ആരാധകരെ ആവേശത്തിലാഴ്ത്തി ബിടിഎസിന്റെ പുതിയ ഗാനം എത്തുന്നു
ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് പുതിയ ഗാനവുമായി എത്തുന്നു. റിലീസാകാനിരിക്കുന്ന കൊറിയൻ ആനിമേഷൻ ചിത്രമായ ബാസ്റ്റിയണ്‍സിന്റെ തീം സോങാണ് ബാൻഡ് ആലപിച്ചത്. ജിന്നിന്റെ സൈനിക പ്രവേശനത്തിന് മുമ്പ് റെക്കോർഡ് ചെയ്തതിനാൽ ബാൻഡിലെ ഏഴ് അംഗങ്ങളും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.
പാരിസ്ഥിതിക മലിനീകരണത്തിനെതിരെ പോരാടുന്ന സൂപ്പർഹീറോകളെക്കുറിച്ചുള്ള കഥയാണ് ബാസ്റ്റിയണ്‍സ്. മെയ് 14ന് കൊറിയൻ സമയം രാവിലെ 7:30ന് ചിത്രം കൊറിയൻ ചാനലായ എസ്ബിഎസില്‍ പ്രീമിയർ ചെയ്യും. ചിത്രത്തിലെ തീം സോങ്ങിന്റെ ചെറിയൊരു ഭാഗമാണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്. കെ-പോപ്പ് ആരാധകർക്ക് ഒരു വിരുന്നായിരിക്കും ബാസ്റ്റിയണ്‍സ് എന്നതില്‍ സംശയമില്ല. ഗാനത്തില്‍ ബിടിഎസിനൊപ്പം ബ്രേവ് ഗേൾസിലെ സെറാഫിം, ഹെയ്സെ, അലക്സ എന്നിവരും ഉണ്ടാകും.
2021-ലെ "യെറ്റ് ടു കം" എന്ന ഗാനത്തിന് ശേഷമുള്ള ആദ്യ ഗ്രൂപ്പ് സോങ് ആയതിനാൽ, ബിടിഎസ് ആർമി ആവേശത്തിലാണ്. ട്വിറ്ററിലൂടെ പുതിയ ഗാനത്തെക്കുറിച്ചുള്ള ആവേശം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. ഒരു ആരാധകൻ എഴുതിയ, "BTS ഈസ് കമിങ്" എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാണ്.
ആര്‍ എം (കിം നാം ജൂൺ), ജങ് കുക് (ജോൺ ജങ് കൂക്), ജെ ഹോപ് (ജങ് ഹൊസോക്), ജിൻ (കിം സോക് ജിൻ), വി (കിം തേഹ്യോങ്), സൂഗ (മിൻ യൂൻഗി), പാര്‍ക് ജിമിൻ എന്നീ ഏഴ് ചെറുപ്പക്കാർ അടങ്ങുന്നതാണ് ബിടിഎസ് ബാൻഡ്. ഇവർ ലോകത്തിന് മുമ്പിൽ സംഗീതം കൊണ്ട് മായാലോകം സൃഷ്ടിക്കാൻ തുടങ്ങിയിട്ട് 10 വർഷത്തോളമായി. ലോകത്തിന്റെ വിവിധ കോണിൽ ആരാധകവൃന്ദങ്ങളെക്കൊണ്ട് വീർപ്പുമുട്ടുന്ന തരത്തിലേക്ക് ചുരുങ്ങിയ വർഷങ്ങള്‍ കൊണ്ട് ബിടിഎസ് ഉയർന്നു. ട്വിറ്ററിൽ 46.4 മില്യൺ ഫോളോവേഴ്സ്, ഒഫീഷ്യൽ പേജിന് 42.8 മില്യൺ ഫോളോവേഴ്സ്, ഇൻസ്റ്റഗ്രാമിൽ 72.9 മില്യൺ ഫോളോവേഴ്സ്, യൂട്യൂബിൽ 74.3 മില്യൺ ഫോളോവേഴ്സ്, കൂടാതെ മറ്റു സോഷ്യൽ പ്ലാറ്റ്ഫോമുകളിലും ഉള്‍പ്പെടെ ബിടിഎസിന്റെ ആരാധകവൃന്ദം അതിശയകരമാണ്.