എല്ലാം ഒത്തുവന്നപ്പോള്‍ നായകൻ പിന്മാറി; പ്രതിസന്ധികൾ മറികടന്ന് നല്ല നിലാവുള്ള രാത്രിയുമായി മർഫി ദേവസി
സാന്ദ്രാ തോമസ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം നിർമിക്കുന്ന ചിത്രം. നായികമാരില്ലാത്ത സിനിമ. നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രി ഒരു ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മർഫി ദേവസി
നല്ല നിലാവുള്ള രാത്രി എന്ന സിനിമയെ കുറിച്ച് ...
നല്ല നിലാവുള്ള രാത്രി ഒരു സര്‍വൈവല്‍ ത്രില്ലര്‍ ആണ്. പഴയ കുറച്ച് സുഹൃത്തുക്കളുടെ ഒരു ഒത്തുചേരലും ആഘോഷവും അതിനെ തുടര്‍ന്നുണ്ടാകുന്ന ചില പ്രശ്‌നങ്ങളുമൊക്കെയാണ് ചിത്രം പറയുന്നത്. നന്മ എന്ന് ഞാന്‍ കണ്ടിട്ടുള്ളത് എവിടെയെങ്കിലും എഴുതിവച്ചിരിക്കുന്നതാണ്. അതിനപ്പുറം എല്ലാവരുടെ ഉള്ളിലും അവരുടേതായ നേട്ടങ്ങള്‍ ആഗ്രഹിക്കുന്ന ഒരു മനസുണ്ട്. അത് ഏറ്റവും നന്നായി പറയാനാണ് ശ്രമിച്ചിരിക്കുന്നത്.
ബാബുരാജ്, ബിനു പപ്പു, ചെമ്പന്‍ വിനോദ് ... അവരുടെ ഒരു കോംബോ ...
സത്യത്തില്‍ അതൊരു മനഃപൂര്‍വമായ ശ്രമമായിരുന്നു. ആദ്യസിനിമയില്‍ തന്നെ ഇവരെയൊക്കെ ഡയറക്ട് ചെയ്യുക എന്ന് പറയുന്നത് തന്നെ നല്ലൊരു വൈബ് ആണല്ലോ. അവരെല്ലാവരും നല്ല എക്‌സ്പീരിയന്‍സ് ഉള്ളവരാണ്. നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പറയുമ്പോള്‍ ഈ എട്ട് പേരും ഒരുമിച്ച് നിന്ന് കേള്‍ക്കും, സംശയങ്ങള്‍ ചോദിക്കും, സജഷന്‍സ് പറയും, അതിന് അനുസരിച്ച് ചെയ്യും. ശരിക്കും ഡയറക്ട് ചെയ്യുക എന്നല്ല പറയേണ്ടത്, നമ്മുടെ മനസിലുള്ള സിനിമ അവരിലൂടെ അവതരിപ്പിച്ച് എടുക്കാൻ നമ്മൾ ഗൈഡ് ചെയ്യുന്നു, അത്രേയുള്ളൂ.
ട്രെയിലറിലെ ഇന്‍വൈറ്റിങ് ടു ദ വേള്‍ഡ് ഓഫ് സിനിമാറ്റിക് യൂണിവേഴ്‌സ് ...
നല്ല നിലാവുള്ള രാത്രി ഒരു തുടക്കമാണ്...ഇതിനെ തുടര്‍ന്ന് കുറച്ച് ചിത്രങ്ങള്‍ കൂടി വരും. അങ്ങനെ ഒരു യൂണിവേഴ്‌സ് എന്നൊന്നും പറയാനായിട്ടില്ല. പക്ഷേ കൂടുതല്‍ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്
ട്രെയിലറില്‍ എവിടെയും ഒരു നായിക ഇല്ല ...
സിനിമയില്‍ ഒരു നായികാ കഥാപാത്രം എന്ന് പറയാന്‍ ആരുമില്ല. പ്രധാന കഥാപാത്രങ്ങളുടെ കുടുംബം, ആ പശ്ചാത്തലം, അതൊക്കെയുണ്ട്, പക്ഷേ എടുത്ത് പറയാന്‍ ഒരു നായിക ഇല്ല.
താനാരോ തന്നാരോ ഹിറ്റാണ്...
ഞാനും തിരക്കഥാകൃത്തുകളിലൊരാളായ പ്രഫുല്‍ സുരേഷും കൂടിയാണ് എഴുതിയത്. അത് അങ്ങനെ സംഭവിച്ച് പോയതാണ്. സുഹൃത്തുക്കള്‍ മദ്യപിക്കുമ്പോള്‍ സാധാരണയായി പാടുന്ന ഒരു പാട്ട് എന്ന നിലയിലാണ് താനാരോ തന്നാരോ വരുന്നത്. ആദ്യം സംഗീത സംവിധായകന്‍ കൈലാസിനോട് ഇക്കാര്യം സംസാരിച്ചു. അദ്ദേഹം ഒരാളെ കൊണ്ട് എഴുതിച്ചു. പക്ഷേ അത് ഈ സാഹചര്യത്തിന് ചേരുന്നതല്ലെന്ന് തോന്നി. അങ്ങനെയാണ് പിന്നെ ഞാനും തിരക്കഥാകൃത്തിലൊരാളായ പ്രഫുല്‍ സുരേഷും കൂടി എഴുതാമെന്ന് തീരുമാനിച്ചത്. കൈലാസിന്റെ സംഗീതം കൂടിയായപ്പോൾ പാട്ട് ഹിറ്റായി
സാന്ദ്രാ തോമസിന്‌റെ തിരിച്ച് വരവ് ...
സാന്ദ്രാ തോമസ് എന്‌റെ സുഹൃത്താണ്. കഥ എഴുതി കഴിഞ്ഞപ്പോള്‍ പല നിര്‍മാതാക്കളെയും കണ്ട് കഥ പറയുന്നുണ്ടായിരുന്നു. അതിനിടയില്‍ സിനിമ ചെയ്യാനല്ല, സുഹൃത്തെന്ന നിലയിലാണ് ആദ്യം സാന്ദ്രയോട് കഥ പറഞ്ഞത്. കഴിഞ്ഞ ന്യൂ ഇയറിന് വൈന്‍ കഴിച്ചുകൊണ്ടിരുന്ന സമയത്ത് സാന്ദ്ര എന്നോട് ചോദിച്ചു, ഈ വര്‍ഷം എന്താണ് പ്ലാന്‍ എന്ന്. ഒരു സിനിമ ചെയ്യണം എന്നായിരുന്നു എന്‌റെ മറുപടി. ആ സമയത്ത് സാന്ദ്രയ്ക്കും സിനിമയിലേക്ക് തിരിച്ച് വരാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. അങ്ങനെ ഇത് സംഭവിക്കുകയായിരുന്നു
നല്ല പേരുകൾ ഇല്ലാത്തതാണ് പല സിനിമകളും പരാജയപ്പെടുന്നതിന് ഒരു കാരണമെന്ന വിമർശനം പല കോണിൽ നിന്നും ഉയരുന്നുണ്ടല്ലോ... നല്ല നിലാവുള്ള രാത്രി എന്ന പേരിന് പിന്നിൽ...
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിക്കുന്ന കുറച്ച് കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. അതുകൊണ്ട് തന്നെ ഈ പേരാണ് ഏറ്റവും യോജിക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ് ആ പേര് ഇട്ടത്. പേര് മോശമായത് കൊണ്ടാണ് പല സിനിമകളും പരാജയപ്പെടുന്നത് എന്ന ആരോപണത്തോട് യോജിപ്പില്ല. പത്മരാജന്‌റെ ഏറ്റവും മികച്ച ത്രില്ലറിന്‌റെ പേര് കരിയിലക്കാറ്റുപോലെ എന്നല്ലേ ... സിനിമ നല്ലതാണെങ്കില്‍ ഓടും. മോശമായാല്‍ തിരിച്ചും . അതുമാത്രമാണ് സത്യം .
സ്വപ്‌നത്തിലേക്കുള്ള 11 വര്‍ഷം ...
ആദ്യം ചാനലിലായിരുന്നു. അവിടെ നിന്ന് പരസ്യ രംഗത്തേക്ക് എത്തി. ഇതിനിടയില്‍ പല തവണ സ്വന്തം സിനിമയെന്ന ആഗ്രഹത്തിന്‌റെ തൊട്ട് അടുത്ത് വരെ എത്തി. പലപ്പോഴും പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയി. 2017 ല്‍ എല്ലാം ഒത്തുവന്നപ്പോള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാമെന്നേറ്റ നാല് നടന്‍മാരില്‍ ഒരാള്‍ പെട്ടെന്ന് പിന്‍മാറി. അത് മറ്റൊരു കഥയായിരുന്നു. പിന്നീട് സിനിമ ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞ നിര്‍മാതാവിന്‌റെ ആ ഇടയ്ക്ക് റിലീസ് ആയ ചിത്രം നഷ്ടമായതോടെ അദ്ദേഹം പിന്‍മാറി. അങ്ങനെ മറ്റൊരു ചിത്രവും നടക്കാതെ പോയി. ഒടുവിലാണ് നല്ല നിലാവുള്ള രാത്രിയില്‍ എത്തി നില്‍ക്കുന്നത്
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ...
എന്റെ സിനിമയിൽ ഞാൻ അങ്ങനെ ഒരു പ്രശ്നം നേരിട്ടിട്ടില്ല. സിനിമയുടെ എല്ലാ ഘട്ടങ്ങളിലും എല്ലാവരും നന്നായി സഹകരിച്ചിട്ടുണ്ട്. ഈ സിനിമയിലെ മിക്കവരും തന്നെ സിനിമയിൽ വർഷങ്ങളായി ഉള്ളവരാണ്. എല്ലാവരും സിനിമയ്ക്ക് വേണ്ടി തന്നെയാണ് നിന്നിട്ടുള്ളത്. പലരും പല ഘട്ടത്തിലും എന്നെ സഹായിച്ചിട്ടും ഉണ്ട്.
നല്ല നിലാവുള്ള രാത്രിയുടെ റിലീസ് ...
മെയ് 19 ന് റിലീസ് ചെയ്യണമെന്നാണ് വിചാരിക്കുന്നത്. ആ തീയതി മുന്നില്‍ കണ്ടാണ് മുന്നോട്ട് പോകുന്നത്. എന്‌റെ ആദ്യസിനിമയാണ്. ഒരുപാട് വര്‍ഷങ്ങളുടെ പ്രയത്‌നമാണ്. തീയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ്. ഡയലോഗും തിരക്കഥയുമൊക്കെ വേറെ ഒരു തരത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇനി പ്രേക്ഷകരാണ് വിലയിരുത്തേണ്ടത് .