കായിക താരത്തിന്റെ ജീവചരിത്രത്തിൽ ധ്രുവ് വിക്രം; മാരി സെൽവരാജ് ചിത്രം അണിയറയിൽ
തെന്നിന്ത്യൻ താരം ധ്രുവ് വിക്രമും സംവിധായകൻ മാരി സെൽവരാജും ഒന്നിക്കുന്ന ചിത്രം അണിയറയിൽ. ധ്രുവിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണിത്. മാനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ജീവചരിത്രം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ കായികതാരമായി എത്തുന്ന കഥാപാത്രത്തിനായുള്ള മേക്ക് ഓവർ തയാറെടുപ്പിലാണ് ധ്രുവ് വിക്രം.
സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിച്ചേക്കും. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടും.
തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന് കായിക മേഖലയിലെത്തി, രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ അർജുന അവാർഡും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ കായിക താരമാണ് മാനതി ഗണേശൻ.
മാനതി ഗണേശൻ അർജുന അവാർഡ് ജേതാവാണ്. തന്റെ ബന്ധു കൂടിയായ കായിക താരത്തിന്റെ ജീവിതം സിനിമയാക്കുവാൻ താൻ ഏറെ നാളായി ആഗ്രഹിക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോട് മാരി സെൽവരാജിന്റെ പ്രതികരണം .
അതേസമയം തമിഴ് ചിത്രമായ മാമന്നൻ ആണ് മാരി സെൽവരാജിന്റെ അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. മാരി സെൽവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉദയനിധി, കീർത്തി സുരേഷ്, ഫഹദ് ഫാസിൽ, വടിവേലു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തീയേറ്ററുകളിൽ എത്തും.
തമിഴ്‌നാട്ടിലെ യുവജനക്ഷേമ കായിക വികസന മന്ത്രിയായതിന് ശേഷം രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ച ഉദയനിധിയുടെ അവസാന ചിത്രമാണ് മാമന്നൻ. അതിനാൽ ചിത്രത്തിന്മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ജൂൺ 1ന് നടക്കും. ആരാധകർ കാത്തിരുന്ന ട്രെയ്‌ലറും നാളെ എത്തും