തീയേറ്ററിലെ ജവാനല്ല ഒടിടിയിൽ; പരിഷ്‌കരിച്ച പതിപ്പിനെ കുറിച്ച് സൂചന നൽകി അറ്റ്ലി
ജവാന്‍ തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവെ സിനിമയുടെ ഒടിടി പതിപ്പിനെ കുറിച്ചുള്ള സൂചനയുമായി സംവിധായകന്‍ അറ്റ്‌ലി. ഒടിടിയില്‍ എത്തുന്നത് ജവാന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കുമെന്നാണ് അറ്റ്‌ലി പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തിയുള്ള അറ്റ്‌ലിയുടെ വെളിപ്പെടുത്തല്‍.
ആരാധകർക്ക് തീയേറ്റര്‍ റിലീസിൽ നിന്ന് ലഭിക്കേണ്ട വികാരങ്ങള്‍ സിനിമയ്ക്ക് ഞങ്ങള്‍ കൃത്യമായ അളവില്‍ നല്‍കിയെന്ന് കരുതുന്നു. ഒടിടിയ്ക്കായി മറ്റൊരു രീതിയാണ് പരിഗണിച്ചിരിക്കുന്നത്. ഞങ്ങള്‍ അതില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. ഞാന്‍ അവധിയ്ക്ക് പോകാതിരുന്നതിന്റെ കാരണവും അത് തന്നെയാണ്. എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും അറ്റ്‌ലി പറയുന്നു.
ജവാന്റെ എന്‍ഡ് ക്രെഡിറ്റ് സൂചിപ്പിക്കുന്ന പോലെ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് തന്റെ എല്ലാ സിനിമയ്ക്കും അത്തരത്തിലുള്ള അവസാനമുണ്ടെന്നും എന്നാല്‍ ഒരു സിനിമയുടേയും തുടര്‍ഭാഗം ചെയ്യണമെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നുമായിരുന്നു അറ്റ്‌ലിയുടെ മറുപടി. എന്നാല്‍ എന്തെങ്കിലും ശക്തമായ ആശയം വന്നാല്‍ രണ്ടാം ഭാഗം തീര്‍ച്ചയായും ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജവാനിലെ ഏത് കഥാപാത്രത്തിനാണ് ഒരു സ്പിന്‍ ഓഫിന് ഉണ്ടായിരിക്കുക എന്ന ചോദ്യത്തിന് ഷാരൂഖിന്റെ സൈനിക കഥാപാത്രമായ വിക്രം റാത്തോറിനായിരിക്കും എന്നായിരുന്നു അറ്റ്‌ലിയുടെ മറുപടി. വിക്രം റാത്തോര്‍ എന്റെ നായകനാണ്. എപ്പോഴെങ്കിലും താന്‍ അതിന്റെ തുടര്‍കഥ പുറത്തിറക്കിയേക്കുമെന്നും അറ്റ്‌ലി അറിയിച്ചു.
സൂചനകള്‍ അനുസരിച്ച് ജവാന്‍ നെറ്റ്ഫ്‌ളിക്‌സിലായിരിക്കും റിലീസിനെത്തുക. ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റാണ് ജവാന്‍ നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഇതുവരെ ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ നിന്ന് 800 കോടിയിലധികം സ്വന്തമാക്കി കഴിഞ്ഞു.