വൈരമുത്തുവിനെതിരെ നടപടിയെടുക്കണം; എം കെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി ചിന്മയി

വൈരമുത്തുവിനെതിരെ നടപടിയെടുക്കണം; എം കെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി ചിന്മയി

ട്വീറ്ററിലൂടെയാണ് ​ഗായിക തന്റെ ആവശ്യം അറിയിച്ചത്
Updated on
1 min read

മീ ടൂ ആരോപണങ്ങളിൽ വീണ്ടും ശബ്ദമുയർത്തി ഗായിക ചിന്മയി ശ്രീപദ. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ നടപടിയെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ​ചിന്മയി. തമിഴ് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് തന്റെ പിന്തുണ നൽകാതെ ഗുസ്തിക്കാർക്ക് പിന്തുണ നൽകിയതിന് കമൽഹാസനെ വിമർശിച്ചതിനു പിന്നാലെയാണ് പുതിയ ആവശ്യവുമായി ചിന്മയി ​രംഗത്തെത്തിയിരിക്കുന്നത്. ​ട്വീറ്ററിലൂടെയാണ് ഗായിക തന്റെ ആവശ്യം അറിയിച്ചത്.

വൈരമുത്തുവിനെതിരെ നടപടിയെടുക്കണം; എം കെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി ചിന്മയി
ഗായികയുടെ വിലക്കിനെതിരെ ശബ്ദിച്ചില്ല; ഗുസ്തിതാരങ്ങളെ പിന്തുണച്ചു, എങ്ങനെ വിശ്വസിക്കുമെന്ന് കമൽഹാസനോട് ചിന്മയി

എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ള ഡിഎംകെ പാർട്ടിയിലെ പല രാഷ്ട്രീയ അംഗങ്ങളും വൈരമുത്തുവിനോട് അടുപ്പമുള്ളവരാണ്. ഈ കാരണത്താലാണ് വിഷയത്തിൽ എല്ലാവരും നിശബ്ദത പാലിക്കുന്നതെന്നും ചിന്മയി ആരോപിക്കുന്നു. എല്ലാ ജോലിസ്ഥലങ്ങളും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും ​ഗായിക എം കെ സ്റ്റാലിനോട് അഭ്യർത്ഥിക്കുന്നു.

"ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, ലൈംഗികാതിക്രമത്തെ അതിജീവിച്ചവർക്കുള്ള നീതിക്കായി ഇന്ത്യയിലുടനീളം ഒരോ കേസ് വരുമ്പോഴും നിങ്ങൾ പിന്തുണ നൽകുന്നത് അതിശയകരമാണ്. രാഷ്ട്രീയ നേതാക്കൾ ശബ്ദമുയർത്തുമ്പോൾ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല വ്യവസായങ്ങളിലും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങൾ നിലവിലില്ല. പ്രത്യേകിച്ച് സിനിമാ വ്യവസായത്തിൽ, ഐസിസിയോ പോക്സോ യൂണിറ്റുകളോ ഇല്ല. നിങ്ങളുടെ സുഹൃത്തും സഹയാത്രികനുമായ വൈരമുത്തുവിനെതിരെ 17ലധികം സ്ത്രീകളാണ് പരാതി നൽകിയിട്ടുള്ളത്. നിങ്ങളുമായുള്ള ബന്ധമാണ് തനിക്കതിരെ ശബ്ദമുയർത്തുന്ന സ്ത്രീകളെ നിശബ്ദരാക്കാൻ വൈരമുത്തു ഇപ്പോഴും ഉപയോ​ഗിക്കുന്നത്. തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ നിങ്ങളുടെ പാർട്ടിയും അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ്", ചിന്മയി ട്വിറ്ററിൽ കുറിച്ചു.

2018 ലാണ് തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ച മീ ടൂ ആരോപണവുമായി ചിന്മയി രംഗത്തുവന്നത്. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു പരാതി. സംഗീത പരിപാടിക്ക് സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു പീഡിപ്പിച്ചെന്നായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സൗത്ത് ഇന്ത്യന്‍ സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് യൂണിയന്‍ ചിന്മയിയെ സിനിമയില്‍ നിന്ന് വിലക്കി. അഞ്ചു വർഷത്തിനിപ്പുറവും ആ വിലക്ക് തുടരുകയാണ്.

logo
The Fourth
www.thefourthnews.in