മോഹന്‍ലാലിനെ ചിലർ ടാര്‍ഗറ്റ് ചെയ്യുന്നു ; വേദനയുണ്ടെന്ന് സംവിധായകൻ ഷാജി കൈലാസ്
മോഹന്‍ലാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുകയാണെന്ന് സംവിധായകൻ ഷാജി കൈലാസ്. എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ പതറിപ്പോവുകയാണെന്നും ഷാജി കൈലാസ് പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പരാമർശം. പ്രത്യേക മാനസികാവസ്ഥയുള്ളവരാണ് ഇത് ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ തൊഴിലാണിതെന്നാണ് തോന്നുന്നത്. അവര്‍ സന്തോഷിക്കുന്നു, ബാക്കിയുള്ളവര്‍ക്ക് വിഷമമുണ്ടെന്നും ഷാജി കൈലാസ് പറയുന്നു.
വിമർശനങ്ങളോട് ഏതെങ്കിലും തരത്തില്‍ പ്രതികരിച്ചാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കും
കാപ്പയ്ക്കും കടുവയ്ക്കും എലോണിനുമെതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. എന്തെങ്കിലും പറഞ്ഞാൽ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറഞ്ഞ് ചിലർ പ്രശ്നമുണ്ടാക്കുമെന്നും ഷാജി കൈലാസ് പറയുന്നു. ഓരോരുത്തർക്കും അവരവരുടെ അഭിപ്രായമുണ്ട്. അവർ വിമർശിച്ചോട്ടെ. പക്ഷേ ഇതെല്ലാം ബാധിക്കുന്നത് സിനിമയ്ക്ക് പുറകിൽ നിൽക്കുന്ന കുടുംബങ്ങളെയാണെന്ന് ഓർക്കണമെന്നും ഷാജി കൈലാസ് പറഞ്ഞു. ഇപ്പോഴത്തെ വിമർശനങ്ങള്‍ ടാർഗറ്റഡ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒടിടിക്കായി എടുത്ത സിനിമയായിരുന്നു എലോണ്‍, നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധമായിരുന്നു തീയേറ്ററിലെത്തിക്കണമെന്നത്
ഷാജി കൈലാസ്
കോവിഡ് പ്രതിസന്ധി നേരിട്ടിരുന്ന കാലത്താണ് എലോണ്‍ ചെയ്യുന്നതെന്ന് ഷാജി കൈലാസ് പറയുന്നു. അതുകൊണ്ടു തന്നെ എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. സിനിമയില്‍ എല്ലാവരും പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ മോഹൻലാല്‍ ഒരുക്കി തന്നൊരു വഴിയായിരുന്നു ആ സിനിമ. അടച്ചിട്ട സ്ഥലത്ത്, കുറച്ചു പേര്‍ മാത്രമുള്ള ക്രൂ വച്ചൊരു സിനിമ. ലൊക്കേഷനിലെ എല്ലാവരും എന്നും ആര്‍ടിപിസിആര്‍ എടുത്തിരുന്നു. ലാലേട്ടൻ ഒഴികെ എല്ലാവരും മാസ്‌ക് വച്ചിരുന്നുവെന്നും ഷാജി കൈലാസ് വ്യക്തമാക്കി. ഒടിടിക്കായി എടുത്ത സിനിമയായിരുന്നു എലോണ്‍ എന്നും നിർമാതാവായ ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധമായിരുന്നു തീയേറ്ററിലെത്തിക്കണം എന്നും അദ്ദേഹം പറഞ്ഞു.
കാപ്പയിലെ ഗുണ്ട ബിനു ട്രോളുകളെ പറ്റിയും ഷാജി കൈലാസ് പ്രതികരിച്ചു. ട്രോളുകള്‍ കണ്ട് ചിരിയാണ് വന്നത്. വിമർശിക്കുന്നവർ സിനിമയെ അതിന്റെ രീതിയില്‍ എടുത്തിട്ടില്ല. ഇവരുടെ മനസില്‍ ഗുണ്ട എന്നാല്‍ തെലുങ്ക് പടത്തില്‍ കാണുന്നത് പോലെയുള്ളവരാണ്. പക്ഷെ എല്ലാ ഗുണ്ടകളും അങ്ങനെല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഇടവേളയ്ക്ക് ശേഷം കടുവ, കാപ്പ, എലോണ്‍ എന്നീ സിനിമകളാണ് ഷാജി കൈലാസിന്റേതായി തീയേറ്ററുകളിലേക്ക് എത്തിയത്. ഇവയില്‍ കടുവ ഭേദപ്പെട്ട വിജയം നേടിയിരുന്നു. എന്നാല്‍ അതേസമയം മൂന്ന് സിനിമകളും കടുത്ത വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.