സ്റ്റണ്ട് സീക്വൻസുകൾക്കായി 30 ദിവസം, ബോഡി ഡബിൾ ഇല്ലാതെ 'ഐഡന്റിറ്റി'യിൽ ടൊവിനോ
ഫോറൻസിക്കിനുശേഷം അനസ് ഖാനും അഖിൽ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐഡന്റിറ്റി'യിൽ നടൻ ടൊവിനോ തോമസ് ആക്ഷൻ സീക്വൻസുകൾ ചെയ്യുന്നത് ബോഡി ഡബിളിന്റെ സഹായമില്ലാതെയാണെന്ന് സംവിധായകൻ അഖിൽ പോൾ. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അഖിലിന്റെ വെളിപ്പെടുത്തൽ.
ചിത്രത്തിനായി സ്റ്റണ്ട് ഡയറക്ടർ യാനിക്ക് ബെന്നിന്റെ കീഴിൽ ടൊവിനോ പരിശീലനം നടത്തി. 120 ദിവസത്തെ ഷൂട്ട് ഷെഡ്യൂളിൽ സ്റ്റണ്ട് സീക്വൻസുകൾക്കു മാത്രം 30 ദിവസം മാറ്റിവെച്ചതായി അഖിൽ പറയുന്നു.
''ഞങ്ങളുടെ കഥയ്ക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾ യാനിക്കുമായി ഒന്നിലധികം ചർച്ചകൾ നടത്തി. അദ്ദേഹത്തോടൊപ്പം 15 ദിവസത്തെ ഷൂട്ട് പൂർത്തിയാക്കി. ഡ്യൂപ്പില്ലാതെ സീക്വൻസുകൾ ചെയ്യാനായിരുന്നു സംവിധായകരെന്ന നിലയിൽ ആഗ്രഹം. ഇതിനായി മുമ്പ് ദി ഫാമിലി മാൻ, ജവാൻ എന്നിവയിൽ പ്രവർത്തിച്ച യാനിക്കിന്റെ കീഴിൽ ടൊവിനോ തീവ്രപരിശീലനം നടത്തി,''അഖിൽ പോൾ പറഞ്ഞു.
''സാങ്കേതികവിദ്യയുടെ പോലും സഹായമില്ലാതെ ആക്ഷൻ സ്വയം ചെയ്യാൻ അദ്ദേഹം ടൊവിനോയെ പരിശീലിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. റോ ആയിട്ടാണ് മുഴുവൻ ആക്ഷനും. അധികം കട്ടില്ലാതെ തന്നെ ഫൂട്ടേജുകൾ ഉപയോഗിക്കാനാണ് തീരുമാനം. യാനിക്ക് സുരക്ഷയ്ക്ക് വളരെയധികം ശ്രദ്ധ നൽകുന്നു വ്യക്തിയാണ്,'' അഖിൽ വിശദീകരിച്ചു.
രാജു മല്യത്ത് നിർമിക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ മറ്റൊരു ആക്ഷൻ സീക്വൻസ് ഒരുക്കുന്നത് ഫീനിക്‌സ് പ്രഭുവാണ്. ടൊവിനോയ്ക്കും തൃഷയ്ക്കുമൊപ്പം ഈറോഡിലാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ. മന്ദിര ബേദിയാണ് ചിത്രത്തിലെ മറ്റൊരു താരം.
ഐഡന്റിക്ക് മുമ്പ് അഖിലും ടൊവിനോയും ഒന്നിച്ച ഫോറൻസിക് വൻ വിജയമായിരുന്നു. മമ്ത മോഹൻദാസ്, സൈജു കുറുപ്പ് തുടങ്ങിയവരായിരുന്നു ടൊവിനോയ്‌ക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.