സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: നടൻ വിശാലിന്റെ ആരോപണത്തിൽ കേസെടുത്ത് സിബിഐ

സെൻസർ സർട്ടിഫിക്കറ്റിന് കൈക്കൂലി: നടൻ വിശാലിന്റെ ആരോപണത്തിൽ കേസെടുത്ത് സിബിഐ

മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ആറര ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് പരാതി
Updated on
1 min read

സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ കേസെടുത്ത് സിബിഐ. സെൻസർ ബോർഡ് ഉദ്യോഗസ്ഥരായ മെർലിൻ മേനഗ, ജീജ രാംദാസ്, രാജൻ എം എന്നിവർക്കെതിരെയാണ് കേസ്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ പരിശോധന നടത്തിയ സിബിഐ പണമിടപാടുകൾ സംബന്ധിച്ച ചില രേഖകളും കണ്ടെടുത്തു.

സംഭവത്തിൽ ഫിലിം പ്രൊഡക്ഷന്‍ അസോസിയേഷൻ അന്വേഷണം ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിബിഐ കേസെടുത്തത്.

മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ നൽകേണ്ടി വന്നെന്നായിരുന്നു വിശാലിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനും യു എ സർട്ടിഫിക്കറ്റ് ലഭിക്കാനുമായി ആറര ലക്ഷം രൂപയാണ് കൈമാറിയത്. പണം കൈമാറിയതിന്റെ തെളിവുകളും വിശാൽ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. തന്റെ പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കും, കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയത്തിനും നടന്‍ വിശാലും സോഷ്യല്‍ മീഡിയയിലൂടെ നന്ദി പ്രകടിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in