'ഡബ്ല്യുസിസി അംഗങ്ങൾ എന്റെ ഹീറോകൾ, കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'; സൂപ്പർസ്റ്റാറുകളുടെ പേരും പുറത്തുവരണമെന്ന് ചിന്മയി ശ്രീപദ
മലയാള സിനിമയിലെ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച ഡബ്ല്യു സി സിയെ പ്രകീർത്തിച്ച് തെന്നിന്ത്യൻ ഗായിക ചിന്മയി ശ്രീപദ. ഡബ്ള്യു സി സി അംഗങ്ങൾ തന്റെ ഹീറോകളാണ്. ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ മലയാളിസമൂഹം നൽകിയ പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും ചിന്മയി പറഞ്ഞു. ദേശീയ മാധ്യമമായ 'ദി ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിലാണ് ചിന്മയിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നടന്ന അഭിമുഖത്തിൽ ലൈംഗികാതിക്രമ പരാതികളുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ തന്നെ അസൂയപ്പെടുത്തുന്നുവെന്ന് ചിന്മയി അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് ഇതുവരെ അങ്ങനെയൊരു പിന്തുണ സംവിധാനം ലഭിച്ചിട്ടില്ല.
ഒപ്പം, സിനിമ മേഖലയിലെ അതിക്രമങ്ങളെ നേരിടാൻ സ്ത്രീകൾ മുന്നിട്ടിറങ്ങിയതിനെയും ചിന്മയി അഭിനന്ദിച്ചു. തമിഴ് സിനിമയയിലെ പല പ്രധാനികൾക്കെതിരെയും മി ടൂ ആരോപണവുമായി സധൈര്യം മുന്നോട്ടുവന്നയാളാണ് ചിന്മയി. 2018ൽ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് എതിരെയായിരുന്നു ചിന്മയി ആദ്യമായി ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ നടൻ രാധാ രവിക്കുമെതിരെയും രംഗത്തെത്തിയിരുന്നു.
തനിക്ക് നേരിട്ട വിഷയങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞപ്പോൾ, തന്നെ ഒറ്റപ്പെടുകയാണ് തമിഴ് സിനിമാമേഖല ചെയ്തതെന്നും ചിന്മയി ചൂണ്ടിക്കാട്ടി. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെ ചോദ്യം ചെയ്തപ്പോൾ ഒരാൾ പോലും തനിക്കായി ശബ്ദിച്ചില്ല. എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ട്. മലയാളി നടിമാർ തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള വിവിധ സിനിമ മേഖലകളിൽ ജോലി ചെയ്യുന്നവരാണെന്ന കാര്യവും ചിന്മയി ഓർമിപ്പിച്ചു. ഒരു ഡബ്ല്യു സി സി കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.
നിലവിലെ ലൈംഗികാരോപണങ്ങൾ സിനിമ മേഖലയെ മധ്യനിരയിലുള്ളവരെക്കുറിച്ച് മാത്രമാണ്. സൂപ്പർസ്റ്റാറുകളുടെ പങ്ക് ചൂണ്ടിക്കാട്ടാൻ ആരും തയാറായിട്ടില്ല. അവരും ഈ വിഷയത്തിൽ തെറ്റുകാരാണെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അവർ സംരക്ഷിക്കപ്പെടുന്നു. ഒരു സൂപ്പർസ്റ്റാറിനെതിരെ തമിഴിൽ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്നത് പിൻവലിക്കുകയിരുന്നു. ഇത്തരക്കാർ എല്ലാ സിനിമ വ്യവസായത്തിലുമുണ്ടെന്നും ചിന്മയി പറഞ്ഞു.