അവകാശങ്ങൾ പാരമ്പര്യമല്ല: സുശാന്തിന്റെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രത്തിന്റെ സ്ട്രീമിങ് തടയാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി
അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ (എസ്എസ്ആർ) ജീവിതം പശ്ചാത്തലമായി നിർമിച്ച ചിത്രത്തിന്റെ സ്ട്രീമിംഗ് തടയാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ചിത്രത്തിനെതിരെ സുശാന്തിന്റെ കുടുംബം നൽകിയ ഹർജിയിലാണ് സ്ട്രീമിങ് തടയാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചത്. സുശാന്തിന്റെ ജീവിതം ആധാരമാക്കി നിർമ്മിച്ച 'ന്യായ്: ദി ജസ്റ്റിസ്'എന്ന സിനിമക്കെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്.
അപകീർത്തികരമായ പ്രസ്താവനകളുടെയും വാർത്താ ലേഖനങ്ങളുടെയും അടിസ്ഥാനത്തിലാണ് സിനിമ നിർമ്മിച്ചതെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം. സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതായും മറ്റു ചില മോശം പ്രവണതകൾ ഉണ്ടായിരുന്നതായും സിനിമയിൽ കാണിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. യാതൊരു വിധ പരിശോധനയുടെയോ ഏതെങ്കിലും ഔദ്യോഗിക ഏജൻസികളിൽ നിന്നുമുള്ള റിപ്പോർട്ടുകളുടെയോ പിൻബലമില്ലാതെയാണ് ഇത്തരം കാര്യങ്ങൾ സിനിമയിൽ ചേർത്തിട്ടുള്ളത്. തന്റെ സമ്മതമില്ലാതെ സുശാന്തിനെ ക്കുറിച്ച് വിമർശനത്മകമായോ അല്ലാതെയോ ഒന്നും പ്രസിദ്ധീകരിക്കാൻ ആർക്കും അനുവാദമില്ലെന്നും സുശാന്തിന്റെ പിതാവ് വാദിച്ചു.
എന്നാൽ സുശാന്തിന്റെ സ്വകാര്യത അവകാശങ്ങൾ അദ്ദേഹത്തിന്റെ മരണത്തോടെ ഇല്ലാതായെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. " പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും എസ്എസ്ആറുമായി ബന്ധപ്പെട്ടതാണ്. സുശാന്തിന്റെ സ്വകാര്യത, വ്യക്തിത്വം, പ്രസിദ്ധി എന്നീ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഈ അവകാശങ്ങൾ പാരമ്പര്യമായി ലഭിക്കുന്നതല്ല. അവ സുശാന്തിനൊപ്പം മരിച്ചു. അതിനാൽ പ്രസ്തുത അവകാശങ്ങൾ വാദിയുടെ വിഹിതത്തിൽ ഉള്ളതല്ല, " ഹൈക്കോടതി വ്യക്തമാക്കി. സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ പൂർണമായും മാധ്യമ പ്രസിദ്ധീകരങ്ങളിൽ നിന്നുള്ളവയാണെന്നും അതിനാൽ അവ പൊതുവായി ലഭ്യമായ വിവരങ്ങൾ ആണെന്നും ജസ്റ്റിസ് സി ഹരി ശങ്കർ പറഞ്ഞു.
സുശാന്തിന്റെ സ്വകാര്യത, വ്യക്തിത്വ, പ്രസിദ്ധി എന്നീ അവകാശങ്ങൾ സംരക്ഷിക്കാനാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഈ അവകാശങ്ങൾ പാരമ്പര്യമായി ലഭിക്കുന്നതല്ല. അവ സുശാന്തിനൊപ്പം മരിച്ചു. അതിനാൽ പ്രസ്തുത അവകാശങ്ങൾ വാദിയുടെ വിഹിതത്തിൽ ഉള്ളതല്ല
ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) ലംഘിക്കുന്നതാണ് സിനിമയെന്ന് പറയാനാകില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. "ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) ലംഘിക്കുന്നതാണ് സിനിമയെന്ന് പറയാനാകില്ല. എന്നാൽ സിനിമയുടെ സ്ട്രീമിങ് തടയുന്നത് ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള പ്രതികളുടെ അവകാശങ്ങൾ ലംഘിക്കും. പൊതുരംഗത്ത് നിന്ന് ലഭിച്ചിരുന്ന വിവരങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റ് മീഡിയകളിൽ ഇത് പ്രദർശിപ്പിച്ചപ്പോൾ സുശാന്തോ കുടുംബമോ അതിനെതിരെ രംഗത്ത് വന്നിരുന്നില്ല. സ്വതന്ത്രമായ പുതിയ കാര്യങ്ങളൊന്നും സിനിമയിൽ ചേർത്തിട്ടുമില്ല.സെലിബ്രിറ്റി സംസ്കാരം പ്രോത്സാഹിപ്പിക്കാനുള്ള ഒന്നായി നിയമത്തെ മാറ്റാനാവില്ല. ഒരാളുടെ വ്യക്തി അവകാശങ്ങൾ സെലിബ്രിറ്റികൾക്ക് മാത്രമല്ല, എല്ലാവർക്കും ലഭ്യമാകും" കോടതി കൂട്ടിച്ചേർത്തു.
എന്നിരുന്നാലും ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നും സംവിധായകനിൽ നിന്നും നാശനഷ്ടങ്ങൾ ഉണ്ടായെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിൽ, കേസ് നിലനിർത്താനും വിചാരണ ചെയ്യാനും സുശാന്തിന്റെ കുടുംബത്തിന് അവകാശമുണ്ടായിരിക്കുമെന്നും ജസ്റ്റിസ് ശങ്കർ പറഞ്ഞു.