'ഏതുതരം ത്രില്ലറിലും ഡ്രാമയും ഇമോഷനും വേണം, അതാണ് മനുഷ്യ മനസിനെ സ്വാധീനിക്കുക'
സിനിമകളില്‍ കാണികളെ സ്വാധീനിക്കുന്ന വിഷയം ഡ്രാമയും ഇമോഷനുമാണെന്ന് ഛായാഗ്രാഹകന്‍ വേണു. മാളൂട്ടി, ഗുണ, ടൈറ്റാനിക്ക് സിനിമകളെ താരതമ്യം ചെയ്തായിരുന്നു വേണുവിന്റെ പരാമര്‍ശം. മഞ്ഞുമ്മല്‍ ബോയ്‌സ് വലിയ വിജയം കൊയ്യുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്ന ഗുണ സിനിമാ ചിത്രീകരണത്തിലെ അനുഭവങ്ങള്‍ പങ്കുവച്ച് സംസാരിക്കവെയാണ് വേണുവിന്റെ പരാമര്‍ശം.
മാളൂട്ടി കൃത്യമായ സ്‌ക്രിപ്റ്റ് പോലും ഇല്ലാതെ ചെയ്ത സിനിമയാണ്. അതൊരു സര്‍വൈവല്‍ ത്രില്ലറാണെന്ന് തോന്നിയിട്ടില്ല. അതില്‍ ഡ്രാമയും ഇമോഷനും വേണ്ട ഇടങ്ങളില്‍ ഇല്ല. അത്തരം പ്രശ്‌നങ്ങളുമുണ്ടായിരുന്നു. മാളൂട്ടിയും മഞ്ഞുമ്മല്‍ ബോയ്‌സും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. ഏത് സിനിമയാണെങ്കിലും ഇമോഷനും ഡ്രാമയുമാണ് പ്രധാനം. അത് മനുഷ്യന്റെ മനസിനെ എങ്ങനെ ബാധിക്കുന്നത് എന്നത് പ്രധാനമാണ്. ടൈറ്റാനിക് സിനിമയിലും അതാണ് കാണുകയെന്നും വേണു പറയുന്നു.
ചില സിനിമകള്‍ കാലത്തിന് അതീതമായി നിലനില്‍ക്കും ചിലത് സ്‌ഫോടനമുണ്ടാക്കി കടന്നു പോകും. ഗുണ അന്ന് ഹിറ്റാകാതിരുന്നതില്‍ വിഷമമില്ല. സിനിമയ്ക്ക് നല്‍കിയ ഇന്‍പുട്ടിന് അനുസരിച്ച ഫലം കിട്ടിയില്ലെന്ന് കരുതുന്നു. എന്നാല്‍ സിനിമ കണ്ട കമല്‍ഹാസന്‍ സന്തോഷവാനായിരുന്നു എന്നും വേണു പറയുന്നു.