ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി ചിന്മയി; 'ക്ലാസ് ബൈ എ സോള്‍ജിയർ'
ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി ചിന്മയി; 'ക്ലാസ് ബൈ എ സോള്‍ജിയർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിജയ് യേശുദാസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്
Updated on
1 min read

അച്ഛന്റെ തിരക്കഥയിൽ പ്ലസ് വൺ വിദ്യാർഥിയായ ചിന്മയി നായർ സംവിധാനം ചെയ്ത 'ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വിജയ് യേശുദാസാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളുടെ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. കോട്ടയം ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനിയായ ചിന്മയി ക്ലാസ് ബൈ എ സോള്‍ജിയറിലൂടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകയായി മാറിയിരിക്കുകയാണ്.

ചിന്മയി
ചിന്മയി

സാഫ്‌നത്ത് ഫ്‌നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. സംവിധായകനായ അച്ഛൻ ചിറക്കടവ് പനിയാനത്ത് അനിൽരാജിൽ നിന്നാണ് ചിന്മയി സംവിധാന പാഠങ്ങൾ പഠിച്ചത്. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ അനിൽരാജിന്റേത് തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിർവ്വഹിക്കുന്നു.

ചിത്രം ചിന്മയിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘പക്കാ കൊമേഴ്‌സ്യൽ ഫാമിലി എന്റർടെയ്‌നർ ആണ്'

‘ചേമ്പിലത്തുള്ളി’, ‘ഗ്രാൻഡ്മാ’ എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ പത്തിലേറെ പുരസ്‌കാരങ്ങള്‍ ഈ മിടുക്കി ഇതിനകം നേടിയിട്ടുണ്ട്. 'ഗ്രാൻഡ്മാ' സ്വിറ്റ്‌സർലാൻഡിലെ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദവും സംവിധായകയ്ക്കുണ്ട്. സ്വന്തം ഗ്രാമമായ ചിറക്കടവും വിദ്യാലയവും ഒക്കെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ചിന്മയിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘പക്കാ കൊമേഴ്‌സ്യൽ ഫാമിലി എന്റർടെയ്‌നർ മൂവിയാണ്'.

logo
The Fourth
www.thefourthnews.in