ഇന്ത്യയിൽ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ ചിത്രമാകാൻ 'രാമായണം', ബജറ്റ് 835 കോടി; 2027ൽ തീയേറ്ററുകളിൽ
ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ചെലവേറിയ ചിത്രമാകാൻ നിതേഷ് തിവാരിയുടെ 'രാമായണം'. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിന്റെ ഒന്നാം ഭാഹം 835 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുക. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചുണ്ട്. സീതയെ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്. കന്നട നടൻ യഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 2027 ൽ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
"രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്. അതിനെ ആഗോള ദൃശ്യവിസ്മയമാക്കാൻ നിർമാതാക്കൾ ഒരു ശ്രമം പോലും ഉപേക്ഷിക്കില്ല. രാമായണം ഒന്നാം ഭാഗത്തിന് മാത്രമുള്ള ബജറ്റ് 100 മില്യൺ ഡോളർ രൂപയാണ്. ഫ്രാഞ്ചൈസി വളരുന്നതിനനുസരിച്ച് അദ്ദേഹം (നമിത് മൽഹോത്ര) ഇത് കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയിടുന്നു," ചിത്രവുമായി ബന്ധപ്പെട്ട ഒരാൾ ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.
"ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ രാമായണത്തിൻ്റെ ബജറ്റ് ഏകദേശം 835 കോടി രൂപയാണ്. ചിത്രത്തിന് 600 ദിവസത്തെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ആവശ്യമാണ്. കാഴ്ചയിൽ ഏറ്റവും വ്യക്തമായ യഥാർത്ഥ ദൃശ്യങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ നിക്ഷേപത്തെ ഇത് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ സിനിമയെ ആഗോള തലത്തിൽ എത്തിക്കുകയെന്നതാണ് ആശയം," അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കൈകേയിയായി ലാറ ദത്തയും വിഭീഷണയായി വിജയ് സേതുപതിയും ഹനുമാനായി സണ്ണി ഡിയോളും മന്ഥരയായി ഷീബ ചദ്ദയും എത്തും. ഫിലിം ട്രേഡ് അനലിസ്റ്റ് സുമിത് കേഡൽ രാമായണം ഭാഗം ഒന്ന് 2027 ൽ റിലീസുമാകുമെന്ന് എക്‌സിൽ കുറിച്ചിരുന്നു. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.
രൺബീർ തൻ്റെ അമ്പെയ്ത്ത് പരിശീലകനോടൊപ്പമുള്ള ചില ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. നടൻ അജിങ്ക്യ ദിയോ രാമായണ ടീമിനൊപ്പം എത്തിയ സെൽഫിയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ശ്രീരാമൻ്റെ ഗുരുവായ വിശ്വാമിത്ര മുനിയെയാണ് അജിങ്ക്യ അവതരിപ്പിക്കുകയെന്ന് റിപ്പോർട്ട്.
രാമായണം സിനിമയുടെ സെറ്റില്‍നിന്നുള്ള ചിത്രം നേരത്തെ ചോർന്നിരുന്നു. സീതയായി സായ് പല്ലവിയുടെയും രാമനായി രണ്‍ബീര്‍ കപൂറിന്റെയും ചിത്രങ്ങളാണ് സൂം ടിവിയിലൂടെ പുറത്തുവന്നന്നത്.