ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ്; ഇരട്ട റെക്കോഡുമായി'രായൻ'
ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രമായി 'രായൻ'. സ്വന്തം സംവിധാനത്തിലെത്തിയ ചിത്രം ഈ വർഷം 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമാണ്. ബോക്സോഫീസിൽ ഇപ്പോഴും കുതിപ്പ് തുടരുകയാണ് ചിത്രം. തമിഴ്‌നാട്ടിൽ നിന്ന് മാത്രം 75 കോടിയിലധികം രൂപ 'രായൻ' നേടിക്കഴിഞ്ഞു.
ഈ വർഷം ഏറ്റവുമധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം, 150 കോടി ക്ലബ്ബിലിടം നേടുന്ന ആദ്യ എ സർട്ടിഫിക്കറ്റ് തമിഴ് ചിത്രം എന്നീ ഇരട്ട റെക്കോഡുകൾ സ്വന്തമാക്കിയാണ് 'രായന്റെ' കുതിപ്പ്. ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രമാണിത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കാളിദാസ് ജയറാമും സുന്ദീപ് കിഷനുമാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തിയത്. എ ആർ റഹ്മാനാണ് സംഗീത സംവിധാനം. തമിഴിന് പുറമെ ഹിന്ദി ,തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഈ മാസം 30 ന് ആമസോൺ പ്രൈമിലുടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ.
ധനുഷിന്റെ സംവിധാനത്തിൽ രണ്ടാമതെത്തിയ ചിത്രമാണ് 'രായൻ'. 2017-ൽ പുറത്തിറങ്ങിയ 'പാ പാണ്ടി'യാണ് ധനുഷ് സംവിധാനം ചെയ്ത ആദ്യചിത്രം. ചിത്രത്തിൽ രാജ്കിരൺ ആയിരുന്നു ടൈറ്റിൽ കഥാപാത്രമായി എത്തിയത്. ഒപ്പം രേവതി, പ്രസന്ന, ഛായ സിംഗ്, ധനുഷ്, മഡോണ സെബാസ്റ്റ്യൻ, ഗൗതം വാസുദേവ് മേനോൻ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന 'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന ചിത്രമാണ് അടുത്തതായി ധനുഷിന്റെ സംവിധാനത്തിൽ വരാനിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്.