'എന്റെ സിനിമ മോശമാണെന്ന് പറയാൻ ഇന്ത്യയിൽ യോഗ്യതയുളളത് കമൽഹാസന് മാത്രം':അൽഫോൺസ് പുത്രൻ

'എന്റെ സിനിമ മോശമാണെന്ന് പറയാൻ ഇന്ത്യയിൽ യോഗ്യതയുളളത് കമൽഹാസന് മാത്രം':അൽഫോൺസ് പുത്രൻ

ഏറ്റവും ഒടുവിൽ അൽഫോൺസിന്റെ സംവിധാനത്തിൽ പുറത്ത് വന്ന ​ഗോൾഡ് എന്ന ചിത്രം തിയേറ്ററിൽ വലിയ പരാജയമാണ് നേരിട്ടത്.
Updated on
2 min read

തന്റെ സിനിമ മോശമാണെന്ന് പറയാൻ ഇന്ത്യയിൽ കമൽ ഹാസന് മാത്രമാണ് യോ​ഗ്യതയുളളതെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്നെക്കാൾ കൂടുതൽ സിനിമയിൽ പണിയറിയാവുന്ന വ്യക്തി കമൽ മാത്രമാണെന്നും അൽഫോൺസ് പുത്രൻ പറഞ്ഞു. ഒരു കമന്റിന് കൊടുത്ത മറുപടിയിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ​'ഗോൾഡ് ഒരു മോശം സിനിമ തന്നെയാണ്. അത് അം​ഗീകരിച്ച് അടുത്ത പടം ഇറക്ക്' എന്ന് പറഞ്ഞ വ്യക്തിക്കായിരുന്നു അൽഫോൺസ് മറുപടി നൽകിയത്.

"ഇത് തെറ്റാണ് ബ്രോ. നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറയാം.എന്റെ സിനിമ മോശം ആണെന്ന് പറയാനുളള യോ​ഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് എന്നെക്കാൾ കൂടുതൽ സിനിമയിൽ പണിയറിയാവുന്ന വ്യക്തി.അപ്പൊ ബ്രോ ഇനി പറയുമ്പോ ബ്രോക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറഞ്ഞോ" എന്നായിരുന്നു അൽഫോൺസിന്റെ മറുപടി. ഇതിന് പിന്നാലെ ഇൻസ്റ്റാ​ഗ്രാമിലെ എല്ലാ പോസ്റ്റുകളും അദ്ദേഹം പിൻവലിക്കുകയും ചെയ്തു.

ഏറ്റവും ഒടുവിൽ അൽഫോൺസിന്റെ സംവിധാനത്തിൽ പുറത്ത് വന്ന ​ഗോൾഡ് എന്ന ചിത്രം തിയേറ്ററിൽ വലിയ പരാജയമാണ് നേരിട്ടത്. അതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളും ഉണ്ടായി. ഇതിന് മറുപടിയായി അദ്ദേഹം ഫേസ്ബുക്കിൽ ഒരു മറുപടി പോസ്റ്റ് പങ്ക് വച്ചിരുന്നു.

"നിങ്ങളുടെ സംതൃപ്തിക്ക് വേണ്ടിയാണ് എന്നെ ട്രോളുകയും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത്. അത് നിങ്ങൾക്ക് നല്ലതായിരിക്കും. എനിക്ക് അത് നല്ലതല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ എന്റെ മുഖം ഞാൻ ഇനി കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല. എന്നെ പരിഹസിക്കാനും പരസ്യമായി അപമാനിക്കാനും ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കണ്ടാൽ മതി. അല്ലാതെ, എന്റെ പേജിൽ വന്ന് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അത്തരത്തിൽ നിങ്ങൾ ചെയ്താൽ ഞാൻ ഇന്റർനെറ്റിൽ നിന്ന് അപ്രത്യക്ഷമാകും. എന്നോടും എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും ഞാൻ വീണപ്പോൾ കൂടെ നിന്നവരോടും ആണ് ഞാൻ സത്യസന്ധത പുലർത്തുക. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്ത് കണ്ട ചിരി മറക്കില്ല. ആരും വേണമെന്ന് വെച്ച് വീഴുന്നതല്ലല്ലോ. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതേ പ്രകൃതി എന്നെ സംരക്ഷിക്കും. ശുഭദിനം നേരുന്നു,” അൽഫോൺസ് കുറിപ്പിൽ പറയുന്നു.

അൽഫോൺസിന്റെ സംവിധാനത്തിൽ പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി വന്ന ​ഗോൾഡ് തിയേറ്ററിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററിൽ വൻ പരാജയമായിരുന്നു. തിരക്കഥയിലും മേക്കിങിലും ഉണ്ടായ വീഴ്ചയും ലീഡ് റോളായി സ്ക്രീനിൽ എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച നയൻതാരയ്ക്ക് ചെറിയ റോൾ നൽകിയതുമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്

logo
The Fourth
www.thefourthnews.in