ലിയോയ്ക്ക് പണി കിട്ടി; ഗാനരംഗങ്ങളും വരികളും വെട്ടിമാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്
വിജയ് ചിത്രം ലിയോയിലെ പാട്ടുകൾക്ക് മാറ്റം വരുത്തണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി). 'നാ റെഡി താ വരവാ' എന്ന ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പരാമർശിക്കുന്ന വരികളും മാറ്റണമെന്നാണ് ഉത്തരവ്. ആനൈത്തു മക്കൾ കച്ചി പാർട്ടിയിലെ രാജേശ്വരിപ്രിയ നൽകിയ പരാതിയിലാണ് നടപടി. ഉത്തരവിന്റെ പകർപ്പ് സാമൂഹ്യ മാധ്യമമായ എക്സിൽ പങ്കുവച്ച് രാജേശ്വരിപ്രിയ തന്നെയാണ് വിവരം പുറത്തുവിട്ടത്.
'നാ റെഡി താ വരവാ' ഗാനത്തിലെ വിജയ് പുകവലിക്കുന്ന, പ്രത്യേകിച്ച് ക്ലോസ് അപ് ഷോട്ടുകള്‍ മാറ്റുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ ഗാനത്തിലെ ഏതൊക്കെ വരികളാണ് മാറ്റേണ്ടതെന്നും എടുത്തു പറഞ്ഞിട്ടുണ്ട്. ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗാനമാണ് 'നാ റെഡി താ വരവാ'. റിലീസായി മിനിറ്റുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ ഗാനം തരംഗമായിരുന്നു. എന്നാൽ പാട്ടിൽ പുകവലിക്കുന്ന രംഗങ്ങളുണ്ടെന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ വിമർശനങ്ങങ്ങളുയർന്നിരുന്നു. ഇതിന്റെ പേരിൽ നടൻ വിജയ് യും വിവാദങ്ങൾ നേരിട്ടിരുന്നു. അതേസമയം ചിത്രത്തിന് ഈ രംഗങ്ങൾ ആവശ്യമാണെന്നായിരുന്നു അണിയറ പ്രവർത്തകരുടെ പ്രതികരണം. എന്നാൽ സിബിഎഫ്സി ഉത്തരവ് വന്നതോടെ രംഗങ്ങളും വരികളും മാറ്റേണ്ടി വരുമെന്നാണ് കരുതുന്നത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ലിയോ. ഗ്യാങ്സ്റ്റർ വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ്, സാൻഡി, മിഷ്‌കിൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ചിത്രം ഒക്ടോബർ 19ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായിരിക്കും ചിത്രം.