ജേതാക്കൾ എല്ലാവരും വെളളക്കാർ; ബാഫ്റ്റ പുരസ്കാരത്തിൽ വിമർശനം
ബാഫ്റ്റ പുരസ്കാര ജേതാക്കൾ എല്ലാവരും വെളളക്കാരെന്ന് സമൂഹ മാധ്യമത്തിൽ വിമർശനം. ഞായറാഴ്ചയാണ് 76-ാമത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻ്റ് ടെലിവിഷൻ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ അടക്കം നിരവധി പേർ വിമർശനവുമായി വന്നത്. പുരസ്കാരത്തിന് അർഹമായ 49 പേരും വെള്ളക്കാരാണ്. ഇത് ഞെട്ടലുളവാക്കുന്നതെന്നായിരുന്നു ഭൂരിഭാഗം പേരും പ്രതികരിച്ചത്
മികച്ച നടനുളള പുരസ്കാരം നേടിയ ഓസ്റ്റിൻ ബട്‌ലറും (എൽവിസ്) മികച്ച നടിയായ കേറ്റ് ബ്ലാഞ്ചെറ്റും ഉൾപ്പെടെ എല്ലാവരും വെളളക്കാരായിരുന്നു. വെള്ളക്കാരല്ലാത്ത അഭിനേതാക്കൾ അവഗണിക്കപ്പെടുന്നു എന്നായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. ബാഫ്റ്റ പുരസ്കാരത്തിൽ ഒട്ടും തന്നെ വൈവിധ്യം ഇല്ലെന്നായിരുന്നു ഭൂരിഭാഗം പേരും പറഞ്ഞത്. #BaftasSoWhite എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചാണ് പ്രേക്ഷകർ തങ്ങളുടെ വിമർശനം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്.
മിഷേൽ യോ, വിയോള ഡേവിസ്, ഡെഡ്‌വൈലർ, കെ ഹുയ് ക്വാൻ, ഏഞ്ചല ബാസെറ്റ്, ഹോങ് ചൗ, ഡാരിൽ മക്കോർമാക് എന്നിവരിൽ നിന്ന് നോമിനേറ്റ് ചെയ്യപ്പെട്ട മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടും നാല് വെള്ളക്കാരായ നടീ-നടന്മാർക്കാണ് ബാഫ്റ്റ അവാർഡുകൾ ലഭിച്ചത്. ഇതാണ് പ്രേക്ഷകരെ ചൊടിപ്പിച്ചതും. എവരിവിംഗ് എവരിവെർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മിഷേൽ യോ പുരസ്‌കാരം നേടിയപ്പോൾ ടാറിലെ അഭിനയത്തിന് കേറ്റ് ബ്ലാഞ്ചെറ്റാണ് മികച്ച നടിക്കുളള പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അതുപോലെ, ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിയ്ക്കുളള പുരസ്കാരം കെറി കോണ്ടന് കിട്ടിയപ്പോൾ ദി വേളിൽ അഭിനയിച്ച ഹോങ് ചൗവിന് അവാർഡ് നഷ്ടമായി.
ബാഫ്റ്റ അവാർഡിൻ്റെ ചരിത്രം എടുത്ത് നോക്കിയാൽ, കഴിഞ്ഞ പത്തുവർഷമായി വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു സർ ലെന്നി ഹെൻറി സെൻ്റർ ഫോർ മീഡിയ ഡൈവേഴ്‌സിറ്റിയിലെ കൺസൾട്ടൻസി ഡയറക്ടർ മാർക്കസ് റൈഡറിൻ്റെ പ്രതികരണം. 2013ൽ, ലെന്നി ഹെൻറി ടിവി 'ഓൾ വൈറ്റ് ഓൺ ദ നൈറ്റ്' എന്ന് ലേബൽ ചെയ്‌ത വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവാർഡ് ചടങ്ങിലെ കാഴ്ചകൾ തീർത്തും നിരാശ ഉളവാക്കുന്നതായിരുന്നവെന്നാണ് ചലച്ചിത്ര-ടിവി നിരൂപകയും ബാഫ്റ്റ ഷോർട്ട് ഫിലിം ജൂറി അംഗവുമായ അശാന്തി ഓംകാറിൻ്റെ പ്രതികരണം. വിജയികളെല്ലാം അവാർഡിന് അർഹരാണ്. എന്നാൽ സമീപ വർഷങ്ങളിലെ പുരോഗതിക്ക് ശേഷം ആളുകൾ പഴയ വോട്ടിംഗ് രീതികളിലേക്ക് മടങ്ങുകയാണോ എന്ന് ചിന്തിക്കുന്നുവെന്നും ഓംകാർ പറഞ്ഞു.
ഈ വിമർശനങ്ങൾക്ക് പിന്നാലെ ഏറ്റവും മികച്ച ചിത്രമായി ബാഫ്റ്റ തിരഞ്ഞെടുത്ത ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ടിന് അതിനുള്ള അർഹതയുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിയിരിക്കുന്നു. ബാഫ്റ്റയിലെ ആദ്യത്തെ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമാണ് ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്.
2025-ഓടെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽ നിന്നുള്ള 20 ശതമാനം പേരും, വികലാംഗരായ 12 ശതമാനം പേരും, 10 ശതമാനം എൽജിബിറ്റി ക്യു+ എന്നിങ്ങനെ അംഗത്വത്തിൽ 50-50 ലിംഗ സന്തുലിതാവസ്ഥ ലക്ഷ്യമാക്കി ബാഫ്റ്റ പ്രവർത്തിച്ച് വന്നിരുന്നു. എന്നാൽ 2023-ലെ അക്കാദമി അവാർഡ് നോമിനേഷനിൽ സംവിധായിക ജിന പ്രിൻസ്-ബൈത്ത്വുഡിൻ്റെയും അഭിനേതാക്കളായ വിയോള ഡേവിസിൻ്റെയും ഡാനിയേൽ ഡെഡ്‌വൈലറിൻ്റെയും നോമിനേഷനുകൾ തളളുകയാണ് ചെയ്തത്.