ഭാസ്കരൻ മാസ്റ്ററുടെ നെഞ്ചിൽ ചവിട്ടി അരങ്ങേറ്റം

ഭാസ്കരൻ മാസ്റ്ററുടെ നെഞ്ചിൽ ചവിട്ടി അരങ്ങേറ്റം

'നീലക്കുയിലി'ലെ അഭിനേതാക്കളിൽ ഇന്ന് ജീവിച്ചിരിപ്പുള്ള ഒരേയൊരാളാണ് ബാലനടനായി വേഷമിട്ട വിപിൻ മോഹൻ എന്ന മാസ്റ്റർ വിപിൻ. 60 വർഷത്തിനുശേഷം കഴിഞ്ഞദിവസം പടം തിയേറ്ററിൽ കണ്ടപ്പോൾ വിപിന്റെ കണ്ണുനിറഞ്ഞു
Updated on
3 min read

നിറഞ്ഞ സദസ്സിലൊരാളായി ശ്രീ തിയേറ്ററിൽ 'നീലക്കുയിൽ' കണ്ടിരിക്കേ പഴയൊരു സ്കൂൾ കുട്ടി പുനർജനിച്ചിരിക്കണം വിപിൻ മോഹന്റെ ഉള്ളിൽ. മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഒരു കുട്ടി.

ഏഴു പതിറ്റാണ്ടു മുൻപ് പുറത്തുവന്ന 'നീലക്കുയിലി'ലെ അഭിനേതാക്കളിൽ ഇന്ന് നമുക്കൊപ്പമുള്ള ഒരേയൊരാളാണ് ആ ചിത്രത്തിൽ ബാലനടനായി വേഷമിട്ട വിപിൻ മോഹൻ എന്ന മാസ്റ്റർ വിപിൻ. "അന്ന് കണ്ട ശേഷം ആദ്യമായാണ് സിനിമ മുഴുവനായും ബിഗ് സ്‌ക്രീനിൽ കാണുന്നത്," പിൽക്കാലത്ത് തിരക്കേറിയ ഛായാഗ്രാഹകനായി വളർന്ന വിപിൻ മോഹൻ പറയുന്നു. "വല്ലാത്തൊരു അനുഭവമായിരുന്നു; അഭിനയിച്ച രംഗങ്ങൾ സ്‌ക്രീനിൽ കണ്ടപ്പോൾ വികാരാധിക്യം കൊണ്ട് കണ്ണു നിറഞ്ഞു; പലരെയും ഓർമ വന്നു, ഭാസ്കരൻ മാഷെ, വിൻസന്റ് മാഷെ, കാര്യാട്ട് സാറിനെ, സത്യൻ സാറിനെ, മിസ് കുമാരിയെ.... ആരുമില്ല ഇന്ന് ഒപ്പം എന്ന സത്യം ഉൾക്കൊള്ളാൻ മടിക്കുന്നു മനസ്സ്."

'നീലക്കുയിൽ' എന്ന ചിത്രത്തിൽ വിപിൻ മോഹൻ
'നീലക്കുയിൽ' എന്ന ചിത്രത്തിൽ വിപിൻ മോഹൻ

പാടി അഭിനയിച്ച 'കടലാസു വഞ്ചിയേറി' എന്ന ഗാനത്തിന്റെ ചിത്രീകരണം മറക്കാനാവാത്ത അനുഭവമാണ് വിപിൻ മോഹന്. വാഹിനി സ്റ്റുഡിയോയിലും തൃശൂരിലെ മുളങ്കുന്നത്തുകാവിലുമായിരുന്നു ഷൂട്ടിങ്. "കുളത്തിൽ കടലാസ് തോണിയിറക്കിക്കൊണ്ട് പാടേണ്ട പാട്ടാണെന്നറിഞ്ഞപ്പോഴേ ഞാൻ പറഞ്ഞു പറ്റില്ലെന്ന്. വെള്ളത്തിൽ ഇറങ്ങാൻ പേടിയുള്ള പ്രായമാണ്. ഭാസ്കരൻ മാഷും വിൻസന്റ് മാഷും ഒക്കെ നിർബന്ധിച്ചിട്ടും നിലപാട് മാറ്റിയില്ല ഞാൻ. ഒടുക്കം ഭാസ്കരൻ മാഷ് ഒരു വിദ്യ പറഞ്ഞുതന്നു. അദ്ദേഹം വെള്ളത്തിനടിയിൽ മലർന്നുകിടക്കും. ആ നെഞ്ചിൽ ചവിട്ടി നടക്കാം എനിക്ക്. അതുകേട്ടപ്പോൾ എനിക്ക് പൂർണ സമ്മതം. അങ്ങനെയാണ് ആ സീൻ ഞാൻ അഭിനയിച്ചു തീർത്തത്.''

പടത്തിൽ വിപിനുവേണ്ടി പിന്നണി പാടിയ പുഷ്പ ബംഗളൂരുവിലുണ്ട്. പുഷ്പയും പ്രൊഡക്ഷൻ മാനേജർ ആർ എസ് പ്രഭുവും ഒഴികെ 'നീലക്കുയിലു'മായി ബന്ധപ്പെട്ടവരെല്ലാം ഓർമയായിക്കഴിഞ്ഞു. മലയാള സിനിമാചരിത്രം തിരുത്തിയെഴുതിയ പടമായിരുന്നു പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്നൊരുക്കിയ 'നീലക്കുയിൽ' (1954). സിനിമയെ കെട്ടുകാഴ്ചകളിൽനിന്ന് മോചിപ്പിച്ച് മണ്ണിലേക്കും മനുഷ്യമനസ്സിലേക്കും പറിച്ചുനട്ട പടം.

ഭാസ്കരൻ മാസ്റ്ററുടെ നെഞ്ചിൽ ചവിട്ടി അരങ്ങേറ്റം
വയലാർ മൂളിനടന്ന "തമ്പിഗാന"ത്തിന്റെ കഥ

"തൃശൂരിലെ ജോസ് തിയേറ്ററിൽനിന്ന് പടം കണ്ടതിന്റെ മങ്ങിയ ഓർമ ഇപ്പോഴുമുണ്ട്. വെള്ളിത്തിരയിൽ എന്നെത്തന്നെ ജീവനോടെ കണ്ടതിന്റെ ത്രില്ലിലായിരുന്നല്ലോ ഞാൻ. കഥയൊന്നും മനസ്സിലായില്ല. നീലക്കുയിലിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രായവും പക്വതയും കൈവന്നിരുന്നുമില്ല," വിപിന്റെ വാക്കുകൾ. "ഇന്നോർക്കുമ്പോൾ അഭിമാനമുണ്ട്, അതുപോലൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ. മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്നത് തന്നെ ഒരർത്ഥത്തിൽ നീലക്കുയിലിൽ നിന്നാണല്ലോ."

പടത്തിന്റെ അൻപതാം ദിവസം തൃശൂർ നഗരത്തിൽ ആർഭാടപൂർവം ആഘോഷിക്കപ്പെട്ടതിന്റെ ഓർമകൾ വിപിന്റെ മനസ്സിലുണ്ട്. "വലിയൊരു വാനിൽ നടീനടന്മാരെയും കയറ്റിയുള്ള നഗരപ്രദക്ഷിണം മറക്കാനാവില്ല. വാനിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്നു ഞാൻ. റോഡിന്റെ ഇരുവശത്തും ആരവങ്ങൾ മുഴക്കി ആൾക്കൂട്ടം. ഒരു മലയാള സിനിമ അത്രയേറെ ആഘോഷിക്കപ്പെടുന്നത് ആദ്യമായിട്ടായിരിക്കാം.."

'കേരളീയം' പരിപാടിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി പ്രദർശിപ്പിച്ച 'നീലക്കുയിൽ' പ്രദർശനം കാണാനെത്തിയ 
വിപിൻ മോഹനും ഭാര്യ ഗിരിജയും
'കേരളീയം' പരിപാടിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി പ്രദർശിപ്പിച്ച 'നീലക്കുയിൽ' പ്രദർശനം കാണാനെത്തിയ വിപിൻ മോഹനും ഭാര്യ ഗിരിജയും

'കേരളീയം' പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കുവേണ്ടി ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സൗജന്യമായി പ്രദർശിപ്പിച്ച 'നീലക്കുയിൽ' കാണാൻ ഭാര്യ ഗിരിജയോടൊപ്പം ചെല്ലുമ്പോൾ ശൂന്യമായ തിയേറ്ററിലിരുന്ന് പടം കാണേണ്ടിവരുമോ എന്നായിരുന്നു വിപിൻ മോഹന്റെ ആശങ്ക. "പത്തോ പതിനഞ്ചോ പേരെയേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളൂ. എഴുപത് വർഷത്തോളം മുൻപ് വന്ന പടമല്ലേ? ഇന്നത്തെ തലമുറക്കൊന്നും ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. എന്നാൽ ഞങ്ങളെ കാത്തിരുന്നത് നിറഞ്ഞുകവിഞ്ഞ ഹാളാണ്. സീറ്റ് കിട്ടാതെ പലരും പുറത്തുനിൽക്കുന്നു. മാത്രമല്ല പാട്ടുകൾ വന്നപ്പോൾ ആവേശഭരിതരായി കയ്യടിക്കുന്നു ജനം. അറിയാതെ ഭാസ്കരൻ മാഷെയും രാമു കാര്യാട്ടിനേയും വിൻസന്റ് മാഷേയും ഓർത്തുപോയി. എത്ര സന്തോഷിക്കുന്നുണ്ടാകും അവരുടെ ആത്മാക്കൾ..." വിപിൻ വികാരാധീനനാകുന്നു.

ഭാസ്കരൻ മാസ്റ്ററുടെ നെഞ്ചിൽ ചവിട്ടി അരങ്ങേറ്റം
അതിജീവനത്തിലേക്ക് ഒരു പാട്ടിന്റെ ദൂരം

നീലി (മിസ് കുമാരി) എന്ന ദളിത് കർഷകയുവതിയിൽ ഉന്നതകുല ജാതനായ ശ്രീധരൻ നായർക്ക് (സത്യൻ) പിറന്ന അവിഹിത സന്തതിയായാണ് വിപിൻ നീലക്കുയിലിൽ അഭിനയിച്ചത്. മകന് ജന്മം നൽകിയശേഷം മരണത്തിന് കീഴടങ്ങുകയാണ് വഞ്ചിക്കപ്പെട്ട നീലി. അനാഥനായി ജനിച്ച മോഹൻ സ്നേഹസമ്പന്നനായ പോസ്റ്റ്മാൻ ശങ്കരൻ നായരുടെ തണലിൽ വളരുന്നു. കാമുകിയെ കൈയൊഴിഞ്ഞ് സ്വന്തം സമുദായത്തിൽനിന്ന് മറ്റൊരാളെ വിവാഹം ചെയ്ത ശ്രീധരൻ മാസ്റ്റർ പശ്ചാത്താപവിവശനായി സ്വന്തം മകനെ ജാതിക്കും മതത്തിനും അതീതമായി മനുഷ്യനായി വളർത്താൻ തീരുമാനിക്കുന്നതാണ് നീലക്കുയിലിന്റെ ക്ലൈമാക്സ്.

'കേരളീയം' വേദിയിൽ 'നീലക്കുയിൽ' പ്രദർശനത്തിനുശേഷം വിപിൻ മോഹൻ പ്രേക്ഷകരോട് സംവദിക്കുന്നു
'കേരളീയം' വേദിയിൽ 'നീലക്കുയിൽ' പ്രദർശനത്തിനുശേഷം വിപിൻ മോഹൻ പ്രേക്ഷകരോട് സംവദിക്കുന്നു

'നീലക്കുയിലി'നുശേഷം അഭിനയിച്ചില്ലെങ്കിലും സിനിമ വിപിൻ മോഹനെ കൈയൊഴിഞ്ഞില്ല; വിപിൻ സിനിമയേയും. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ച ഛായാഗ്രാഹകരിൽ ഒരാളായി വളർന്നു വിപിൻ. വെളിച്ചം കാണാതെ പോയ 'സന്നാഹ'ത്തിലൂടെ 1979 ലായിരുന്നു അരങ്ങേറ്റം. 'പ്രേമഗീതങ്ങൾ', 'ശേഷം കാഴ്ചയിൽ', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്', 'നാടോടിക്കാറ്റ്' തുടങ്ങി മലയാളികൾക്ക് മറക്കാനാവാത്ത ഒട്ടേറെ ചിത്രങ്ങൾ. ഇടയ്ക്ക് 'പട്ടണത്തിൽ സുന്ദരൻ' എന്നൊരു പടം സംവിധാനം ചെയ്തു.

ഭാസ്കരൻ മാസ്റ്ററുടെ നെഞ്ചിൽ ചവിട്ടി അരങ്ങേറ്റം
നമ്മൾ ആസ്വദിച്ച വാണി ജയറാമിന്റെ പ്രിയപ്പെട്ട മലയാള ഗാനങ്ങൾ

എത്ര സിനിമകൾ ചെയ്താലും ആദ്യ സിനിമ നൽകിയ ലഹരി മറക്കാനാവില്ലെന്ന് വിപിൻ മോഹൻ. "തിയേറ്ററിലെ ഇരുട്ടിൽ ഇരിക്കുമ്പോൾ പഴയൊരു കാലം ഓർക്കുകയായിരുന്നു ഞാൻ; സ്നേഹവും വാത്സല്യവും പ്രതീക്ഷകളുമൊക്കെ നിറഞ്ഞ നിഷ്കളങ്കമായ ഒരു കാലം. ഒരിക്കലും തിരിച്ചുവരാനിടയില്ലാത്ത ആ കാലത്തേക്ക് മടങ്ങിപ്പോകാൻ ഒരു നിമിഷം കൊതിച്ചുപോയി എന്റെയുള്ളിലെ കുട്ടി..."

logo
The Fourth
www.thefourthnews.in