അന്നെന്ത് സംഭവിച്ചു?; 'തങ്കമണി' വീണ്ടും സിനിമയാകുന്നു; കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവവുമായി ദിലീപ് ചിത്രം

അന്നെന്ത് സംഭവിച്ചു?; 'തങ്കമണി' വീണ്ടും സിനിമയാകുന്നു; കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സംഭവവുമായി ദിലീപ് ചിത്രം

1986 ഒക്ടോബർ 21ന് നടന്ന തങ്കമണി സംഭവം കെ കരുണാകരനെ അധികാരത്തിൽ നിന്നും താഴെയിറക്കിയ സംഭവം കൂടിയാണ്.
Updated on
1 min read

1986 കാലഘട്ടങ്ങളിൽ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവം വീണ്ടും സിനിമയാകുന്നു. ദിലീപാണ് ചിത്രത്തിലെ നായകൻ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് കഥയും സംവിധാനവും നിർവഹിക്കുന്നത് രതീഷ് രഘുനന്ദനാണ്. ദിലീപിന്റെ നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമായ "തങ്കമണി" യുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. തമിഴിലും മലയാളത്തിലമായിട്ടുളള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരെ കൂടാതെ, തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം അടക്കമുളള താരങ്ങളും ചിത്രത്തിലുണ്ട്. ഇവർക്ക് പുറമെ അമ്പതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്പദമാക്കി തയാറാക്കിയതാണ്.

1987ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ എന്ന ചിത്രവും തങ്കമണി സംഭവത്തെ ആസ്പദമാക്കി തയാറാക്കിയതാണ്. റോയല്‍ ഫിലിംസിന്‍റെ ബാനറില്‍ അച്ചന്‍കുഞ്ഞ് നിര്‍മ്മിച്ച സിനിമയില്‍ രതീഷ്, ശാരി, ജനാര്‍ദ്ദനന്‍, പ്രതാപ് ചന്ദ്രന്‍, എംജി സോമന്‍, കുണ്ടറ ജോണി തുടങ്ങിയ താരങ്ങളാണ് അഭിനയിച്ചത്. ഇതിനുശേഷം വീണ്ടും തങ്കമണിയെ വെളളിത്തിരയിലെത്തിക്കാനുളള ശ്രമമാണ് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ ഒരുക്കുന്നത്. 1986 ഒക്ടോബർ 21ന് നടന്ന തങ്കമണി സംഭവം കെ കരുണാകരനെ അധികാരത്തിൽ നിന്നും താഴെയിറക്കിയ സംഭവം കൂടിയാണ്.

അഞ്ഞൂറോളം ആർട്ടിസ്റ്റ്സുകളുമായി കോട്ടയം സിഎംഎസ് കോളേജിൽ ജനുവരി 28 നാണ് ചിത്രീകരണം തുടങ്ങിയത്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കിയത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസം ഈ സെറ്റിലാണ് ചിത്രീകരിച്ചത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യയിലെ പ്രമുഖ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖരൻ,സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. മനോജ് പിള്ളയുടെ ദൃശ്യങ്ങൾക്ക് എഡിറ്റിങ് നിർവഹിക്കുന്നത് ശ്യാം ശശിധരനാണ്. ബി ടി അനില്‍ കുമാറിന്റെ ​വരികൾക്ക് സംഗീതം ഒരുക്കിയത് വില്യം ഫ്രാൻസിസാണ്.

logo
The Fourth
www.thefourthnews.in