ഗണേശന് ശേഷവും മന്ത്രിമാര്‍ വന്നു, പദ്ധതികളും നടപ്പിലാക്കി, അക്കാദമിയില്‍ വന്ന് ബോധ്യപ്പെടാം; മറുപടിയുമായി രഞ്ജിത്ത്

ഗണേശന് ശേഷവും മന്ത്രിമാര്‍ വന്നു, പദ്ധതികളും നടപ്പിലാക്കി, അക്കാദമിയില്‍ വന്ന് ബോധ്യപ്പെടാം; മറുപടിയുമായി രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്ന പരാമർശത്തിലാണ് മറുപടി
Updated on
1 min read

ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിനെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് നേട്ടങ്ങൾ എണ്ണി പറഞ്ഞ് രഞ്ജിത്തിന്റെ മറുപടി. ഗണേഷിന്റെ പരാമർശങ്ങളിൽ ഖേദമുണ്ട്. ഗണേഷിന്റേത് പറയാൻ പാടില്ലാത്ത പരാമർശമാണെന്നും അദ്ദേഹത്തിന് തെറ്റിദ്ധാരണയായിരിക്കാമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞു. ഗണേഷ് കുമാറിന് ശേഷവും മന്ത്രിമാര്‍ വന്നു, പദ്ധതികളും നടപ്പിലാക്കി. അതു നേരിട്ട് ബോധ്യപ്പെടാൻ ഗണേഷ് കുമാറിന് അക്കാദമി ഓഫീസ് സന്ദർശിക്കാമെന്നും രഞ്ജിത്ത് വ്യക്തമാക്കി . ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് അടക്കമാണ് മറുപടി നൽകിയത്

രഞ്ജിത്തിന്റെ വാക്കുകൾ

ഫിലിം ഫെസ്റ്റിവല്‍ നടത്തുക എന്ന രീതിയിലേക്ക് അധഃപതിച്ചുപോയി അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നു അദ്ദേഹം പറഞ്ഞതില്‍ വളരെയധികം ഖേദമുണ്ട്. കൈയിലുള്ള ചെറിയ ധനവിഹിതം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച സിനിമകളും വിഖ്യാതരായ സിനിമാപ്രവര്‍ത്തകരെയും കേരളത്തിലത്തെിച്ച് അവരുമായി ഡെലിഗേറ്റുകള്‍ക്ക് സംവാദത്തിനുള്ള അവസരം ഒരുക്കുന്ന വേദിയാണ് IFFK. ഏറ്റവും മികച്ച സിനിമകളൊരുക്കുന്നവരുടെ അര്‍ഹതയുള്ള കൈകളിലാണ് അവാര്‍ഡുകള്‍ എത്തുന്നത് എന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് അക്കാദമി നടത്തുന്നത്. IFFKയുടെ കഴിഞ്ഞ രണ്ട് പതിപ്പുകളിലായി നല്‍കി വരുന്ന സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡിന് ഒരു അന്താരാഷ്ട്ര മാനമുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങള്‍ അക്കാദമിയെ പഴിചാരും മുമ്പ് ഗണേശൻ മനസിലാക്കേണ്ടിയിരുന്നു. IFFKക്കും സിനിമാ/ടിവി അവാര്‍ഡ് വിതരണത്തിനും പുറമെ ചലച്ചിത്ര അക്കാദമി ചലച്ചിത്ര മേഖലയില്‍ നിരവധി പദ്ധതികള്‍ നടത്തി വരുന്നുണ്ട്.

എന്റെ സുഹൃത്ത് ഗണേശൻ മന്ത്രിപദം ഒഴിഞ്ഞതിന് ശേഷം നിരവധി മന്ത്രിമാരും നിര്‍ദിഷ്ട പദ്ധതികളും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കാന്‍ സഹായിച്ചിട്ടുണ്ട്. അതേ കുറിച്ച് അക്കാദമി ഗണേശനെ ധരിപ്പിച്ചിട്ടുണ്ടാകില്ല. അതാകാം തെറ്റിദ്ധാരണയ്ക്ക് കാരണം. പുതിയതും തുടര്‍ന്നു വരുന്നതുമായി 25ല്‍പ്പരം പദ്ധതികള്‍ അക്കാദമി നടപ്പിലാക്കി വരുന്നു. വളരെ വിശദമായി അക്കാദമിയുടെ പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട് ഇതോടൊപ്പം വെക്കുന്നു. അതൊന്ന് പരിശോധിച്ചാൽ അക്കാദമിയില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാവും.

കേരള രാജ്യാന്തര ചലച്ചിത്രമേളയും ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവലും , ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഒരു ഓഫീസ് മാത്രമായി ചലച്ചിത്ര അക്കാദമി അധഃപതിച്ചെന്നും അക്കാദമിയുടെ ആശയം അതല്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം. നിയമസഭയിലെ പുസ്തകോത്സവ വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം

logo
The Fourth
www.thefourthnews.in