കുഞ്ഞിരാമായണം മുതൽ ഗുരുവായൂർ അമ്പലനടയിൽ വരെ; കൈയടി നേടുന്ന ദീപു പ്രദീപിന്റെ 'കല്യാണം യൂണിവേഴ്‌സ്'

കുഞ്ഞിരാമായണം മുതൽ ഗുരുവായൂർ അമ്പലനടയിൽ വരെ; കൈയടി നേടുന്ന ദീപു പ്രദീപിന്റെ 'കല്യാണം യൂണിവേഴ്‌സ്'

മലയാളത്തിൽ പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സീരിസ് ഉൾപ്പെടെ ദീപു പ്രദീപ് സ്വതന്ത്രമായി ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ
Updated on
2 min read

ബേസിൽ ജോസഫിനെയും പൃഥ്വിരാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂർ അമ്പലനടയിൽ ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. 2024 ലെ ഏറ്റവും മികച്ച ഓപ്പണിങ്ങായി മൂന്നാം സ്ഥാനത്തും ചിത്രമെത്തി. 3.14 കോടി രൂപയോളമാണ് ആദ്യദിവസം ചിത്രം നേടിയത്. ചിത്രം വൈറലാവുമ്പോൾ ചർച്ചയാകുന്ന ഒരു വ്യക്തിയുണ്ട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ്.

മലയാളസിനിമയിലേക്ക് ബേസിൽ ജോസഫ് എന്ന സംവിധായകൻ കാലെടുത്ത് വെച്ചത് ദീപു പ്രദീപിന്റെ തിരക്കഥയോടെയായിരുന്നു. വർഷങ്ങൾക്ക് ശേഷം ബേസിൽ നായകനായി എത്തുന്ന ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിലും ദീപു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കുഞ്ഞിരാമായണം മുതൽ ഗുരുവായൂർ അമ്പലനടയിൽ വരെ; കൈയടി നേടുന്ന ദീപു പ്രദീപിന്റെ 'കല്യാണം യൂണിവേഴ്‌സ്'
'ഇതൊരു ത്രില്ലറല്ല'; ഫഹദ്-ജീത്തു ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് ശാന്തി മായാദേവി

മലയാളത്തിൽ പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സീരിസ് ഉൾപ്പെടെ ദീപു പ്രദീപ് സ്വതന്ത്രമായി ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. ഇതുകൂടാതെ ദി പ്രീസ്റ്റ്, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളുടെ അഡീഷണൽ സ്‌ക്രീൻ പ്ലേയിലും ദീപു പ്രവർത്തിച്ചിട്ടുണ്ട്. പേരില്ലൂർ പ്രീമിയർ ലീഗ് എന്ന സീരിസും കുഞ്ഞിരാമായണം, പദ്മിനി, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങൾക്കും പൊതുവായിട്ടുള്ള ഒരു കാര്യമുണ്ട്. കല്യാണം !.

മലയാളസിനിമയിലെ ദീപുവിന്റെ കല്യാണം യൂണിവേഴ്‌സിലെ പുതിയ ചിത്രമായിട്ടാണ് സിനിമാആസ്വാദകർ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ നായകനായ കുഞ്ഞിരാമന്റെ കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സംഭവങ്ങളും അതിനൊടുവിൽ ഉണ്ടാവുന്ന കാര്യങ്ങളുമായിരുന്നു പറഞ്ഞിരുന്നതെങ്കിൽ പദ്മിനിയിൽ കല്യാണം കഴിഞ്ഞ രമേശന്റെ പ്രശ്‌നങ്ങളും മറ്റൊരു കല്യാണത്തിനുള്ള ശ്രമങ്ങളുമായിരുന്നു പറഞ്ഞത്.

ഒടുവിൽ തീയേറ്ററുകളിൽ എത്തിയ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രവും ഒരു കല്യാണവും അത് നടത്താൻ ശ്രമിക്കുന്നവരും മുടക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് അവതരിപ്പിക്കുന്നത്. കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ഈ ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റിൽ ഇടം പിടിക്കുന്നുണ്ട്.

മലയാളം ബ്ലോഗിങിലൂടെയാണ് ദീപു പ്രദീപ് ശ്രദ്ധേയനാവുന്നത്. നാട്ടിൻ പുറത്തെ കഥകൾ തമാശ രീതിയിൽ അവതരിപ്പിച്ച ദീപു 2013ൽ 'അതേ കാരണത്താൽ' എന്ന ഷോർട്ട് ഫിലിമിലൂടെ സിനിമയുടെ ഭാഗമായി. പിന്നീട് വിപിൻ ദാസ് സംവിധാനം ചെയ്ത ഉണ്ണിമൂലം എന്ന ഷോർട് ഫിലിമിനും ദീപു പ്രദീപ് ആയിരുന്നു തിരക്കഥ രചിച്ചത്.

സിനിമയിലെ ഓരോ കഥാപാത്രത്തിനെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് എത്തിക്കുന്ന തരത്തിലാണ് ദീപുവിന്റെ എഴുത്ത്. കഥാപാത്രത്തിന്റെ സ്വഭാവം, രീതികൾ, പൂർവകാലം എല്ലാം തന്നെ ചെറിയ സംഭാഷണങ്ങളിലുടെയും മറ്റും പ്രേക്ഷകരിൽ എത്തും. ദേശത്തെ കുഞ്ഞിരാമനും, കുട്ടേട്ടനും, സൈക്കോ ബാലനും പദ്മിനിയും ആനന്ദനും ഒക്കെ സിനിമ കഴിഞ്ഞതിന് ശേഷവും പ്രേക്ഷകർ ഓർക്കുന്ന തരത്തിലാണ് ദീപുവിന്റെ എഴുത്ത്.

അജയന്റെ രണ്ടാം മോഷണമാണ് ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ദീപുവിന്റെതായി ഇനി തീയേറ്ററുകളിൽ എത്താനുള്ള ചിത്രം. ചിത്രത്തിന്റെ അഡീഷണൽ സ്‌ക്രീൻ പ്ലേയാണ് ദീപു പ്രദീപ് രചിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in