ചിരഞ്ജീവിയുടെ 'മെഗാ 154'; 'വാള്‍ട്ടയര്‍ വീരയ്യ'യുടെ ടീസര്‍ പുറത്ത്

ചിരഞ്ജീവിയുടെ 'മെഗാ 154'; 'വാള്‍ട്ടയര്‍ വീരയ്യ'യുടെ ടീസര്‍ പുറത്ത്

ചിത്രം പൊങ്കലിന് തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന
Updated on
1 min read

ആരാധകര്‍ക്ക് ചിരഞ്ജീവിയുടെ ദീപാവലി സമ്മാനമായി 'വാള്‍ട്ടയര്‍ വീരയ്യ'യുടെ ടീസര്‍ പുറത്ത്. ചിരഞ്ജീവിയുടെ സിനിമ ജീവിതത്തിലെ 154-ാം ചിത്രത്തിന് മെഗാ154 എന്നായിരുന്നു മുമ്പ് വിശേഷിപ്പിച്ചിരുന്നത്. ടീസറിനോടൊപ്പം ചിത്രത്തിന്റെ ടൈറ്റിലും പുറത്ത് വിട്ടിരിക്കുകയാണ്.

പതിവ് ചിരഞ്ജീവി ചിത്രങ്ങളെ പോലെ ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കുന്ന ഒരു മാസ് മസാല ചിത്രമായിരിക്കും വാള്‍ട്ടയര്‍ വീരയ്യ. ട്രെയിലറില്‍ പതിവ് പോലെ വില്ലനെ അടിച്ചു പറത്തി, സ്റ്റൈലിഷ് ലുക്കില്‍ നടന്ന് വരുന്ന ചിരഞ്ജീവിയെ കാണാം. തെലുങ്ക് സൂപ്പര്‍താരത്തിന്‍റെ ആരാധകര്‍ക്കായുള്ള ദീപാവലി സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടത്.

വാള്‍ട്ടയര്‍ വീരയ്യയില്‍ ചിരഞ്ജിവിക്കൊപ്പം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രവി തേജയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശ്രുതി ഹസനാണ് നായിക. രംഗസ്ഥലം, പുഷ്പ, ഡിയര്‍ കോംറേഡ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ മൈത്രി മൂവി മോക്കേഴ്സാണ് വാള്‍ട്ടയര്‍ വീരയ്യയുടെ നിര്‍മാണം.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രമായിരുന്നു ആചാര്യ. മകൻ രാംചരണിനോടൊപ്പം അഭിനയിച്ച ആചാര്യ തിയറ്ററിൽ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ റീമേക്ക് 'ഗോഡ്ഫാദര്‍' തിയറ്ററില്‍ വിജയം നേടിയിരുന്നു. ചിരഞ്ജീവിയുടെ സിനിമ ശൈലി ഏറെ കാത്തിരുക്കുന്ന ആരാധകര്‍ക്ക് വാള്‍ട്ടയര്‍ വീരയ്യ ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. ചിത്രം പൊങ്കലിന് തിയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in