ഇത്തവണ ഫീൽ​ഗുഡല്ല, 'രായൻ' ധനുഷിന്റെ ചോരക്കളി

ഇത്തവണ ഫീൽ​ഗുഡല്ല, 'രായൻ' ധനുഷിന്റെ ചോരക്കളി

ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത് ചിത്രം 'രായൻ' അടിമു‌ടി വയലൻസ് നിറഞ്ഞ ആക്ഷൻ ഓറിയെന്റഡ് ​ഗാങ്സ്റ്റർ മൂവിയാണ്.
Updated on
2 min read

ധനുഷ് സംവിധായകനാവുന്ന രണ്ടാമത് ചിത്രം രായൻ ആദ്യ ചിത്രം പാ പാണ്ടിയിൽ നിന്നും ഏറെ വ്യത്യസ്ഥമാണ്. പാ പാണ്ടി റൊമാന്റിക് ​ഡ്രാമ വിഭാ​ഗത്തിൽ പെട്ട ഫീൽ ​ഗുഡ് ചിത്രമായിരുന്നെങ്കിൽ രായൻ അടിമു‌ടി വയലൻസ് നിറഞ്ഞ ആക്ഷൻ ഓറിയെന്റഡ് ​ഗാങ്സ്റ്റർ മൂവിയാണ്. പ്രമേയം കൊണ്ട് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും മേക്കിങ്ങിൽ രായൻ സ്കോർ ചെയ്യുന്നുണ്ട്. ധനുഷിന്റെ സംവിധാന മികവ് പ്രക‌ടമാക്കുന്ന ദൃശ്യാനുഭവമാണ് തീയറ്ററിൽ ചിത്രം സമ്മാനിക്കുന്നത്. ബന്ധങ്ങൾക്ക് അമിത വൈകാരിക ഭാവം കൊടുത്ത് കഥ പറയുന്ന പതിവ് രീതി തന്നെ എങ്കിലും മടുപ്പ് അനുഭവിപ്പിക്കാത്ത സീൻ ക്രിയേഷനും പ്രകടനങ്ങളുമാണ് ആകർഷണം. എ ആർ റഹ്മാന്റെ പശ്ചാത്തല സം​ഗീതവും പാട്ടുകളും ചിത്രത്തിന്റെ ​ഗ്രാഫ് ഉയർത്തി നിർത്തുന്നു.

ചെന്നൈയിലെ ഒരു ചേരിപ്രദേശത്തേക്ക് കുടിയേറിപ്പാർക്കുന്ന കാത്തവരായൻ, മുത്തുവേൽ രായൻ, മാണിക്യരായൻ, ദുർ​ഗ എന്നീ 4 സഹോദരങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമാകുന്ന മൂന്ന് സഹോദരങ്ങളിൽ മൂത്തവനാണ് ധനുഷിന്റെ കഥാപാത്രമായ കാത്തവരായൻ. പറ്റ വെട്ടിയ മുടിയും തോൾ കുനിച്ചുളള നടപ്പും ചിരി തീരെ ഇല്ലാത്ത മുഖഭാവവുമാണ് രായന്റേത്. സിനിമയിൽ ഉടനീളം ഈ മാനസിറം വിടാതെ പിന്തുടരാൻ ധനുഷിന് കഴിഞ്ഞിട്ടുണ്ട്. മുത്തുവേൽ രായനായി സന്ദീപ് കിഷനെത്തുന്നു. കൂട്ടത്തിൽ അൽപം തോന്ന്യവാസിയായ കഥാപാത്രമാണ് മുത്തുവേൽ രായനെന്ന മുത്തു. മുത്തുവിന്റെ പ്രണയിനി ആണ് മേഘല. അപർണ ബാലമുരളിക്ക് നിറഞ്ഞാടാൻ അവസരം കിട്ടിയ വേഷം കൂടിയാണിത്. ഇരുവരുമൊത്തുളള റൊമാന്റിക് പാട്ടുരം​ഗം ​ഗംഭീര ദൃശ്യ-ശ്രവ്യാനുഭവമാണ്. ഇളയവനായ മാണിക്യവേൽരായനായി കാളിദാസ് ജയറാമെത്തുന്നു. മലയാളത്തേക്കാൾ നല്ല കഥാപാത്രങ്ങൾ തമിഴിൽ ലഭിച്ചു പതിവുളള കാളിദാസിന് ഇതും മികച്ച വേഷം തന്നെ. ദുഷാര വിജയനാണ് ദുർ​ഗയായി എത്തുന്നത്. സെൽവരാഘവൻ ഇവർക്ക് താങ്ങാവുന്ന ശേഖർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സേതുരാമൻ എസ്.ജെ സൂര്യയുടെ പതിവ് കഥാപാത്രങ്ങളിൽ നിന്ന് വ്യത്യാസമായി കുറച്ചുകൂടി നിയന്ത്രണമുളള വേഷമാണ്.

ബ്ലാക് ആന്റ് വൈറ്റ് കാലത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. വളരെ എളുപ്പം പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കാനും കൂടെ നടത്തിക്കാനും സംവിധായകനെന്ന നിലയിൽ ധനുഷിന് കഴിയിട്ടുണ്ട്. തിരക്കഥയിലേക്ക് വന്നാൽ ക്വാളിറ്റിയുളള രണ്ടാം പകുതിയാണ് നഷ്ടമായത്. ആദ്യപകുതിയുടെ രസമോ ആകാഷയോ രണ്ടാം പകുതിക്ക് അവകാശപ്പെടാനില്ല. അപ്രതീക്ഷിത ട്വിസ്റ്റുകൾ വലിയ ഞെട്ടലൊന്നും സമ്മാനിക്കുന്നുമില്ല.

ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രം ഏറെ നേരം നീണ്ടു നിൽക്കുന്ന ഫൈറ്റ് രം​ഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ​ക്ലോസപ്പുകളും എക്സ്ട്രീം വൈഡ് ഷോട്ടുകൾളുമാണ് ഓം പ്രകാശിന്റെ ക്യാമറക്കണ്ണുകളിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. കഥ നടക്കുന്ന പശ്ചാത്തലത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നതിൽ പ്രമേയത്തിന് അനുയോജ്യമായ ഡാർക് തീമും ഏറെ പങ്കുവഹിക്കുന്നു. പ്രസന്ന ജി കെയുടെ എഡിറ്റിങ്ങും മികച്ചുനിൽക്കുന്നു. ചില രം​ഗങ്ങളിലെ ഡിവോഷണൽ റെഫറൻസുകൾ മാസ് ഫീലിന് വേണ്ടി കൊടുത്തതെങ്കിലും സാഹചര്യത്തിന്റെ ​ഗൗരവം കുറച്ചതുപൊലെ അനുഭവപ്പെട്ടു. ഉദാഹരണത്തിന് ഫൈറ്റ് രം​ഗങ്ങളിൽ രായന് ഇരുവശത്തായി തെളിഞ്ഞുവരുന്ന രാവണതലകൾ, ദുർ​ഗയുടെ പിൻഭാ​ഗത്തായി തെളിയുന്ന കാളിയുടെ കൈകൾ എന്നിവ. പ്രകാശ് രാജിന്റെ പൊലീസ് വേഷം പതിവിൽ നിന്നും മാറിയൊന്നും ചെയ്യാനില്ലാത്തതു തന്നെ. ക്ലൈമാക്സിനോട് അടുക്കുമ്പോൾ നിറങ്ങൾ കൊണ്ടൊരു പാട്ടുരം​ഗം ഒരുക്കിയിട്ടുണ്ട്. ഫൈറ്റ് അല്ലാതെ ധനുഷിന് പെർഫോം ചെയ്യാൻ അവസരം ലഭിക്കുന്നത് ഈ പാട്ടിലാണ്. ധനുഷിനൊപ്പം മറ്റുളളവർക്കും. കുത്തും കൊലയും ഉടനീളം ആവർത്തിക്കുന്ന കഥ പറച്ചിൽ ആയതുകൊണ്ട് ആക്ഷൻ സിനിമാ പ്രേമികൾക്ക് രായൻ ഉറപ്പായും ഇഷ്ടപ്പെട്ടേക്കും. തിരക്കഥയിൽ പോരായ്മകളുണ്ടെങ്കിലും രായന് ശേഷം ധനുഷിനെ നല്ല സംവിധായകനെന്ന് സംശയം കൂടാതെ വിശേഷിപ്പിക്കാം.

logo
The Fourth
www.thefourthnews.in