ജയിലറിലെ വില്ലൻ വേഷത്തിലേക്ക് ആദ്യം വിളിച്ചത് മമ്മൂട്ടിയെ; വില്ലനായി വിനായകനെ നിർദേശിച്ചതും മമ്മൂട്ടി
രജനീകാന്തിന്റെ ജയിലറിലെ വില്ലന്‍ വേഷത്തിലേക്ക് സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ആദ്യം സമീപിച്ചത് സാക്ഷാൽ മമ്മൂട്ടിയെ. ചില കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. പകരം ചിത്രത്തിലെ മികച്ച വില്ലൻ വേഷത്തിലേക്ക് വിനായകനെ നിർദേശിച്ചതും മമ്മൂട്ടി ആണ്
ജയിലറില്‍ അഭിനയിക്കാന്‍ സംവിധായകന്‍ മറ്റൊരു മലയാളി സൂപ്പര്‍താരത്തെ സമീപിച്ചതായി ഓഡിയോ ലോഞ്ചിനിടെ രജനീകാന്തും പറഞ്ഞിരുന്നു. ചിത്രത്തിലെ വിനായകന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ഓഡിയോ ലോഞ്ചിൽ രജനീകാന്ത് പറഞ്ഞത്
1991 ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം 'ദളപതി'യിലെ രജനീകാന്ത്-മമ്മൂട്ടി കൂട്ടുകെട്ട് ആരാധകര്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. എന്നാല്‍ ദളപതിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
ജയിലറില്‍ രജനീകാന്തിനൊപ്പം മോഹന്‍ലാലും എത്തുന്നു എന്നതാണ് മലയാളി ആരാധകരെ ആവേശത്തിലാക്കുന്നത്. രജനികാന്തും മോഹന്‍ലാലും കൂടാതെ, വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തമന്ന, കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവ രാജ്കുമാര്‍, ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, രമ്യാ കൃഷ്ണന്‍, യോഗി ബാബു, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും.