സില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിനായി സംഘമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേള പ്രഖ്യാപിക്കുന്നതായി ബിടിഎസ് അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in