മാമന്നൻ ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് സംവിധായകൻ ; ചടങ്ങിൽ എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് ഷോയും

മാമന്നൻ ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് സംവിധായകൻ ; ചടങ്ങിൽ എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് ഷോയും

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ
Updated on
1 min read

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'മാമന്നൻ' തെന്നിന്ത്യൻ സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്‌വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിന്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് വിവരങ്ങളാണ് പിറത്ത് വിട്ടത്. ജൂൺ ഒന്നിന് വൈകിട്ട് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ഓഡിയോ, ട്രെയ്ലർ ലോഞ്ച് നടക്കും . ഓഡിയോ ലോഞ്ചിൽ എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് ഷോയും ഉണ്ടാകും. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റും അന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

വിക്രമിന് ശേഷം ഫഹദ് ഫാസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് മാമന്നൻ. അഭിനയജീവിതം അവസാനിപ്പിക്കുന്നതിന് മുൻപേയുള്ള ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയാണിത്. ഇവർക്ക് പുറമെ ചിത്രത്തിൽ വടിവേലുവും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

മൂവരും അടങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ജനശ്രദ്ധ നേടിയത്. ചിത്രത്തിലെ രണ്ട് ഗാനങ്ങൾ നിർമ്മാതാക്കൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. വടിവേലു ആലപിച്ച "രാസ കണ്ണ്"എന്ന ഗാനവും എ ആർ റഹ്മാൻ ആലപിച്ച ' ജിഗു ജിഗു റെയിൽ ' എന്ന ഗാനവും. ഈ രണ്ട് ഗാനങ്ങളും മികച്ച സ്വീകാര്യതയാണ് നേടിയത്.

മാമന്നനോടെ അഭിനയജീവിതം അവസാനിപ്പിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രിസഭയില്‍ അംഗമായതോടെയാണ് മുഴുവൻ സമയം രാഷ്ട്രീയ ജീവിതത്തിനായി മാറ്റിവെക്കാൻ തീരുമാനിച്ചത്.

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. കീർത്തി സുരേഷ് ആണ് നായിക. കരിയറിലെ ഏറ്റവും വലിയ താരനിരയെ അണി നിരത്തിക്കൊണ്ടുള്ള ചിത്രമായിരിക്കും മാമന്നൻ എന്ന് മാരി സെൽവരാജ് വ്യക്തമാക്കിയിട്ടുണ്ട്.

മാമന്നൻ ഓഡിയോ ലോഞ്ച് പ്രഖ്യാപിച്ച് സംവിധായകൻ ; ചടങ്ങിൽ എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് ഷോയും
സ്റ്റാലിന്റെ വഴിയേ ചിന്നവരും; തമിഴക രാഷ്ട്രീയത്തിലെ പുതിയ താരോദയം

മാമന്നനോടെ അഭിനയജീവിതം അവസാനിപ്പിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ നേരത്തെ അറിയിച്ചിരുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രിസഭയില്‍ അംഗമായതോടെയാണ് മുഴുവൻ സമയം രാഷ്ട്രീയജീവിതത്തിനായി മാറ്റിവെക്കാൻ തീരുമാനിച്ചത്. തന്റെ നിർമ്മാണ കമ്പനിയിൽ നിന്ന് പൂർണമായി പിന്മാറുകയാണെന്നും ഇനി തന്റെ പേരിൽ ഒരു സിനിമയും റിലീസ് ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചെപ്പോക്ക് തിരുവള്ളിക്കനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ഡിഎംകെ യുവജന വിഭാഗം നേതാവുമാണ് മുഖ്യമന്ത്രി സ്റ്റാലിന്‌റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിന്‍. കായികം, യുവജനക്ഷേമം, പദ്ധതി ആസൂത്രണം വകുപ്പുകളാണ് ഉദയനിധി കൈകാര്യം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in