കർണൻ എത്തും; കാത്തിരുന്ന പ്രഖ്യാപനവുമായി ആർ എസ് വിമൽ
തമിഴ് സൂപ്പര്‍താരം വിക്രത്തിനെ നായകനാക്കി മലയാളി സംവിധായകന്‍ ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന 'സൂര്യപുത്ര മഹാവീർ കർണ' ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. കർണനിലൂടെ മഹാഭാരത കഥ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
വിക്രത്തിന്റെ ചിത്രത്തോടൊപ്പം 'സൂര്യപുത്രൻ കർണൻ റോളിങ് സൂൺ' എന്ന കുറിപ്പോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പൃഥ്വിരാജിനെ നായകനാക്കി 2018ൽ പ്രഖ്യാപിച്ച ചിത്രമാണ് കർണൻ. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കർണൻ ഒരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ആർ എസ് വിമൽ. തുടർന്ന് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി. ഇതിനു പിന്നാലെ കർണനിൽ നിന്ന് വിക്രം പിന്മാറിയെന്ന വാർത്തകളും പുറത്തുവന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിൽ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താഞ്ഞതായിരുന്നു ഇതിന് കാരണം.
എന്നാൽ കോവിഡിന് ശേഷം വിക്രം നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന മറ്റ് ചിത്രങ്ങളുടെ തിരക്കിലായതാണ് ചിത്രീകരണം വൈകുന്നതിന് കാരണമെന്നും ഷൂട്ടിങ് ഉടൻ പുനരാരംഭിക്കുമെന്നും ആർ എ വിമൽ അറിയിക്കുകയായിരുന്നു. പിന്നാലെ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്നും നടൻ വിക്രമും പ്രതികരിച്ചിരുന്നു.
എന്ന് നിന്റെ മോയ്തീൻ, ശശിയും ശകുന്തളയും എന്നീ ചിത്രങ്ങൾക്ക് ശേഷം ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര മഹാവീർ കർണ. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുക.