റെസ്റ്റോറന്റ് വെയ്റ്ററായി തുടങ്ങി, ഇന്ന് കുട്ടികളുടെ പാഠ്യ വിഷയം; ചൈനീസ് സിനിമാതാരമായി മാറിയ ഇന്ത്യക്കാരൻ
സിനിമയെ ഒരുപാട് സ്‌നേഹിച്ച ബ്രൂസ്‌ലി ആരാധകനായ ഉത്തരാഖണ്ഡ് സ്വദേശി... എങ്ങനെയും സിനിമാനടനാകണമെന്ന് ആഗ്രഹിച്ച് അതിനായി പരിശ്രമിച്ച ചെറുപ്പക്കാരൻ...ഒരിക്കല്‍ പുനീത് ഇസ്സാറിന്റെ സിനിമയുടെ ഓഡിഷന് പോയി അഭിനയിക്കനറിയില്ലെന്ന് പറഞ്ഞ് കണ്ണീരോടെ മടങ്ങേണ്ടിവന്നു അയാള്‍ക്ക്. ഇന്നയാള്‍ മറ്റെന്തെങ്കിലും ജോലി ചെയ്തു ജീവിക്കുന്നുണ്ടാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. ചൈനീസ് സിനിമയിലെ മാറ്റിനിര്‍ത്താനാവാത്ത മുഖമായി മാറിയ ദേവ് റാതുരിയുടെ കഥയാണീ പറയുന്നത്.
സിനിമാ മോഹവുമായി ഒരുപാട് വാതിലുകളില്‍ മുട്ടിയപ്പോഴും തോറ്റു മടങ്ങിയപ്പോഴും തന്റെ ജീവിതം ഇത്രത്തോളം മാറുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല റാതുരി. സിനിമാ സ്വപ്‌നം യാഥാര്‍ഥ്യമാകുക മാത്രമല്ല, ചൈനയിലെ ചില സ്കൂളുകളിലെ സിലബസ്സുകളില്‍ ഒരു പാഠ്യ വിഷയം കൂടിയാണ് ദേവ് റാതുരി.
തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ക്രെമിയ സൗര്‍ എന്ന ചെറിയൊരു ഗ്രാമത്തിലെ കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തില്‍ തന്നെ കരാട്ടെ പഠിച്ചു. തുടര്‍ന്ന് പരിശീലനത്തിനായി ചൈനയിലേക്ക് പോകാനായുള്ള ശ്രമം. അപ്പോഴും സിനിമ എന്ന സ്വപ്നം തന്നെയായിരുന്നു ഉള്ളില്‍. 1998 ലാണ് പുനീത് ഇസ്സാര്‍ ഒരു ഹിന്ദി സിനിമയ്ക്കായി മുംബൈയില്‍ വച്ച് ഓഡീഷന്‍ നടത്തിയത്. പ്രതീക്ഷയോടെയെത്തിയ ദേവ് റാതുരി പരാജയമേറ്റുവാങ്ങേണ്ടിവന്നു. തന്റെ സിനിമാമോഹങ്ങള്‍ എന്നന്നേക്കുമായി അവസാനിച്ചുപോകുമോയെന്ന വേദനയിലാണയാള്‍ അന്നവിടം വിട്ടത്. എന്നാല്‍, കാലം കാത്തുവച്ചിരുന്നത് മറ്റൊന്നായിരുന്നു.
ചൈനയിലേക്ക് പോകുന്നതിന് മുന്‍പ് റാതുരി തന്റെ കുടുംബത്തെ പോറ്റാനായി ദശാബ്ദങ്ങളോളം ഡല്‍ഹിയില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്തു. 2005ല്‍ ചൈനയിലെ ഷെന്‍ഷെനിലുള്ള ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെയ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. അന്ന് മുതല്‍ കഥ മാറി.
''10,000 രൂപ മാസ ശമ്പളത്തിനാണ് റെസ്റ്റോറന്റില്‍ ജോലി ചെയ്തത്. അവിടെവച്ച് മാന്‍ഡാരിന്‍ ഭാഷയില്‍ പ്രാവീണ്യം നേടി. ആയോധനകലയില്‍ പരിശീലനം നേടണമെന്ന സ്വപ്‌നം എന്നെ ഉറങ്ങാന്‍ സമ്മതിച്ചില്ല. പക്ഷേ തുടര്‍ പരിശീലനത്തിന് ഷാവോലിന്‍ ടെമ്പിളിലേക്ക് പോകണമെന്ന് അവിടെയുള്ളവര്‍ പറഞ്ഞതോടെ എന്റെ പ്രതീക്ഷകള്‍ ആകെ തകര്‍ന്നു. ചാന്‍, ബുദ്ധമതത്തിന്റെ ജന്മസ്ഥലവും ഷാവോലിന്‍ കുങ് ഫുവിന്റെ കളിത്തൊട്ടിലെന്നും അറിയപ്പെട്ട ആ സന്യാസ കേന്ദ്രം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു'' അദ്ദേഹം പറയുന്നു.
പക്ഷേ, പിടിച്ചു നില്‍ക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അടുത്ത ഏഴ് വര്‍ഷം റാതുരി കഠിനാധ്വാനം ചെയ്തു. പിന്നീട് ഉയര്‍ന്ന നിലവാരമുള്ള ഒരു റെസ്റ്റോറന്റിലെ മാനേജരായി. 2013 ല്‍ സിയാനില്‍ റെഡ് ഫോര്‍ട്ട് എന്ന സ്വന്തം റെസ്‌റ്റോറന്റ് തുറന്നു. ഭാഗ്യം പോലെ 2017ല്‍ തന്റെ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ ഒരു ചൈനീസ് സംവിധായകനെ റാതുരി കണ്ടുമുട്ടി. അദ്ദേഹവുമായുള്ള ബന്ധമായിരുന്നു റാതുരിയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയത്. SWAT എന്ന ടിവി സീരിസില്‍ റാതുരിക്ക് ചെറിയ വേഷം ലഭിച്ചു. അത് ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം 35 ലധികം ചൈനീസ് സിനിമകളും ടിവി സീരിയലുകളിലും അഭിനയിച്ചു. പ്രധാനവേഷം ചെയ്ത 'മൈ റൂംമേറ്റ് ഇസ് എ ഡിക്ടക്റ്റീവ്' പോലുള്ള ജനപ്രിയ സിനിമകളും അതില്‍ ഉള്‍പ്പെടുന്നു.
SWAT എന്ന ടിവി സീരിസില്‍ റാതുരിക്ക് ചെറിയ വേഷം ലഭിച്ചു. അത് ശ്രദ്ധിക്കപ്പെട്ടു
ഇന്ന് ചൈനയില്‍ റാതുരിക്ക് എട്ട് റെസ്റ്റോറന്റുകളുണ്ട്. ചൈനീസ് ചലച്ചിത്ര മേഖലയില്‍ അദ്ദേഹം വലിയ നേട്ടമാണ് കൈവരിച്ചത്. റെസ്‌റ്റോറന്റില്‍ വെയ്റ്ററായി ജോലിക്കായെത്തി 18 വര്‍ഷത്തിനുശേഷം, ഷാങ്‌സി പ്രവിശ്യയിലെ സിയാന്‍ നഗരത്തിലെ സ്‌കൂളുകളില്‍ ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ അദ്ദേഹത്തിന്റെ ജീവിതകഥ പഠിപ്പിക്കുന്നു.
''ചൈനീസ് സിനിമയിലെ അഭിനയം എന്നെ ഒരു ജനപ്രിയ മുഖമാകുന്നതിന് സഹായിച്ചു. കോവിഡ്-19 മഹാമാരിയുടെ സമയത്ത് നാട്ടുകാരില്‍ നിന്ന് എനിക്ക് വലിയ സഹായവും സ്‌നേഹവും ലഭിച്ചു. അവര്‍ എന്നെ ദത്തെടുക്കുകയായിരുന്നു'' റാതുരി അഭിമാനത്തോടെ പറയുന്നു. ഭാര്യ അഞ്ജലിക്കും മക്കളായ ആരവിനും അര്‍ണവിനുമൊപ്പം സിയാനിലാണ് താമസിക്കുന്നത്. തന്റെ ഗ്രാമത്തില്‍ നിന്ന് തൊഴില്‍രഹിതരായ 150 ഓളം ആളുകളെ റാതുരി ചൈനയിലേക്ക് കൊണ്ടുവന്നു. അവര്‍ക്ക് ജോലിയും പുതിയ അവസരങ്ങളും തുറന്നുകൊടുത്തു. അദ്ദേഹത്തിന്റെ ആകെ 70 ജീവനക്കാരില്‍ 40 പേരും ഉത്തരാഖണ്ഡില്‍ നിന്നുള്ളവരാണ്.