ചിത്ര പറയുന്നു: "ഇതൊരു ശ്രമം മാത്രം''

ചിത്ര പറയുന്നു: "ഇതൊരു ശ്രമം മാത്രം''

" ജാനകിയമ്മ പാടിയ വേർഷൻ ബിജിബാൽ കേൾപ്പിച്ചു തന്നപ്പോൾ ശരിക്കും തരിച്ചിരുന്നുപോയി "
Updated on
2 min read

"നീലവെളിച്ചം'' എന്ന ചിത്രത്തിൽ പുനരാവിഷ്കരിക്കപ്പെട്ട "അനുരാഗ മധുചഷകം'' എന്ന ഗാനവും നൃത്തരംഗവും തരംഗമാകുമ്പോൾ, എസ് ജാനകിയുടെ ക്ലാസിക് ഗാനത്തിന് വീണ്ടും ശബ്ദം നൽകിയതിനെ കുറിച്ച് ചിത്ര

ആശങ്കയായിരുന്നു ആദ്യം; ആറു പതിറ്റാണ്ടോളം മുൻപ്  ജാനകിയമ്മ ഹൃദയം നൽകി പാടിവെച്ച പാട്ടിനോട് തനിക്ക് നീതി പുലർത്താൻ പറ്റുമോ എന്ന ആശങ്ക. ഇപ്പോഴത് ആകാംക്ഷയ്ക്ക് വഴിമാറിയിരിക്കുന്നു: പാട്ടിന്റെ പുനരാവിഷ്കരണം മലയാളികളായ  സംഗീതാസ്വാദകർ എങ്ങനെയാകും സ്വീകരിക്കുക ?

"പലരും നല്ല അഭിപ്രായം പറഞ്ഞുകേൾക്കുന്നതിൽ സന്തോഷം.'' നീലവെളിച്ചം എന്ന പുതിയ ചിത്രത്തിന് വേണ്ടി "ഭാർഗ്ഗവീനിലയ''ത്തിലെ അനുരാഗമധുചഷകം എന്ന ഗാനം വീണ്ടും പാടി റെക്കോർഡ് ചെയ്ത ചിത്രയുടെ വാക്കുകൾ. "ഭാസ്കരൻ മാഷേയും ബാബുക്കയേയും പ്രിയപ്പെട്ട  ജാനകിയമ്മയെയുമൊക്കെ മനസ്സിൽ ധ്യാനിച്ചാണ് ആ പാട്ട് പാടിയത്. അവരുടെ എല്ലാം ഹൃദയങ്ങളുണ്ടല്ലോ ആ പാട്ടിൽ.'' വൈക്കം മുഹമ്മദ്  ബഷീറിന്റെ വിഖ്യാതമായ കഥയെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന "നീലവെളിച്ച''ത്തിലെ ഈ ഗാനരംഗത്ത് നർത്തകിയായി പ്രത്യക്ഷപ്പെടുന്നത് റീമാ കല്ലിങ്കൽ.  ബിജിബാലും റെക്സ് വിജയനും ചേർന്ന് പുനരാവിഷ്കരിച്ച  പാട്ടിനൊപ്പം അതിന്റെ ചിത്രീകരണവും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.

ഭാർഗ്ഗവീനിലയത്തിലെ ക്ലാസ്സിക് ഗാനങ്ങളുടെ കൂട്ടത്തിൽ  (താമസമെന്തേ വരുവാൻ, വാസന്തപഞ്ചമിനാളിൽ, അറബിക്കടലൊരു മണവാളൻ, പൊട്ടിത്തകർന്ന, ഏകാന്തതയുടെ അപാരതീരം…)  മറ്റുള്ളവയോളം ശ്രദ്ധിക്കപ്പെടാതെ പോയ നൃത്തഗാനമാണ്  "അനുരാഗമധുചഷകം.'' കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടെങ്കിലും മറ്റു ഗാനങ്ങളോളം മനസ്സിനെ വിടാതെ പിന്തുടർന്ന പാട്ടായിരുന്നില്ല അതെന്ന് ചിത്ര. `` ഒരു പക്ഷേ വേദികളിൽ പാടാൻ അവസരം ലഭിക്കാത്തതുകൊണ്ടാവാം. അതുകൊണ്ടു തന്നെ ജാനകിയമ്മ പാടിയ വേർഷൻ ബിജിബാൽ കേൾപ്പിച്ചു തന്നപ്പോൾ ശരിക്കും തരിച്ചിരുന്നുപോയി. എന്തൊരു ആലാപനമാണ് അമ്മയുടേത്. സ്വാഭാവികമായും ആദ്യം തോന്നിയത് ടെൻഷനാണ്.  ഈശ്വരാ എനിക്കിത് പാടാൻ പറ്റുമോ എന്ന ആശങ്ക. എന്തായാലും ഒരു ശ്രമം നടത്തിനോക്കാം എന്ന് തീരുമാനിച്ചു.'' 

ചിരിയോടെ ചിത്ര കൂട്ടിച്ചേർക്കുന്നു: "ശ്രമം എന്നേ പറയാനാകൂ. മറ്റ്  അവകാശവാദങ്ങൾ ഒന്നുമില്ല. ജാനകിയമ്മ പാടിയ ഒറിജിനൽ ഗാനവുമായി താരതമ്യപ്പെടുത്തരുതേ എന്നൊരു പ്രാർത്ഥന മാത്രം..'' ഇതേ ചിത്രത്തിന് വേണ്ടി ഭാർഗ്ഗവീനിലയത്തിലെ മറ്റ് രണ്ടു പ്രശസ്ത ഗാനങ്ങൾ കൂടി പുതിയ വാദ്യവിന്യാസത്തിന്റെ അകമ്പടിയോടെ പാടി റെക്കോർഡ് ചെയ്തിട്ടുണ്ട് ചിത്ര: പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു, പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ടൊരു… രണ്ടും എസ് ജാനകിയുടെ മധുരസ്വരത്തിൽ അനശ്വരമായ ഗാനങ്ങൾ.

ഭാർഗ്ഗവീനിലയത്തിൽ "അനുരാഗമധുചഷകം'' എന്ന  നൃത്ത രംഗം ചിട്ടപ്പെടുത്തിയത് ഡാൻസർ തങ്കപ്പൻ. ആ ഗാനത്തിന്റെ സൃഷ്‌ടിയെ കുറിച്ച് സംവിധായകൻ വിൻസന്റ് മാസ്റ്റർ പങ്കുവെച്ച ഓർമ്മ ഇങ്ങനെ: " ബാബുരാജ് ആദ്യം ചെയ്ത ഈണം നന്നായിരുന്നു. പക്ഷേ അതിന് ടെംപോ പോരെന്നു എനിക്കൊരു തോന്നൽ. കോളേജിലെ കുട്ടികളുടെ ഡാൻസ് ആണല്ലോ.  അതേ അഭിപ്രയമായിരുന്നു തങ്കപ്പൻ മാസ്റ്റർക്കും. അങ്ങനെയാണ് കുറച്ചു കൂടി തബല ബീറ്റൊക്കെ ചേർത്ത് പുതിയൊരു ഈണം ബാബു കംപോസ് ചെയ്തത്. ഹൈ പിച്ചിലുള്ള ആ പാട്ട് ജാനകി അതിഗംഭീരമായി പാടുകയും ചെയ്തു.'' ഭാർഗ്ഗവീനിലയത്തിൽ വിജയനിർമ്മലയും കൂട്ടരുമാണ് ആ നൃത്തരംഗത്ത് പ്രത്യക്ഷപ്പെട്ടത്.

ബഷീർ കഥയുടെ പുതിയ ചലച്ചിത്രാവിഷ്കാരത്തിൽ ടോവിനോ ആണ് മധു അവതരിപ്പിച്ച എഴുത്തുകാരന്റെ റോളിൽ. നസീറിന്റെ വേഷം റോഷൻ മാത്യുവിനും പി ജെ ആന്റണിയുടേത് ഷൈൻ ടോം ചാക്കോയ്ക്കും. ഭാർഗ്ഗവീനിലയത്തിലെ പാട്ടുകളിൽ  വാസന്തപഞ്ചമിനാളിൽ, അറബിക്കടലൊരു മണവാളൻ എന്നിവയൊഴിച്ചു മറ്റെല്ലാ പാട്ടുകളും "നീലവെളിച്ച''ത്തിൽ പുനഃസൃഷ്ടിക്കപ്പെടും. യേശുദാസ് പാടി അനശ്വരമാക്കിയ "താമസമെന്തേ വരുവാൻ'' എന്ന ക്ലാസ്സിക് പ്രണയഗാനത്തിന് പുറമെ കമുകറയുടെ "ഏകാന്തതയുടെ അപാരതീര''ത്തിനും ശബ്ദം നൽകുന്നത് ഷഹബാസ് അമൻ

"വലിയൊരു വെല്ലുവിളി തന്നെയാണ് ഈ പുനഃസൃഷ്ടി.''-- ബിജിബാൽ പറയുന്നു. തലമുറകൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ പാട്ടുകളാകുമ്പോൾ അത് സ്വാഭാവികമാണ് താനും. കഴിയുന്നതും പാട്ടുകളുടെ മൗലിക സ്വഭാവത്തിന് ഭംഗം വരുത്താതെ, പുതിയൊരു സൗണ്ടിംഗ് നൽകാനാണ് ശ്രമിച്ചിട്ടുള്ളത്. അനുരാഗ മധുചഷകത്തിന് ലഭിച്ച  സ്വീകരണം ഒരേസമയം ആഹ്ളാദവും ആശ്വാസവും പകരുന്നു

ഏറ്റവും വലിയ വെല്ലുവിളി മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനമായി നിരവധി പേർ എടുത്തുപറയുന്ന "താമസമെന്തേ''യുടെ പുനഃസൃഷ്ടി തന്നെ. ആ ഗാനത്തിന്റെ തുടക്കത്തിൽ  ഫോർട്ട് കൊച്ചിക്കാരൻ ജൂനാ സേട്ട് മീട്ടിയ സിതാർ ശകലം പോലും  മലയാളിക്ക്  മനഃപാഠം. "ഗാനങ്ങളുടെ പശ്ചാത്തലത്തിൽ മിക്കവാറും പൂർണ്ണമായിത്തന്നെ ഒറിജിനൽ വാദ്യോപകരണങ്ങൾ  ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. പഴയൊരു കാലത്തിന്റെ പുനരാവിഷ്കാരം കൂടിയാണല്ലോ ഇത്.''---ബിജിബാലിന്റെ വാക്കുകൾ. പുതിയ "നീലവെളിച്ച''ത്തിലെ പാട്ടുകളിൽ സിതാർ മീട്ടുന്നത് കെ ജെ പോൾസൺ

മലയാളികളുടെ എത്രയോ തലമുറകൾ ഹൃദയത്തോട് ചേർത്തുവെച്ച ഗാനങ്ങൾ പുതിയ രൂപഭാവങ്ങളോടെ വീണ്ടുമെത്തുമ്പോൾ എങ്ങനെയാകും സ്വീകരിക്കപ്പെടുക? നമുക്ക് കാത്തിരുന്നു കാണാം.  

logo
The Fourth
www.thefourthnews.in