20 കട്ടുകൾ, ഓ മൈ ഗോഡ് 2വിന് എ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്
അക്ഷയ് കുമാര്‍ നായകനാവുന്ന ഓ മൈ ഗോഡ് 2വിന് എ സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. ചിത്രത്തിൽ നിന്നും ഇരുപത് രംഗങ്ങൾ കട്ട് ചെയ്യണമെന്നും നിർദേശിച്ചു. ലൈംഗിക വിദ്യാഭ്യാസവും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വൃണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുപതോളം രംഗങ്ങളിൽ കത്രിക വയ്ക്കാൻ ബോർഡ് നിർദേശം നൽകിയത്
അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓ മൈ ഗോഡ് 2 ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുളള പ്രമേയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് അക്ഷയ് കുമാറും അണിയറ പ്രവർത്തകരും ആവശ്യപ്പെട്ടു
ആദിപുരുഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ഒഎംജി 2വിലെ സംഭാഷണങ്ങളും രംഗങ്ങളും വിശദമായ പുനഃപരിശോധിക്കാനായി റിവിഷൻ കമ്മിറ്റിക്ക് സെന്‍സര്‍ ബോര്‍ഡ് അയച്ചിരുന്നു. റിവിഷൻ കമ്മിറ്റിയാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്.
ലൈംഗിക വിദ്യാഭ്യാസത്തിനപ്പുറമുള്ള കാര്യങ്ങളാണ് സിനിമ പറയുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിഎഫ്ബിസി) സർട്ടിഫിക്കറ്റ് നൽകാൻ വെകുന്നതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. കൂടാതെ, മതപരമായ വിഷയങ്ങൾ കൂടി സിനിമ പ്രതിപാദിക്കുന്നതിനാലും സ്വയംഭോഗം പോലുള്ള കാര്യങ്ങൾ സിനിമ ചർച്ചചെയുന്നതിനാലും പ്രേക്ഷകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നായിരുന്നു സിനിമയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ.
ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് തിയറ്ററിലെത്തിയപ്പോൾ ചിത്രത്തിലെ സംഭാഷങ്ങളും വിഎഫ്എക്സിനെയും ചൊല്ലി വലിയ വിവാദങ്ങളാണ് ഉയർന്നത്. നിലവിൽ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന നോളൻ ചിത്രം ഓപ്പൺഹൈമറും വിവാദത്തിൽപ്പെട്ടിരുന്നു. സെക്സ് രംഗങ്ങളിൽ ഭാഗവദ് ഗീത വായിക്കുന്നതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുളള വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ സെൻസർ ബോർഡ് വളരെ ജാഗ്രതയോടെ' പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്.
. അമിത് റായിതിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവനെ അങ്ങേയറ്റം അർപ്പണബോധത്തോടെ ആരാധിക്കുന്ന കാന്തി ശരൺ മുദ്ഗൽ എന്ന കഥാപാത്രത്തെയാണ് പങ്കജ് അവതരിപ്പിക്കുന്നത്. കാന്തിയുടെ കുടുംബം ഒരു വലിയ ദുരന്തം നേരിടുമ്പോൾ അവരെ സഹായിക്കാൻ വരുന്ന ശിവന്റെ വേഷത്തിലാണ് അക്ഷയ് എത്തുന്നത്. ചിത്രത്തിൽ ഒരു അഭിഭാഷകയുടെ വേഷമാണ് യാമി ഗൗതം അവതരിപ്പിക്കുന്നത്.
സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യുന്നതും എ സർട്ടിഫിക്കറ്റും സിനിമയുടെ സത്തയെ ബാധിക്കുമെന്നാണ് നിർമ്മാതാക്കളുടെ വാദം. അതിനാൽ തന്നെ ചിത്രത്തിന്റെ റിലീസ് തീയതിയിലും മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . നേരത്തെ, ചിത്രം ആഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോർട്ട്. പരേഷ് റാവലും അക്ഷയ് കുമാറും അഭിനയിച്ച ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഒഎംജി 2. ആദ്യ ഭാഗത്തിൽ അക്ഷയ് ശ്രീകൃഷ്ണന്റെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.