ബിടിഎസിസ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, സൈനികസേവനം പൂര്‍ത്തിയാക്കി ജിൻ തിരിച്ചെത്തി; സോളോ ആല്‍ബം ഈ വര്‍ഷം?
ലോകപ്രശസ്ത കെ-പോപ്പ് ബാന്‍ഡായ ബിടിഎസ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ബാൻഡിലെ മുതിര്‍ന്ന അംഗം കിം സിയോക് ജിന്‍ നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തി. 2022 ഡിസംബറിലാണ് ജിന്‍ സൈനിക സേവനത്തിന്റെ ഭാഗമായത്. സഹതാരങ്ങൾ ചേർന്നാണ് ജിന്നിനെ സ്വീകരിച്ചത്.
വളരെ വൈകാരികമായാണ് ജിൻ സൈനിക ക്യാമ്പിനോട് വിട പറഞ്ഞത്. കണ്ണീർ തുടച്ചുകൊണ്ട് ജിൻ പുറത്തേക്കു വരുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. പുറത്ത് സഹ ബിടിഎസ് താരങ്ങൾ ജിന്നിനെ സ്വീകരിക്കാനായി എത്തിയിരുന്നു. യൂണിഫോം ധരിച്ച ജിന്നിനെ ആദ്യം സ്വാഗതം ചെയ്തത് ബാൻഡിന്റെ ലീഡർ ആർഎം ആണ്.
അടുത്ത ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ ബാൻഡ്‌മേറ്റുകൾ കൂടി സൈനിക സേവനം പൂർത്തിയാക്കും. ജിന്നിൻ്റെ ഡിസ്ചാർജ് ചടങ്ങിൽ ബാൻഡ്‌മേറ്റുകൾ ഒത്തുകൂടുമെന്നായിരുന്നായിരുന്നു റിപ്പോർട്ടുകൾ. ബിടിഎസിൻ്റെ ഏജൻസിയായ ബിഗ്ഹിറ്റ് മ്യൂസിക് സൈനിക ക്യാമ്പിന് പുറത്ത് ഒത്തുകൂടരുതെന്ന് ആരാധകരോട് അഭ്യർഥിച്ചിരുന്നു.
ബാന്‍ഡിലെ മുതിര്‍ന്ന അംഗമായ ജിന്‍ ദക്ഷിണ കൊറിയയിലെ 18 മാസത്തോളം നീണ്ടുനില്‍ക്കുന്ന നിര്‍ബന്ധിത സൈനിക സേവനമാണ് ഇന്നു പൂര്‍ത്തിയാക്കിയത്. വടക്കന്‍ യോഞ്ചിയോന്‍ പ്രവിശ്യയിലെ അഞ്ചാമത് ഇന്‍ഫന്ററി ഡിവിഷനില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ താരത്തെ വരവേല്‍ക്കാന്‍ ബിടിഎസിലെ മറ്റ് അംഗങ്ങളായ ജെ-ഹോപ്പ്, ആര്‍എം, ജിമിന്‍, വി, ജങ്കൂക്ക് എന്നിവര്‍ എത്തിച്ചേര്‍ന്നിരുന്നു.
ആരാധകര്‍ക്കുവേണ്ടിയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ 'വിവേഴ്‌സി'ലൂടെയാണ് ബിടിഎസിൻ്റെ മാനേജ്‌മന്റ് ഏജൻസി താരം തിരിച്ചെത്തുന്ന വിവരം അറിയിച്ചത്. സുരക്ഷാപരമായ കാരണങ്ങളാല്‍ ആരാധകരോട് ക്യാമ്പിന് മുന്‍പില്‍ എത്തരുതെന്ന് ഏജന്‍സി ആവശ്യപ്പെട്ടിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ നല്‍കിയ വിവരമനുസരിച്ച് രണ്ട് ആരാധകര്‍ മാത്രമാണ് 'ആര്‍മി'യെ പ്രധിനിധീകരിച്ചുകൊണ്ട് ക്യാമ്പിന് പുറത്തുണ്ടായിരുന്നത്.
മിലിറ്ററി ക്യാമ്പില്‍നിന്ന് അവസാന സല്യൂട്ട് നല്‍കി പുറത്തിറങ്ങിയ താരത്തിനെ ബിടിഎസിന്റെ ആദ്യ 100 മില്യണ്‍ റെക്കോര്‍ഡ് ഗാനമായ 'ഡയനാമൈറ്റ് ' സാക്‌സോഫോണില്‍ വായിച്ചുകൊണ്ടാണ് ബിടിഎസ് അംഗം ആര്‍എം വരവേറ്റത്. താരത്തിനെ വരവേല്‍ക്കാനായി എത്തിയ മറ്റ് അംഗങ്ങള്‍ പൂച്ചെണ്ടുകള്‍ സമ്മാനിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കുവെച്ചു. ആരാധകര്‍ വര്‍ണാഭമായ ബാനറുകള്‍ ക്യാമ്പിന് പുറത്തു തൂക്കിയും തങ്ങളുടെ പ്രിയപ്പെട്ട കെ-പോപ്പ് താരത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കി.
ജിന്നിനെ വരവേല്‍ക്കാനായി മറ്റ് അഞ്ച് അംഗങ്ങള്‍ സൈനിക സേവനത്തില്‍നിന്ന് ഒരു ദിവസത്തെ അവധിയെടുത്തതായി ദക്ഷിണ കൊറിയയിലെ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തോളെല്ലിനു മുന്‍പുണ്ടായ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്നതിനാല്‍ നിലവില്‍ സൈനിക സേവനത്തിനു പുറത്തുള്ള സിവിലിയന്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ബിടിഎസ് അംഗമായ ഷുഗയ്ക്ക് ജിന്നിനെ വരവേല്‍ക്കാന്‍ എത്താന്‍ കഴിഞ്ഞില്ല.
വികാരപരമായ യാത്രയയപ്പായിരുന്നു ക്യാമ്പ് അധികൃതർ താരത്തിനു നല്‍കിയത്. ''സിയോക്ജിന്‍, താങ്കള്‍ കഴിഞ്ഞ 548 ദിവസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞങ്ങളുടെ അചഞ്ചലമായ സ്‌നേഹം എന്നും താങ്കളോടൊപ്പം ഉണ്ടാകും,'' 'ജിന്‍, കഴിഞ്ഞ ഒന്നര വര്‍ഷം ഏറെ ആനന്ദകരമായിരുന്നു. യോഞ്ചിയോന്‍ താങ്കളെ ഒരിക്കലും മറക്കില്ല' തുടങ്ങിയ വാചകങ്ങളടങ്ങിയ ബാനറുകൾ ക്യാമ്പിന് പുറത്തുണ്ടായിരുന്നു.
അതേസമയം, ബാന്‍ഡിന്റെ പതിനൊന്നാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് സിയോളില്‍ നടക്കുന്ന ഫെസ്റ്റ ഇവന്റില്‍ ജിന്‍ ആരാധകരെ കാണും. ശേഷം വിവേഴ്‌സിലൂടെ ആരാധകരെ അഭിവാദ്യം ചെയ്യും. ഈ വര്‍ഷം തന്നെ ജിന്നിന്റെ സോളോ ആല്‍ബം പുറത്തിറങ്ങും എന്നാണ് സൂചന.
ദക്ഷിണ കൊറിയയുടെ സാംസ്‌കാരിക സാമ്പത്തിക രംഗത്തിന് ബിടിഎസ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നിര്‍ബന്ധിത സൈനിക സേവനത്തില്‍ അംഗങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ വിജയം കൈവരിച്ച അത്ലറ്റുകള്‍ക്കും ശാസ്ത്രീയ സംഗീതജ്ഞര്‍ക്കും നിലവില്‍ ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് ഇളവുകള്‍ നല്‍കുന്നുണ്ട്.
എന്നാല്‍ 2022 ഒക്ടോബറില്‍ ബാന്‍ഡിലെ താരങ്ങളെല്ലാം സൈനിക സേവനത്തില്‍ പ്രവേശിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. ബാന്‍ഡിലെ മറ്റ് അംഗങ്ങളായ ഷുഗ, ജെ- ഹോപ്പ്, ആര്‍എം, ജിമിന്‍, വി, ജങ്കൂക്ക് എന്നിവര്‍ നിലവില്‍ പരിശീലനത്തിലാണ്. ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് ശേഷമായിരിക്കും ബാന്‍ഡ് വീണ്ടും ഒത്തുചേരുക. ഇതിനായി 2025വരെ കാത്തിരിക്കേണ്ടിവരും. 2026 ല്‍ ബാന്‍ഡിന്റെ വേള്‍ഡ് ടൂര്‍ ഉണ്ടാകുമെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്.