അജിത്തിനോടും ഷാരൂഖിനോടും നോ പറഞ്ഞു; മലയാള സിനിമയിൽ നിർത്തിയത്, രണ്ടാം ഭാവത്തിന്റെ പരാജയം:
രഞ്ജൻ പ്രമോദ്

അജിത്തിനോടും ഷാരൂഖിനോടും നോ പറഞ്ഞു; മലയാള സിനിമയിൽ നിർത്തിയത്, രണ്ടാം ഭാവത്തിന്റെ പരാജയം: രഞ്ജൻ പ്രമോദ്

മീശ മാധവൻ, മനസ്സിനക്കരെ, നരൻ, അച്ചുവിന്റെ അമ്മ, എന്നും എപ്പോഴും, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്
Updated on
3 min read

ജനപ്രിയ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം കണ്ടെത്തിയ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2001-ൽ തിയറ്ററുകളിലെത്തിയ 'രണ്ടാം ഭാവ'ത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച അദ്ദേഹം അജിത്തിനോടും ഷാരൂഖ് ഖാനോടും ചേർന്ന് പ്രവർത്തിക്കാനുളള അവസരങ്ങളോട് നോ പറഞ്ഞ സംവിധായകൻ കൂടിയാണ്.

രണ്ടാം ഭാവത്തിന് മുൻപ് ഒരു തമിഴ് സിനിമയായിരുന്നു മനസിലെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. "യഥാർത്ഥത്തിൽ, അജിത്തിനെയും ജൂഹി ചൗളയെയും വച്ച് മഴൈ വര പോഗുത് എന്ന പേരിൽ തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ അപ്പോഴാണ് ഒരു നീണ്ട സമരം സിനിമാ വ്യവസായത്തെ ബാധിച്ചത്. സിനിമ ഉപേക്ഷിക്കേണ്ടിവന്നു. രണ്ട് വർഷത്തിലേറെയായി ഞാൻ ഈ ചിത്രത്തിനായി പ്രവർത്തിക്കുകയായിരുന്നു, ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അത് നിർത്തിവച്ചു. അത് എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു". പിന്നീട് ലാൽ ജോസുമായുള്ള സൗഹൃദമാണ് തന്നെ എഴുത്തിലേക്ക് എത്തിച്ചതെന്ന് രഞ്ജൻ പറഞ്ഞു. ഒരു എഴുത്തുകാരൻ ആകാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും മലയാള സിനിമയിലേക്ക് വരാൻ പദ്ധതിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി, ബിജു മേനോൻ, തിലകൻ, പൂർണ്ണിമ, ലെന എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ രണ്ടാം ഭാവത്തിന്റെ പരാജയമാണ് തന്നെ മലയാള സിനിമയിൽ പിടിച്ച് നിർത്തിയതെന്ന് രഞ്ജൻ പ്രമോദ് പറഞ്ഞു.'താനും ലാൽ ജോസും ഒരു ഹിറ്റ് നൽകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് മീശ മാധവൻ സംഭവിച്ചത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ മനസിനക്കരെയ്ക്കും തിരക്കഥ എഴുതി'. എന്നാൽ, രണ്ടാം ഭാവം അജിത്തിന് ഇഷ്ടപ്പെട്ടെന്നും തമിഴിലേക്ക് റീമേക്ക് ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചുവെന്നും രഞ്ജൻ വെളിപ്പെടുത്തി. എന്നാൽ ഒരിക്കൽ പരാജയപ്പെട്ട ആ ചിത്രം വീണ്ടും ചെയ്യുന്നതിനാട് താത്പര്യം ഉണ്ടായില്ല. നേരത്തെ ഷാരൂഖ് ഖാനെ വച്ച് സിനിമ ചെയ്യാനുളള അവസരം ഉണ്ടായപ്പോഴും നോ പറയേണ്ടി വന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

മീശ മാധവനിലൂടെ ഇൻഡസ്ട്രി ഹിറ്റ് നൽകിയതിന് പിന്നാലെ മനസിനക്കരെയും അച്ചുവിന്റെ അമ്മയും നരനും പോലുളള വാണിജ്യ സിനിമകൾ പിറന്നു. 2006ൽ തിയേറ്ററുകളിലെത്തിയ ഫോട്ടോഗ്രാഫറിലൂടെയാണ് രഞ്ജൻ പ്രമോദ് സംവിധാന കുപ്പായം അണിയുന്നത്. എന്നാൽ ഫോട്ടോ​ഗ്രാഫർ പതിവ് സിനിമകളുടെ എരിവും പുളിയും ചേർന്നതായിരുന്നില്ല. ഫോട്ടോ​ഗ്രാഫർ ഒരു ഡോക്യുഫിക്ഷൻ പോലെയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ സ്വന്തം നാടിനെ ഞെട്ടിപ്പിച്ച മുത്തങ്ങ സംഭവം രേഖപ്പെടുത്തുന്നതിനാണ് ആ സിനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

"എന്റെ സ്വന്തം മണ്ണിൽ, നമ്മുടെ ആദിവാസികൾക്ക് നേരെ എന്റെ സർക്കാർ തോക്കുകൾ പ്രയോഗിച്ചു. എനിക്കറിയാവുന്നിടത്തോളം ഇത്തരമൊരു സംഭവം ലോകത്ത് ഒരിടത്തും ഉണ്ടായിട്ടില്ല. അത് രേഖപ്പെടുത്താതിരുന്നാൽ ഒരു കലാകാരൻ എന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും എന്റെ ജീവിതത്തിന് ഒരു അർത്ഥവും ഇല്ല എന്ന് എനിക്ക് തോന്നി".

രക്ഷാധികാരി ബൈജു എന്ന ചിത്രത്തിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രം ഒ ബേബി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ, ഫീൽ ഗുഡ്, കോമഡി സിനിമകൾ ചെയ്തുവന്നതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ദിലീഷ് പോത്തനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഒ ബേബി തിയറ്ററുകളിലെത്തിയത്. തന്റെ സിനിമകളുടെ ഏറ്റവും വലിയ വിമർശകൻ താൻ തന്നെയാണ് എന്നാണ് രഞ്ജൻ പ്രമോദ് പറയുന്നത്. അതുകൊണ്ടാണ് ത്രില്ലർ സിനിമയായ ഒ ബേബി പിറന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീണ്ട ഇടവേളയ്ക്ക് ശേഷം, രക്ഷാധികാരി ബൈജു ഹിറ്റായിരുന്നുവെങ്കിലും മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് ആരും സിനിമ ഏറ്റെടുക്കാത്തതിന് കാരണം കോമഡി സിനിമകളുടെ പ്രാദേശിക സ്വഭാവം ആണെന്നും നമ്മുടെ സിനിമകൾ അതിരുകൾ കടക്കണമെങ്കിൽ കോമഡി മറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ കേസിൽ ചാപ്ലിൻ പോലും ഒരു അപവാദമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദ കേരള സ്റ്റോറിയെയും അദ്ദേഹം വിമർശിച്ചു. ദ കേരള സ്റ്റോറി പോലൊരു സിനിമയിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾ വിവേകമുള്ള ആരും ഒരിക്കലും വിശ്വസിക്കില്ല. സിനിമ സമൂഹത്തെ സ്വാധീനിച്ചാലും അത്തരം സ്വാധീനം ഒരുപക്ഷേ കുറച്ച് വോട്ടുകൾക്ക് കാരണമാകും. പക്ഷേ ഇത് ഒരു ഭീഷണിയാണെന്ന് കരുതുന്നില്ലെന്നും സാമാന്യബുദ്ധിയുള്ള ആരും അത് വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in