'നൻപകൽ നേരത്ത് മയക്കം' കോപ്പിയെന്ന് സംവിധായിക ഹലിത ഷമീം
നൻപകൽ നേരത്ത് മയക്കം കോപ്പിയെന്ന ആരോപണവുമായി സംവിധായിക ഹലിത ഷമീം. തന്റെ ചിത്രമായ 'ഏലേ'യുടെ കോപ്പിയെന്നാണ് ഹലിത പറയുന്നത്. ചിത്രം കണ്ടപ്പോൾ തനിക്ക് മടുപ്പുളവാക്കിയെന്നും ഒരു സിനിമയിലെ എല്ലാം മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഹലിത പറഞ്ഞു. ഏലേയുടെ ചിത്രീകരണത്തിനായി ഒരു ഗ്രാമം ഒരുക്കിയിരുന്നുവെന്നും അത് തന്നെയാണ് നൻപകൽ നേരത്ത് മയക്കത്തിൽ കണ്ടതെന്നും അവർ പറയുന്നു. ഏലേയിലെ ഐസ്ക്രീം നിർമ്മാതാവാണ് ഇവിടെ പാൽക്കാരനായെത്തുന്ന സുന്ദരം. അതിൽ വൃദ്ധൻ മോർച്ചറി വാനിന്റെ പുറകിൽ ഓടുന്നത് പോലെ, ഇവിടെ മിനി ബസ് ഓടുന്നു എന്നും അവർ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ ചിത്രത്തിനായി ഒരുക്കിയിരുന്ന ദൃശ്യങ്ങൾ മുഴുനീളം കണ്ടപ്പോൾ അൽപ്പം മടുപ്പുളവാക്കിയെന്നും അവർ പറഞ്ഞു. തന്റെ സിനിമയിൽ ചിത്രീകരിച്ച വീടുകൾ എല്ലാം താൻ നൻപകൽ നേരത്ത് മയക്കത്തിലും കണ്ടുവെന്നും അവർ വ്യക്തമാക്കി. ഇനിയും കൂടുതൽ താരതമ്യപ്പെടുത്താനുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു. നിങ്ങൾക്ക് എന്റെ 'ഏലേ' എന്ന സിനിമയെ തള്ളിക്കളയാം. പക്ഷേ അതിൽ നിന്നുള്ള ആശയങ്ങളും സൗന്ദര്യശാസ്ത്രവും പൂർണമായും കോപ്പിയടിച്ചാൽ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം, തന്റെ സിനിമയ്ക്ക് ചിത്രീകരിച്ച ഗ്രാമത്തിൽ തന്നെ നൻപകൽ നേരത്ത് മയക്കം ചിത്രീകരിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
തമിഴ് ആന്തോളജി സില്ലു കരുപ്പെട്ടിക്ക് ശേഷം ഹലിത ഷമീം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത സിനിമയാണ് ഏലേ. 2019-ൽ പുറത്തിറങ്ങിയ സില്ലു കരുപ്പട്ടി എന്ന ചിത്രം അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. 2021ൽ പുറത്തിറങ്ങിയ ഏലേ തിയേറ്റർ, ഒടിടി റിലീസുകൾ ഒഴിവാക്കി നേരിട്ട് മിനിസ്ക്രീനിലൂടെ പ്രേക്ഷകരിലേക്ക് എത്തിയതായിരുന്നു. തമിഴ് താരം സമുദ്രക്കനിയും മണികണ്ഠനുമാണ് ഏലേയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഒരു ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഏലേ, ഒരു ഐസ്ക്രീം വിൽപനക്കാരന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഹാസ്യവും വൈകാരികവുമായ രംഗങ്ങളും ഉൾപ്പെടുത്തിയാണ് ഹലിത ഷമീം ചിത്രം ഒരുക്കിയിരുന്നത്. രണ്ട് സിനിമകൾക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത് തേനി ഈശ്വരാണെന്ന പ്രത്യേകതയും ഉണ്ട്.
ജെയിംസിന്റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് നൻപകൽ നേരത്ത് മയക്കം പറയുന്നത്. തമിഴ്‌നാട്ടിലെ വേളാങ്കണ്ണി സന്ദർശിച്ച ശേഷം ബസിൽ കേരളത്തിലേക്ക് മടങ്ങുമ്പോൾ ഒരു ഗ്രാമത്തിൽ ബസ് നിർത്തുകയും തുടർന്ന് ജെയിംസിന്റെ ജീവിതത്തിൽ ഉണ്ടാകുന്നതുമായ മാറ്റങ്ങളാണ് നൻപകൽ നേരത്ത് മയക്കം പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം രമ്യ പാണ്ഡ്യൻ, പൂ രാമു തുടങ്ങി നിരവധി പേർ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ പഴനിക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ മുഴുവൻ ചിത്രീകരണവും നടന്നത്
ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി അഭിനയിച്ച നൻപകൽ നേരത്ത് മയക്കം 2023 ജനുവരിയിലാണ് തിയേറ്ററുകളിലെത്തിയത്. മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായ ഈ ചിത്രം തിയേറ്ററിൽ റിലീസിന് ശേഷം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 2023 ഫെബ്രുവരി 23-ന് ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം പ്രദർശനം തുടങ്ങി