സമഗ്ര സിനിമാ നയം: ഷാജി എൻ കരുൺ പരിഗണനാ വിഷയങ്ങളുടെ കരട് തയാറാക്കും; തീരുമാനം ആദ്യ യോഗത്തിൽ
സമഗ്ര സിനിമാ നയം രൂപവത്കരിക്കാൻ ചർച്ചകൾ ആരംഭിച്ച് സർക്കാർ നിയോഗിച്ച സമിതി. ഷാജി എൻ കരുൺ അധ്യക്ഷനായ എട്ടംഗസമിതി ഓൺലൈനായാണ് ആദ്യ യോഗം ചേർന്നത്. സമഗ്ര സിനിമാ നയത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളുടെ കരട് തയാറാക്കാൻ യോഗത്തിൽ തീരുമാനമായി. ചലച്ചിത്രവികസന കോർപറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ ഇതുസംബന്ധിച്ച കരട് തയാറാക്കും
കരട് തയാറാക്കിയ ശേഷമാകും സമിതി അടുത്തയോഗം ചേരുക. സാംസ്കാരിക സെക്രട്ടറി മിനി ആന്റണിയാണ് സമിതി കൺവീനർ. എംഎൽഎ എം മുകേഷ് , ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, നടിമാരായ പദ്മപ്രിയ, നിഖില വിമൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് അംഗങ്ങൾ .
പത്തംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചതെങ്കിലും സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും നടി മഞ്ജുവാര്യരും നേരത്തെ പിൻമാറിയിരുന്നു. സമിതിയിൽ അംഗമായ കാര്യം മാധ്യമവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജീവ് രവി പിൻമാറിയത്. എന്നാൽ മഞ്ജുവാര്യർ പിൻമാറിയതിന്റെ കാരണം വ്യക്തമല്ല. രണ്ടുമാസത്തിനകം കരട് റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം