ആദ്യ ചിത്രവും രജനീകാന്ത് സിനിമയ്ക്കായി തീയേറ്ററിൽ നിന്ന് മാറ്റി; ജയിലറിലേത് ഇതുവരെ കാണാത്ത ധ്യാൻ: സക്കീർ മഠത്തിൽ അഭിമുഖം

ആദ്യ ചിത്രവും രജനീകാന്ത് സിനിമയ്ക്കായി തീയേറ്ററിൽ നിന്ന് മാറ്റി; ജയിലറിലേത് ഇതുവരെ കാണാത്ത ധ്യാൻ: സക്കീർ മഠത്തിൽ അഭിമുഖം

സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ജയിലർ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും
Updated on
2 min read

വിവാദങ്ങൾക്കൊടുവിൽ ധ്യാൻ ശ്രീനിവാസന്റെ ജയിലർ തീയേറ്ററുകളിലേക്ക്. രജനീകാന്തിന്റെ ജയിലർ തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ അതേ പേരിലെത്തുന്ന മലയാള സിനിമയുടെ ഭാവി എന്താകും? തമിഴ് ജയിലറുമായി മലയാളം ജയിലറിന് പ്രമേയപരമായ സാമ്യതകളുണ്ടോ? തമിഴ് ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സിന്റെ സമ്മർദം മൂലമാണോ റിലീസ് മാറ്റിവച്ചത്? മറുപടിയുമായി സംവിധായകൻ സക്കീർ മഠത്തിൽ

ജയിലർ ഒരു പരീക്ഷണം

അഞ്ച് ക്രിമിനലുകളെ വച്ച് ഒരു ജയിലർ നടത്തുന്ന പരീക്ഷണമാണ് സിനിമയുടെ പ്രമേയം. ആ പരീക്ഷണം അയാൾക്ക് എങ്ങനെ തിരിച്ചടിയാകുന്നുവെന്നാണ് ചിത്രം പറയുന്നത്. 1957 കാലഘട്ടത്തിൽ നടക്കുന്ന സിനിമ ഒരു പീരിയോഡിക് ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്.

നടന്ന സംഭവത്തിന്റെ ദൃശ്യാവിഷ്കാരം

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഇന്ത്യയിലെത്തിയ ജൂതനായ ഒരു വ്യക്തി മഹാത്മാ ഗാന്ധിക്കൊപ്പം ചേരുകയും ചർക്ക നൂൽക്കാൻ പഠിക്കുകയും ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ ചർക്ക എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പഠിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം അയാൾ ചോദിച്ച ഒരു ചോദ്യമാണ് ഈ സംഭവങ്ങളുടെ ആധാരം. ജയിലിൽ കിടക്കുന്നവർക്കും സ്വാതന്ത്ര്യം വേണ്ടേ എന്നായിരുന്നു ജൂതവ്യക്തി ഉയർത്തിയ ചോദ്യം. സ്വാതന്ത്ര്യം ലഭിച്ചാൽ ക്രിമിനലുകൾ പോലും നല്ലവരായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടർന്ന് പരീക്ഷണത്തിനായി ആറ് ക്രിമിനലുകളെ വിട്ടുനൽകിയെന്നാണ് ചരിത്രം. ഈ സംഭവമാണ് ജയിലറിന്റേയും പ്രമേയം.

സിനിമാറ്റിക്കായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാത്രമല്ല സിനിമയിൽ അഞ്ചുപേരുടെ കഥയാണ് പറയുന്നത്. പഴനി, പൊള്ളാച്ചി, ഡിണ്ടിഗൽ എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ. കാലഘട്ടം റിക്രീയേറ്റ് ചെയ്യുകയെന്നതായിരുന്നു നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി.

പോലീസ് വേഷത്തിൽ ധ്യാൻ

ആദ്യമായിട്ടായിരിക്കും ധ്യാൻ പോലീസ് വേഷം ചെയ്യുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതും. വളരെ സീരിയസായ ഒരു ധ്യാൻ ഉണ്ട് . അത് പക്ഷേ മറ്റ് സംവിധായകർ ആരും വേണ്ടത്ര ഉപയോഗിച്ചില്ലാത്തതിനാൽ തന്നെ കഥാപാത്രത്തിന് ഒരു ഫ്രഷ്നെസ് ഉണ്ടാകും. തുടക്കത്തിൽ അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ എന്നിവരൊക്കെ മനസിൽ വന്നിരുന്നു. പിന്നീട് ധ്യാനിലേക്ക് തന്നെ എത്തി.

കഥ പറഞ്ഞപ്പോൾ ആദ്യം ധ്യാനിനും വർക്കാകുമോയെന്ന കാര്യത്തിൽ ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഷൂട്ടിന്റെ ആദ്യ ദിവസം ഉച്ചകഴിഞ്ഞതോടെ ആശങ്ക മാറി, ധ്യാൻ ആ കഥാപാത്രമായി മാറി.

റിലീസ് മാറ്റിയത് സമ്മർദം മൂലമല്ല

മലയാള സിനിമയ്ക്ക് അവസരം തരുന്നില്ലെന്ന ആരോപണം ഉന്നയിച്ചാണ് സമരം ചെയ്തത്. ആദ്യഘട്ടത്തിൽ ധാരണയായ തീയേറ്ററുകളൊക്കെ പിൻമാറിയ ഘട്ടത്തിലായിരുന്നു ആ തീരുമാനം. എന്നാൽ രജനീകാന്ത്, മോഹൻലാൽ ഉൾപ്പെടെ വൻ താരനിരയുമായെത്തുന്ന ചിത്രം തീയേറ്ററുകൾക്കുണ്ടാക്കുന്ന പ്രയോജനം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് തീയേറ്റർ ഉടമകളുടെ ഭാഗം കേട്ടപ്പോൾ തോന്നി. വല്ലപ്പോഴും മാത്രം വിജയിക്കുന്ന മലയാള സിനിമ കൊണ്ട് മാത്രം മുന്നോട്ട് പോകാനാകാത്ത അവസ്ഥയിലാണ് തീയേറ്റർ വ്യവസായം. ഇതും കൂടി മനസിലാക്കിയ ശേഷമാണ് റിലീസ് മാറ്റിവച്ചത്.

എന്റെ ആദ്യ ചിത്രം റ്റു ലെറ്റ് അമ്പാടി ടാക്കീസിനും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. അന്ന് രജനീകാന്തിന്റെ കൊച്ചടിയാൻ എന്ന സിനിമയ്ക്കായി പല തീയേറ്ററുകളും റ്റു ലെറ്റ് അമ്പാടി ടാക്കീസ് എടുത്തുമാറ്റിയിരുന്നു. അങ്ങനെ ഒരു അനുഭവം കൂടിയുണ്ടായിരുന്നത് കൊണ്ടാണ് ഇക്കുറി റിലീസ് മാറ്റിവച്ചത്

അനൂപ് മേനോനിൽനിന്ന് മനോജ് കെ ജയനിലേക്ക്

ജയിലറായി മനോജ് കെ ജയൻ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ആ കഥാപാത്രത്തിലേക്ക് ഒരുഘട്ടത്തിൽ അനൂപ് മേനോനെ പരിഗണിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് ഡേറ്റ് പ്രശ്നമായതിനാൽ മനോജ് കെ ജയനിലേക്ക് എത്തുകയായിരുന്നു. ആ തിരഞ്ഞെടുപ്പ് ശരിയായിരുന്നെന്ന് സിനിമ കാണുമ്പോൾ പ്രേക്ഷകർക്കും മനസിലാകും.

ജയിലറിന്റെ തരംഗത്തിൽ ആശങ്കയില്ല

തമിഴ് ചിത്രം ജയിലറിന്റെ തരംഗത്തിൽ മലയാളം ജയിലർ മുങ്ങി പോകുമോ എന്ന ആശങ്കയില്ല. 100 തീയേറ്ററുകളിലാണ് മലയാളം ജയിലർ റിലീസ് ചെയ്യുന്നത്. സിനിമ നല്ലതാണെങ്കിൽ ഓടുമെന്ന് തന്നെയാണ് വിശ്വാസം. മാത്രമല്ല ഒരാഴ്ച പിന്നിടുമ്പോഴേക്കും തമിഴ് ജയിലറിന്റെ സ്ക്രീനുകളുടെ എണ്ണം കുറയാനും സാധ്യതയുണ്ട്.

ജയിലറുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചിട്ടില്ല

തമിഴ് ചിത്രം ജയിലറിന്റെ പേര് കേരളത്തിലെങ്കിലും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ആ ഹർജി മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. തീരുമാനമാകുന്നതുവരെ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ആരെയും ദ്രോഹിക്കാനല്ല, പക്ഷേ ന്യായം ആരുടെ ഭാഗത്താണെന്ന് എല്ലാവരും അറിയണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ...

logo
The Fourth
www.thefourthnews.in