പരിഹാസവും മാനസിക പീഡനവും; സിനിമ റിലീസ് ചെയ്യാനും നടപടിയില്ല; ചലച്ചിത്രവികസന കോർപറേഷനെതിരെ പരാതിയുമായി സംവിധായിക
ചലച്ചിത്ര വികസന കോർപറേഷന്റെ സഹായത്തോടെ നിർമിച്ച ചിത്രം റിലീസ് ചെയ്യാനാകാതെ സംവിധായിക ഇന്ദു ലക്ഷ്മി. വിനീതും ശാന്തികൃഷ്ണയും പ്രധാന വേഷത്തിലെത്തിയ നിള എന്ന ചിത്രത്തിന്റെ സംവിധായികയ്ക്കാണ് ദുർഗതി . പുതിയ ചിത്രത്തിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായെങ്കിലും ചിത്രം റിലീസ് ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കെ എസ് എഫ് ഡി സി തയ്യാറാകുന്നില്ലെന്നാണ് സംവിധായകയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഡി സി ഉദ്യോഗസ്ഥരില്‍ നിന്നും മാനസിക പീഡനം നേരിടേണ്ടി വന്നതായും ഇന്ദു ലക്ഷ്മി ദ ഫോർത്തിനോട് പറഞ്ഞു
നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ റിലീസ് തീയതി നല്‍കിയെങ്കിലും പ്രമോഷൻ ചെയ്യാൻ പോലുമുള്ള നടപടിയില്ലെന്നും സംവിധായിക ആരോപിക്കുന്നു
ഫിലിം ഓഫീസര്‍ക്കെതിരെ സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകിയതോടെ വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത്
സംവിധായികയുടെ വാക്കുകൾ
ഏപ്രില്‍ മുതല്‍ സിനിമയുടെ റിലീസ് വൈകിപ്പിക്കുകയാണ്. നിരന്തരം അന്വേഷിക്കുന്നുണ്ടെങ്കിലും മറുപടി നല്‍കാതെ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറി. ആദ്യഘട്ടം മുതല്‍ ഇതാണ് അവസ്ഥ. സിനിമയുടെ മാര്‍ക്കറ്റിങ് സമയത്തും ഇത് തുടരുകയാണെങ്കില്‍ എങ്ങനെയാണ് സിനിമ ജനങ്ങളിലെത്തുക?
സിനിമയുടെപോസ്റ്റ് പ്രൊഡക്ഷന്‍ ജോലികൾ പൂര്‍ത്തിയായി. ടീസറും ട്രെയ്‌ലറുമൊക്കെ തയ്യാറാണ്. പക്ഷേ പുറത്തുവിടണമെങ്കില്‍ ചലച്ചിത്ര വികസന കോർപറേഷന്റെ അനുവാദം വേണം. ഈ സിനിമ ജനങ്ങളിലേക്കെത്തരുതെന്ന് നിർബന്ധമുള്ളതു പോലെയാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ തീയേറ്ററിലെത്തിയ ഡിവോഴ്‌സ്, നിഷിദ്ധോ, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളും നേരിട്ടത് സമാന പ്രതിസന്ധിയായിരുന്നു
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കേണ്ടത് ഫിലിം ഓഫീസറാണ് . എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും യാതൊരു സഹകരണവുമില്ല. ഇതിനെതിരെ സാംസ്‌കാരിക മന്ത്രിക്ക് പരാതി നൽകിയതോടെ അദ്ദേഹം വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നത് . ഇനിയും നിശബ്ദത പാലിച്ചാല്‍ ഈ പ്രവണത മറ്റു സംവിധായകര്‍ക്കും ഉണ്ടാകും. അതുകൊണ്ടാണ് പ്രതികരിക്കാന്‍ തയ്യാറായത്. അങ്ങനെയാണ് എഴുതി തയ്യാറാക്കിയ പരാതിയുമായി കെ എസ് എഫ് ഡി സിയെ സമീപിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ചെയര്‍മാന്‍ ഒരു യോഗം വിളിച്ചു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ എന്നാല്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
കെ എസ് എഫ് ഡി സിയുടെ മുന്‍ എംഡിയായ എന്‍ മായയിൽ നിന്ന് നേരിടേണ്ടി വന്നത് കൊടിയ മാനസിക പീഡനമാണ്. പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അത്രയ്ക്കും മാനസിക ബുദ്ധിമുട്ടുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യൂവെന്നായിരുന്നു മായയുടെ മറുപടി. എല്ലാത്തിനും ഒരു സാക്ഷി നല്ലതായിരിക്കുമെന്ന കരുതി ഒരു അഭിഭാഷകനുമായാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ അഭിഭാഷകനെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ അവര്‍ തയ്യാറായില്ല.
ചെയര്‍മാനും ഫിലിം ഓഫീസറും സിനിമ ചെയ്തവരാണ് അതു കൊണ്ട് തന്നെ ഒരു സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവര്‍ക്ക് മനസിലാകും. എന്നിട്ടും എന്തിനായിരിക്കും അവര്‍ ഈ സമീപനം തുടരുന്നതെന്ന് മനസിലാകുന്നില്ല. പുതിയ സംവിധായിക ആയതുകൊണ്ട് കാര്യങ്ങളൊക്കെ പഠിക്കട്ടെ എന്ന പുച്ഛ മനോഭാവമാണവര്‍ക്കുള്ളത്.
സിനിമയുടെ നിര്‍മാണ ചെലവുകള്‍ മനസിലാക്കാനുള്ള അവകാശം നിഷേധിച്ചു. സിനിമയുടെ ബില്ലുകള്‍ പരിശോധിക്കണമെന്ന ആവശ്യവും തള്ളി. ശ്രുതി ശരണ്യത്തിന്റെ ബി 32 മുതല്‍ 44 വരെയെന്ന ചിത്രത്തിനും ഈ അനുഭവമുണ്ടായിട്ടുണ്ട്. രണ്ടാഴ്ച്ച സമയം മാത്രമാണ് ചിത്രത്തിന്റെ പ്രമോഷനുവേണ്ടി അവര്‍ക്കും ലഭിച്ചത്.
40 ലക്ഷം രൂപയാണ് സര്‍ക്കാര്‍ സിനിമയുടെ റിലീസിനും പ്രമോഷനും വേണ്ടി മാത്രം മാറ്റിവച്ചത്. പ്രമോഷന്‍ ജോലികള്‍ ഒരു ഏജന്‍സിയെ ഏല്‍പ്പിക്കുകയാണ് പതിവ് . ഓഗസ്റ്റ് നാലിനാണ് 'നിള' തീയറ്ററിലെത്തുക . അതിനു മുന്‍പായി പ്രമോഷന്‍ മികച്ച രീതിയില്‍ നടത്താന്‍ പറ്റുമോ എന്ന ആശങ്കയുണ്ട്. വനിത സംവിധായകരെ പ്രോത്സാഹിപ്പിക്കേണ്ട സംഘടനയുടെ ഇത്തരം പ്രവര്‍ത്തികള്‍ വലിയ മനോവിഷമത്തിലേക്കാണ് സംവിധായകരെ തള്ളി വിടുന്നതെന്നും ഇന്ദു ലക്ഷ്മി പറഞ്ഞു