വ്യാജ പ്രചാരണങ്ങൾക്കെതിരെ ആരാധ്യയുടെ പരാതി; വാർത്തകൾ നീക്കം ചെയ്യാൻ ഗൂഗിളിന് കോടതി നിർദേശം
ബോളിവുഡ് സൂപ്പർതാരങ്ങളായ ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യയ്‌ക്കെതിരായ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഗൂഗിളിന് കോടതി നിർദേശം . ആരാധ്യയുടെ ആരോഗ്യനില സംബന്ധിച്ച് ചില യൂട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതിയാണ് ഗൂഗിളിനോട് നിർദേശിച്ചത്. വ്യാജ വാർത്തകൾക്കെതിരെ ആരാധ്യ തന്നെ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
ആരാധ്യ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലായിരുന്നു യൂട്യൂബ് ചാനലുകൾ നൽകിയ വാർത്ത . ഇതിനെതിരെയാണ് ആരാധ്യ ബച്ചൻ കോടതിയെ സമീപിച്ചത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമലംഘനമാണെന്നും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി . കുട്ടികളെ ബഹുമാനത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂയെന്നും കോടതി നിരീക്ഷിച്ചു
സമാന സ്വഭാവമുള്ള എല്ലാ വീഡിയോകളും നീക്കം ചെയ്യണമെന്നും കോടതി ഗൂഗിളിന് നിർദേശം നൽകി. ഇത്തരം ഉള്ളടക്കങ്ങളുള്ള വീഡിയോകൾക്കായി ഗൂഗിൾ സ്വീകരിച്ചിട്ടുള്ള പോളിസി സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.